ആലപ്പുഴയിലെ സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട ലഹരിക്കടത്തില്‍ രണ്ട് പേര്‍ക്കെതിരെ കൂടി സിപിഎം നടപടി.വിജയകൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയപ്പോൾ, സിനാഫിനെ ഒരു വര്‍ഷത്തേക്ക് സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ഓഗസ്റ്റിൽ 45 ലക്ഷം രൂപയുടെ ലഹരി വസ്തുക്കൾ കടത്തിയ കേസിലാണ് നടപടി. വിജയകൃഷ്ണൻ കേസിലെ പ്രതിയാണ്. പ്രതിക്കായി ജാമ്യം നിന്നുവെന്നതാണ് സിനാഫിനെതിരെ പാര്‍ട്ടി ചുമത്തിയ കുറ്റം. ഇതേ കേസിലെ പ്രതിയായ ഇജാസിനെ കൗൺസിലർ ഷാനവാസിന്റെ ലോറിയില്‍ ലഹരികടത്തിയതിന് പാര്‍ട്ടി നേരത്തെ പുറത്താക്കിരുന്നു. ലഹരിക്കടത്ത് കേസുകളില്‍ കടുത്ത പ്രതിരോധത്തിലായ സിപിഎമ്മിൽ ശുദ്ധീകരണപ്രക്രിയ തുടരുകയാണെന്ന് വ്യക്തമാക്കുന്നതാണ് ഈ നടപടി. കഴിഞ്ഞ ഓഗസ്റ്റ് 25 നാണ് പച്ചക്കറിക്കുള്ളിൽ വെച്ച് കടത്തുകയായിരുന്ന 45 ലക്ഷം രൂപയുടെ ലഹരിവസ്തുക്കള്‍ ആലപ്പുഴയിലെ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടിയത്. വാഹനത്തിലുണ്ടായിരുന്നത് മലപ്പുറം സ്വദേശികളായ ഫെബിനും സജുവുമായിരുന്നു. പിന്നീട് ആലപ്പുഴ സൗത്ത് പൊലീസ് പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സിപിഎം നേതാക്കളാണ് ലഹരിക്കടത്തിന് പിന്നിലെ പ്രധാന പ്രതികളെന്ന് മനസ്സിലായത്.
ലഹരിക്കടത്ത് : ആലപ്പുഴയിൽ സിപിഎം അംഗത്തെ പുറത്താക്കി
