കൊച്ചി കലൂർ സ്റ്റേഡിയം പൊതു സമ്മേളനങ്ങൾക്കും അവാർഡ് നിശകൾക്കും വിട്ടുനൽകി വരുമാനം വർധിപ്പിക്കാൻ ജിസിഡിഎ തീരുമാനം. ഒട്ടേറെ അന്താരാഷ്ട്ര കായിക മത്സരങ്ങൾ നടന്നിട്ടുള്ള കലൂർ സ്റ്റേഡിയം ഇപ്പോൾ ഫുട്ബോൾ മത്സരങ്ങൾക്കായി വർഷത്തിൽ അഞ്ച് മാസമാണ് ഉപയോഗിക്കുന്നത്. 35000 കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന സ്റ്റേഡിയം വർഷത്തിൽ പകുതിയിലെറെ സമയവും ഉപയോഗിക്കപ്പെടുന്നില്ല എന്നതാണ് ജിസിഡിഎ ചൂണ്ടിക്കാട്ടുന്നത്. വർഷം മുഴുവൻ ടർഫ് പരിപാലനത്തിനടക്കം ഭീമമായ ചെലവാണ്. ഇത് കണക്കിലെടുത്താണ് പുതിയ തീരുമാനം. സ്റ്റബിലൈസർ സംവിധാനമുള്ള ടർഫ് പ്രൊട്ടക്ഷൻ ടൈലുകൾ സ്ഥാപിക്കാനാണ് പദ്ധതി. ഇത് സൂര്യ രശ്മികൾ കടന്നുപോകാനും പുല്ല് വളരാനും സഹായിക്കും. കായികേതര പരിപാടികൾ നടക്കുമ്പോൾ ഈ ടൈലുകൾ വിരിച്ച് ടർഫ് സംരക്ഷിക്കാനാവും. എട്ട് കോടി രൂപയാണ് ഇതിനായി പുതിയ ബജറ്റിൽ വകയിരുത്തിയത്. എന്നാൽ തീരുമാനത്തിനെതിരെ പൊതുപ്രവർത്തകരും കായികപ്രമികളും രംഗത്തെത്തിയിട്ടുണ്ട്.
കൊച്ചി കലൂർ സ്റ്റേഡിയം കായികേതര പരിപാടികൾക്ക് വിട്ടുനൽകാൻ ജിസിഡിഎ തീരുമാനം
