വേനല്‍ച്ചൂടില്‍ ആരും കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഒന്നാണ് കുല്‍ഫി. ശരീരത്തെ തണുപ്പിക്കുന്ന കുല്‍ഫികള്‍ പല വെരൈറ്റികളിലുണ്ട്. രുചിയും ഫ്ളേവറുമെല്ലാം വ്യത്യസ്തമാക്കിയുള്ള കുല്ഫികളുണ്ട്. മലൈ കുല്‍ഫി, പിസ്ത കുല്‍ഫി, മാംഗോ കുല്‍ഫി അങ്ങനെ പലയിനം കുല്‍ഫികള്‍. എന്നാല്‍ സ്വര്‍ണ കുല്‍ഫി കഴിച്ചിട്ടുണ്ടോ? ദേ, ഇതാ ഒരു സ്വര്ണകുല്ഫി കഴിച്ചോളൂ. സ്വര്‍ണത്തില്‍ പൊതിഞ്ഞ കുല്‍ഫി. ഇന്‍ഡോറിലെ ഒരു തട്ടുകടയിലാണ് ‘ഗോള്‍ഡ് കുല്‍ഫി’ വില്‍ക്കുന്നത്. 24 കാരറ്റ് സ്വര്‍ണത്തില്‍ പൊതിഞ്ഞ കുല്ഫിയാണെന്നാണ് പ്രചാരണം. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഇതിന്റെ വീഡിയോ പ്രചരിക്കുന്നത്. കൈയിലും കഴുത്തിലും സ്വര്‍ണ നിറമുള്ള മാലകളും വളകളും അണിഞ്ഞ കടക്കാരന് ഐസ്ക്രീം ഫ്രീസറില്‍ നിന്ന് കുല്‍ഫി പുറത്തെടുത്ത് ഭക്ഷ്യയോഗ്യമായ ഗോള്‍ഡ് ലീഫ് കൊണ്ട് റോള്‍ ചെയ്ത് സ്വര്ണക്കുല്ഫിയാക്കി നല്കുന്നതു വീഡിയോയില്‍ കാണാം. 351 രൂപയാണ് വില. സ്വര്ണക്കുല്ഫി കഴിച്ചാല്‍ സ്വര്ണതാരമാകുമോ എന്നു മുതല്‍ കടക്കാരന് ഡ്യുപ്ലികേറ്റ് സ്വര്‍ണമാണെന്നു വരെ ധാരാളം കമന്റുകളുണ്ട്.
സ്വര്ണക്കുല്ഫി
