ആഗോള കത്തോലിക്കാ സഭയുടെ തലവനായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ….!!!
2013 മാർച്ച് 13-നാണ് ഇദ്ദേഹം കത്തോലിക്കാസഭയുടെ 266-ആമത് പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. ശാരീരിക അവശതകൾ മൂലം ബെനഡിക്ട് 16ാമൻ പാപ്പ 2013 ഫെബ്രുവരി 28 ന് രാജിവച്ചതിനെത്തുടർന്നാണ് പുതിയ തെരഞ്ഞെടുപ്പ് നടന്നത്. അർജന്റീനക്കാരനായ ഇദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് ബ്യൂണസ് അയേഴ്സ് രൂപതയുടെ തലവനായിരുന്നു. ഔദ്യോഗിക വസതി ഉപേക്ഷിച്ച് നഗരപ്രാന്തത്തിലെ ചെറിയ അപ്പാർട്ടുമെന്റിലായിരുന്നു ജീവിതം.
പൊതുഗതാഗതസംവിധാനത്തിൽ മാത്രം യാത്രചെയ്യുകയും ഇക്കണോമി ക്ലാസിൽ മാത്രം യാത്രചെയ്യുകയും ചെയ്തിരുന്നു. ഇറ്റലിയിൽ നിന്നു കുടിയേറിയ കുടുംബത്തിൽ പിറന്ന ബെർഗോളിയോ 1282 വർഷത്തിനുശേഷം ആദ്യമായി യൂറോപ്പിനു പുറത്തുനിന്ന് പാപ്പ പദവിയിലെത്തിയ ആളാണ്. ലത്തീൻ അമേരിക്കയിൽ നിന്നും ആദ്യമായി പാപ്പ അകുന്നത് ഇദ്ദേഹമാണ്.
ദക്ഷിണാർദ്ധഗോളത്തിൽ നിന്നുള്ള ആദ്യത്തെ പാപ്പ, ക്രിസ്തീയസന്യാസി സമൂഹമായ ഈശോസഭയിൽ നിന്നുള്ള ആദ്യത്തെ പാപ്പ എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനാണ്. സഭയിൽ പുതിയ മാറ്റങ്ങൾ സ്ഥാനാരോഹണത്തിനു ശേഷം ഉടൻ തന്നെ ഇദ്ദേഹം വരുത്തുകയുണ്ടായി. അതിനാൽ മാറ്റങ്ങളുടെ പാപ്പ എന്ന് മാധ്യമങ്ങൾ ഇദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്. 2025 ഏപ്രിൽ 21-ന് സെൻട്രൽ യൂറോപ്യൻ സമയം രാവിലെ 7:35-ന് വത്തിക്കാനിലെ വസതിയിൽ വച്ച് കാലം ചെയ്തു.
ബ്യൂണസ് അയേഴ്സിൽ ഇറ്റലിയിൽ നിന്നു കുടിയേറിയ ഒരു റെയിൽവേ ജീവനക്കാരൻ മരിയോ ജോസ് ബെഗോളിയോയുറ്റേയും റെജീന മരിയ സിവോരിയയുടേയും അഞ്ചു മക്കളിൽ മൂത്തവനായി ബ്യൂണസ് ഐറിസിന്റെ അയൽപക്കമായ ഫ്ലോറസിൽ ജോർജ്ജ് മരിയോ ബെർഗോഗ്ലിയോ എന്ന പേരിലാണ് 1936ൽ ഡിസംബർ 17ന് ഫ്രാൻസിസ് മാർപ്പാപ്പ ജനിച്ചത്.
വടക്കൻ ഇറ്റാലിയൻ വംശജരുടെ ഒരു കുടുംബത്തിൽ, ബ്യൂണസ് ഐറിസിൽ ജനിച്ച ഒരു വീട്ടമ്മയായിരുന്നു അദ്ദേഹത്തിന്റെ മാതാവ് റെജീന സിവോറി. ബെനിറ്റോ മുസ്സോളിനിയുടെ ഫാസിസ്റ്റ് ഭരണത്തിൽ നിന്ന് രക്ഷപ്പെടാൻ 1929 ൽ മരിയോ ബെർഗോഗ്ലിയോയുടെ കുടുംബം ഇറ്റലി വിട്ടു. പോപ്പിന്റെ ജീവിച്ചിരിക്കുന്ന ഏക സഹോദരയായ മരിയ എലീന ബെർഗോഗ്ലിയോയുടെ അഭിപ്രായത്തിൽ, കുടുംബം സാമ്പത്തിക കാരണങ്ങളാലാണ് കുടിയേറിയത്.ഓസ്കാർ അഡ്രിയാൻ, മാർട്ട റെജീന, ആൽബെർട്ടോ ഹൊറാസിയോ എന്നിവരായിരുന്നു അദ്ദേഹത്തിന്റെ മറ്റ് സഹോദരങ്ങൾ.അദ്ദേഹത്തിന്റെ മരുമകൾ ക്രിസ്റ്റീന ബെർഗോഗ്ലിയോ സ്പെയിനിലെ മാഡ്രിഡിൽ താമസിക്കുന്ന ഒരു ചിത്രകാരിയാണ്.
