സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് പുത്തന്‍ ഉയരത്തിലേക്ക് കത്തിക്കയറി. ഗ്രാമിന് 70 രൂപ വര്‍ദ്ധിച്ച് വില 5,945 രൂപയായി. 560 രൂപ ഉയര്‍ന്ന് 47,560 രൂപയാണ് പവന് വില. രണ്ടും എക്കാലത്തെയും ഉയര്‍ന്ന വിലയാണ്. ഇക്കഴിഞ്ഞ ഡിസംബര്‍ 28ന് രേഖപ്പെടുത്തിയ റെക്കോഡാണ് പഴങ്കഥയായത്. അന്ന് ഗ്രാമിന് 5,890 രൂപയും പവന് 47,120 രൂപയുമായിരുന്നു വില. വെള്ളിയും 18 കാരറ്റ് സ്വര്‍ണവും18 കാരറ്റ് സ്വര്‍ണവിലയും ഇന്ന് പുതിയ ഉയരത്തിലേക്ക് ഇരച്ചുകയറി. ഗ്രാമിന് 60 രൂപ ഉയര്‍ന്ന് 4,935 രൂപയിലാണ് ഇന്ന് കച്ചവടം. ഒരു രൂപ ഉയര്‍ന്ന് വെള്ളിവില 78 രൂപയെന്ന ഉയരത്തിലുമെത്തി. ലോകത്തെ ഏറ്റവും വലിയ സമ്പദ്ശക്തിയായ അമേരിക്കയില്‍ ഇപ്പോള്‍ പണപ്പെരുപ്പം ആശ്വാസനിരക്കിലേക്ക് താഴ്ന്നിട്ടുണ്ട്. ഇത് അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിനെ പ്രതീക്ഷിച്ചതിലും നേരത്തേ തന്നെ അടിസ്ഥാന പലിശനിരക്കുകള്‍ താഴ്ത്താന്‍ നിര്‍ബന്ധിതരാക്കിയേക്കും. ഈ പശ്ചാത്തലത്തില്‍ അമേരിക്കന്‍ ഡോളറിന്റെ മൂല്യവും അമേരിക്കന്‍ സര്‍ക്കാരിന്റെ ട്രഷറി ബോണ്ട് യീല്‍ഡും താഴുകയാണ്. ഫലത്തില്‍, ഇവയില്‍ നിന്ന് പണം പിന്‍വലിച്ച് നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് മാറ്റുകയാണ്. പ്രതിസന്ധികള്‍ അലയടിക്കുമ്പോള്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപം താത്കാലികമായി മാറ്റുന്നത് നിക്ഷേപകരുടെ രീതികളിലൊന്നാണ്. തത്ഫലമായി, സ്വര്‍ണത്തിന് ഡിമാന്‍ഡേറും, വിലയും കൂടും. കഴിഞ്ഞവാരം ഔണ്‍സിന് 2,030 ഡോളറായിരുന്ന രാജ്യാന്തര സ്വര്‍ണവില ഇപ്പോള്‍ 2,115 ഡോളറിലേക്ക് കുതിച്ചെത്തി. ഇത് കേരളത്തിലെ വിലയെയും സ്വാധീനിക്കുകയായിരുന്നു.
സ്വര്‍ണവില പുത്തന്‍ ഉയരത്തില്‍, പവന് 47,560 രൂപ!
