ദില്ലി: എഫ്സിആർഎ നിയമഭേദഗതി ബില്ലിന്മേൽ നാളെ ലോക്സഭയിൽ ചർച്ച. തെരഞ്ഞെടുപ്പ് പ്രചാരണം നിർത്തി കേരളത്തിലെ എംപിമാർ ദില്ലിയിലെത്തി വിഷയത്തിൽ ഇടപെടണമെന്ന് സിബിസിഐ നിലപാട് വ്യക്തമാക്കി. ബിൽ ആർക്കും എതിരല്ലെന്നും വിദേശഫണ്ടുകൾ ദുരുപയോഗം ചെയ്യാതിരിക്കാനുള്ള ലളിത നടപടിയാണെന്നുമുള്ള കേന്ദ്രസർക്കാർ വാദം സഭാ നേതൃത്വങ്ങൾ തള്ളി. ലോക്സഭയിൽ ഈമാസം 25ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായ് അവതരിപ്പിച്ച ബില്ലിൻമേൽ നാളെ ചർച്ച നടത്തി പാസാക്കാനാണ് നീക്കം. ബിൽ ആർക്കും എതിരല്ലെന്നും എല്ലാവരുമായും ചർച്ച നടത്തിയ ശേഷമാണ് പാർലമെന്റിൽ നടപടികൾ തുടങ്ങിയതെന്നുമാണ് കേന്ദ്രമന്ത്രി കിരൺ റിജിജു ഇന്നും ന്യായീകരിച്ചത്. നടപടിയെ കേന്ദ്രമന്ത്രി ജോർജ് കുര്യനും ന്യായീകരിച്ചു. എന്നാൽ രണ്ടു വാദങ്ങളും ക്രൈസ്തവ സഭകൾ തള്ളി. സഭാ നേതാക്കളുമായി ആരും ചർച്ച നടത്തിയിട്ടില്ലെന്നും സിബിസിഐ വ്യക്തമാക്കി.
