ഇന്ത്യന്‍ ബാങ്കിംഗ് ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപത്തിന് വഴിതുറന്നുകൊണ്ട് ഐഡിബിഐ ബാങ്ക് കനേഡിയന്‍ നിക്ഷേപകനായ പ്രേം വത്സയുടെ ഫെയര്‍ഫാക്സ് ഹോള്‍ഡിംഗ്സ് സ്വന്തമാക്കുന്നു. ഏകദേശം 5.5 ബില്യണ്‍ ഡോളര്‍ (ഏകദേശം 53,000 കോടി രൂപ) മൂല്യം കണക്കാക്കുന്നതാണ് ഈ ഇടപാട്. ബാങ്കില്‍ നിലവില്‍ 45.48 ശതമാനം ഓഹരി പങ്കാളിത്തമാണ് സര്‍ക്കാരിനുള്ളത്. ഇതില്‍ 30.48 ശതമാനം ഓഹരികളാണ് ഫെയര്‍ഫാക്സിന് കൈമാറുക. ഇതിലൂടെ ഖജനാവിലേക്ക് 26,620 കോടി രൂപ എത്തും. ഐഡിബിഐ ബാങ്കില്‍ 50 ശതമാനത്തിനടുത്ത് ഓഹരി പങ്കാളിത്തമുള്ള എല്‍ഐസി 30.24 ശതമാനം ഓഹരികള്‍ വില്‍ക്കും. ഇതിലൂടെ എല്‍ഐസിക്ക് 26,440 കോടി രൂപ ലഭിക്കും. ഇതോടെ ഫെയര്‍ഫാക്സ് കൈക്കലാക്കുന്ന മൊത്തം ഓഹരി പങ്കാളിത്തം 60.72 ശതമാനമായി ഉയരും. ഈ ഇടപാട് തൃശൂര്‍ ആസ്ഥാനമായുള്ള സിഎസ്ബി ബാങ്കിനെ എങ്ങനെ ബാധിക്കുമെന്ന ചര്‍ച്ചയും നടക്കുന്നുണ്ട്. സിഎസ്ബിയില്‍ ഫെയര്‍ഫാക്സിനുള്ള 40 ശതമാനം ഓഹരികള്‍ ഘട്ടഘട്ടമായി വിറ്റൊഴിഞ്ഞ് പൂര്‍ണ്ണമായും ഒരുപക്ഷേ ഐഡിബിഐ ബാങ്കില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം. ലയനമാണ് നടക്കുന്നതെങ്കില്‍ കേരളത്തിന് ബാങ്കിന്റെ ആസ്ഥാനം നഷ്ടമായേക്കാം. സിഎസ്ബി ബാങ്കിലെ ഓഹരികള്‍ വില്‍ക്കുന്നത് വഴി വന്‍ ലാഭം കൊയ്യാന്‍ ഫെയര്‍ഫാക്സിന് സാധിക്കും.
