പാലിലും ബീഫിലും കാണപ്പെടുന്ന ഫുഡ് പ്രോട്ടീനുകള്‍ അല്ലെങ്കില്‍ ഫുഡ് ആന്റിജെനുകള്‍ ചെറുകുടലിലെ ട്യൂമര്‍ വളര്‍ച്ച തടയാന്‍ സഹായിക്കുമെന്ന് പഠനം. ജപ്പാനിലെ ആര്ഐകെഇഎന് സെന്റര്‍ ഫോര്‍ ഇന്റഗ്രേറ്റീവ് മെഡിക്കല്‍ സയന്‍സ് ഗവേഷകരാണ് പഠനത്തിന് പിന്നില്‍. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ ഇത്തരം പ്രോട്ടീനുകള്‍ ചെറുകുടലില്‍ കാന്‍സര്‍ വളര്‍ച്ചയെ തടയുന്നതിന് രോഗപ്രതിരോധ സംവിധാനത്തെ എങ്ങനെ സജീവമാക്കുന്നുവെന്ന് വിശദീകരിക്കുന്നു. മനുഷ്യരിലെ ചെറുകുടലില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള ഫാമിലിയല്‍ അഡിനോമാറ്റസ് പോളിപോസിസ് എന്ന അവസ്ഥയ്ക്ക് സമാനമായ രീതിയില്‍ പരിവര്‍ത്തനപ്പെടുത്തിയ എലികളിലാണ് പഠനം നടത്തിയത്. ഫുഡ് ആന്റിജന്‍ ഫ്രീയായ ഭക്ഷണങ്ങള്‍ നല്കിയ എലികളെക്കാള്‍ ഫുഡ് ആന്റിജന്‍ അടങ്ങിയ ഭക്ഷണം നല്കിയ എലികളുടെ ചെറുകുടല്‍ ട്യൂമറുകളുടെ എണ്ണം കുറവുള്ളതായി കണ്ടെത്തി. എന്നാല്‍ വന്‍ കുടലില്‍ മാറ്റമൊന്നും സംഭവിച്ചില്ലെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു. ബീഫില്‍ കാണപ്പെടുന്ന ആല്ബുമിന് എന്ന പ്രോട്ടീന്‍ ആന്റിജന്‍ ഫ്രീ ഡയറ്റില്‍ ചേര്‍ത്തപ്പോഴും ചെറുകുടലിലെ ട്യൂമറുകളുടെ വളര്‍ച്ച കുറയുന്നതായി കണ്ടെത്തിയതായി ഫ്രോണ്ടിയേഴ്സ് ഇന്‍ ഇമ്മ്യൂണോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഭക്ഷണത്തിന്റെ പോഷകമൂല്യമല്ല, ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന ആന്റിജനുകളുടെ സാന്നിധ്യമാണ് കാന്‍സര്‍ സാധ്യത കുറയ്ക്കുന്നതെന്നതെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. കൂടാതെ ആന്റിജന്‍ ഫ്രീ ഡയറ്റ് കഴിക്കുന്ന എലികളെ അപേക്ഷിച്ച് ഫുഡ് ആന്റിജനുകള്‍ കഴിക്കുന്ന എലികളില്‍ രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുന്ന ടി-സെല്ലുകളുടെ പ്രവര്‍ത്തനം ശക്തമായെന്നും ഗവേഷകര്‍ പറയുന്നു.
പാലിലും ബീഫിലുമുള്ള ഫുഡ് ആന്റിജെനുകള്‍ ട്യൂമര്‍ വളര്‍ച്ച തടയും