ആറാം ക്ലാസ്സിൽ, ബെർഗോഗ്ലിയോ ബ്യൂണസ് ഐറീസ് പ്രവിശ്യയിലെ റാമോസ് മെജിയയിലുള്ള ഡോൺ ബോസ്കോയിലെ സലേഷ്യൻമാരുടെ സ്കൂളായ വിൽഫ്രിഡ് ബറോൺ ഡി ലോസ് സാന്റോസ് ഏഞ്ചൽസിൽ പഠനത്തിന് ചേർന്നു. തുടർന്ന് അദ്ദേഹം എസ്ക്യൂല ടെക്നിക്ക ഇൻഡസ്ട്രിയൽ നമ്പർ 27 ഹിപ്പോലിറ്റോ യ്രിഗോയെൻ എന്ന ടെക്നിക്കൽ സെക്കൻഡറി സ്കൂളിൽ ചേരുകയും കെമിക്കൽ ടെക്നീഷ്യന്റെ ഡിപ്ലോമ നേടുകയും ചെയ്തു. ആ യോഗ്യതയിൽ, അദ്ദേഹം ബയോകെമിസ്റ്റും രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന എസ്തർ ബാലെസ്ട്രിനോയുടെ കീഴിൽ ഹിക്കെറ്റിയർ-ബാച്ച്മാൻ ലബോറട്ടറിയിലെ ഭക്ഷണ വിഭാഗത്തിൽ വർഷങ്ങളോളം ജോലി ചെയ്തു.
മുൻകാലത്ത് അദ്ദേഹം ഒരു ബൗൺസറും ജാനിറ്ററും ആയി ജോലി ചെയ്തിരുന്നു. 21 വയസ്സുള്ളപ്പോൾ, ജീവന് ഭീഷണിയായ ന്യുമോണിയയ്ക്കും അണുബാധയ്ക്കും ശേഷം അദ്ദേഹത്തിന് ഒരു ശ്വാസകോശം നഷ്ടമായി.സെമിനാരിയിൽ ചേരുന്നതിനു മുമ്പ് ബ്യൂണസ് ഐറിസ് സർവ്വകലാശാലയിൽ നിന്ന് രസതന്ത്രത്തിൽ ബിരുദാനന്തരബിരുദം നേടി.
ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് 2013 മാർച്ചിൽ നടന്ന പേപ്പൽ കോൺക്ലേവ് രണ്ടാം ദിവസം അഞ്ചാം തവണ വോട്ടിങ്ങിൽ കർദ്ദിനാൾ ബെർഗോളിയോയെ ആഗോളസഭയുടെ മാർപ്പാപ്പയായി തെരഞ്ഞെടുത്തു.2013 മാർച്ച് 19 ന് ഇദ്ദേഹം സ്ഥാനമേറ്റു. സാധാരണ ഞായറാഴ്ചകളിലാണ് മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകൾ നടക്കുന്നത്. എന്നാൽ ഇത്തവണ ചൊവ്വാഴ്ച്ചയാണ് ഇത് നടന്നത്. ആഗോളസഭാ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിന്റെ മരണത്തിരുനാൾ കണക്കിലെടുത്താണ് ഈ മാറ്റം.പുതിയ മാർപ്പാപ്പ വിശുദ്ധ ഫ്രാൻസീസ് അസീസിയോടുള്ള ബഹുമാനാർഥം ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ചു. ഈ പേര് ആദ്യമായിട്ടാണ് ഒരു മാർപ്പാപ്പ ഔദ്യോഗിക നാമമായി സ്വീകരിക്കുന്നത്.
നിലവിൽ തന്റെ മാതൃഭാഷയായ സ്പാനിഷിന് പുറമേ ലത്തീൻ, ഇറ്റാലിയൻ, ജർമ്മൻ, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ പ്രാവീണ്യം നേടിയയാളാണ് മാർപ്പാപ്പ ഫ്രാൻസിസ്.ആഗോള പരിശുദ്ധ കത്തോലിക്കാസഭയുടെ പരമോന്നത പിതാവായി പോപ്പ് ഫ്രാൻസിസ് മാർച്ച് 19 2013-ൽ സ്ഥാനമേറ്റു.വി.ജോസെഫിന്റെ വിശുദ്ധിയെ അനുസ്മരിച്ചുള്ള ചടങ്ങിൽ 27 രാഷ്ട്രതലവന്മാരും 133 രാഷ്ട്രങ്ങളുടെ പ്രധിനിധികളും പങ്കെടുത്തു.അമേരിക്കൻ വൈയ്സ് പ്രസിഡന്റ് ജോ ബൈടെൻ, സിംബാവെ പ്രസിഡന്റ് റോബർട്ട് മുഗാബേ, സ്പൈനിലെ രാജകുമാരൻ, ഓസ്ട്രിയൻ കിരീടാവകാശി തുടങ്ങിയവർ ഇതിൽപ്പെടും.
2025 ഏപ്രിൽ 21 ന് തിങ്കളാഴ്ച, 88 വയസ്സുള്ളപ്പോൾ ഡോമസ് സാങ്റ്റേ മാർത്തേയിലെ തന്റെ വസതിയിൽവച്ച് ഫ്രാൻസിസ് മാർപ്പാപ്പ അന്തരിച്ചു. വത്തിക്കാന്റെ ടിവി ചാനലിലൂടെയും ഒരു വീഡിയോ പ്രസ്താവനയിലൂടെയും കർദ്ദിനാൾ കെവിൻ ഫാരെൽ അദ്ദേഹത്തിന്റെ മരണവിവരം പ്രഖ്യാപിച്ചു.