ആലുവ ആസ്ഥാനമായ ഫെഡറല്‍ ബാങ്ക് മൂന്നാം പാദ (ഒക്ടോബര്‍-ഡിസംബര്‍) ഫലങ്ങള്‍ പ്രഖ്യാപിച്ചു. അറ്റ പലിശ വരുമാനം ഉള്‍പ്പെടെ ബാങ്കിന്റെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വരുമാനം നേടാനായെങ്കിലും ലാഭത്തില്‍ ഇടിവ് രേഖപ്പെടുത്തി. 2024 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ഫെഡറല്‍ ബാങ്കിന്റെ മൊത്തം വരുമാനം 7,725 കോടി രൂപ എന്ന റെക്കോഡ് തൊട്ടു. 17.17% എന്ന മെച്ചപ്പെട്ട വാര്‍ഷിക വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. 2,431 കോടി രൂപയാണ് അറ്റ പലിശ വരുമാനം. ലാഭം 955 കോടി രൂപയായി കുറഞ്ഞു. മുന്‍ പാദത്തിത്തെ ലാഭവുമായി നോക്കുമ്പോള്‍ ഏകദേശം 10 ശതമാനത്തോളം കുറവ്. ലാഭ മാര്‍ജിനും മൂന്ന് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 12.37 ശതമാനത്തിലേക്കെത്തി. കിട്ടാക്കടം വര്‍ധിക്കുന്നുവെന്ന ആശങ്കകള്‍ക്കിടയിലും മൊത്ത നിഷ്ക്രിയ ആസ്തികള്‍ 1.95 ശതമാനമായും അറ്റ നിഷ്ക്രിയ ആസ്തികള്‍ 0.49 ശതമാനമായും മെച്ചപ്പെട്ടു. ബാങ്കിന്റെ ആസ്തി നിലവാരം ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും മികച്ച നിലയില്‍ എത്തിയിട്ടുണ്ട്. 2024 ഡിസംബര്‍ 31 വരെയുള്ള കണക്കനുസരിച്ച്, ബാങ്കിന്റെ മൊത്തം ബിസിനസ് 4,96,745 കോടി രൂപയായി. ഇതില്‍ 2,66,375 കോടിരൂപ നിക്ഷേപവും 2,30,370 കോടി മൊത്ത വായ്പകളുമാണ്.
ഫെഡറല്‍ ബാങ്ക് മൂന്നാം പാദത്തില്‍ ലാഭത്തില്‍ ഇടിവ്
