സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ എ.ഐ സാങ്കേതികവിദ്യയുടെ സ്വാധീനം വലിയ തോതില്‍ വര്‍ധിച്ചതായി സൈബര്‍മീഡിയ റിസര്‍ച്ചിന്റെ പുതിയ റിപ്പോര്‍ട്ട്. സ്മാര്‍ട്ട്ഫോണ്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ എ.ഐ ഫീച്ചറുകള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നുവെന്നും പഠനം വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് പ്രകാരം, 77 ശതമാനം ഉപഭോക്താക്കളും സ്മാര്‍ട്ട്ഫോണുകളിലെ എ.ഐ-പവേര്‍ഡ് ഫോട്ടോഗ്രാഫി ഫീച്ചറുകള്‍ സജീവമായി ഉപയോഗിക്കുന്നുണ്ട്. കൂടാതെ, 71 ശതമാനം പേര് ആഴ്ചയില്‍ പലതവണ ജനറേറ്റീവ് എ.ഐ ഫീച്ചറുകളുമായി ഇടപഴകുന്നവരാണ്. എ.ഐ ഉപയോഗിക്കുമ്പോള്‍ ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുന്നത് ഡാറ്റാ സുരക്ഷയെക്കുറിച്ചാണ്. ജെന്‍ സിയില്‍ 72 ശതമാനം പേരും അടുത്ത സ്മാര്‍ട്ട്ഫോണ്‍ വാങ്ങുമ്പോള്‍ എ.ഐ ഫീച്ചറുകള്‍ക്ക് മുന്‍ഗണന നല്കുന്നു. ഭാവിയിലെ സ്മാര്‍ട്ട്ഫോണ്‍ തലമുറകളില്‍ എ.ഐ എങ്ങനെ രൂപകല്‍പ്പന ചെയ്യണം, എങ്ങനെ അവതരിപ്പിക്കണം എന്നതിനെ ഈ ഉപഭോക്തൃ പെരുമാറ്റം വലിയ തോതില്‍ സ്വാധീനിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
