ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഹോളിവുഡിലെ ഏറ്റവും വലിയ ആക്ഷന്‍ ഫ്രാഞ്ചൈസിയായ ‘ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്റെ’ ഭാഗമാകുന്നു. പരമ്പരയുടെ അവസാന ചിത്രമായി കണക്കാക്കപ്പെടുന്ന ‘ഫാസ്റ്റ് എക്സ്: പാര്‍ട്ട് 2’ ന്റെ സെറ്റിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. ടൈറീസ് ഗിബ്സണ് ആണ് ചിത്രം പങ്കുവെച്ചത്. ‘കുടുംബത്തിലേക്ക് സ്വാഗതം’, എന്നാണ് റൊണാള്‍ഡോയ്ക്കൊപ്പമുള്ള സെല്‍ഫി പങ്കുവെച്ച് ഗിബ്സണ് കുറിച്ചത്. 2027 ഏപ്രിലില്‍ പുറത്തിറങ്ങുന്ന ചിത്രത്തെ സംബന്ധിച്ച അപ്ഡേറ്റ് ഫുട്ബോള്‍ ആരാധകരെയും സിനിമാപ്രേമികളെയും ഒരുപോലെ ആവേശത്തിലാഴ്ത്തി. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സിനിമകളിലെ താരവും നിര്‍മാതാവുമായ വിന് ഡീസലാണ് റൊണാള്‍ഡോ ചിത്രത്തിലുണ്ടാകുമെന്ന് ആദ്യസൂചന നല്‍കിയത്. ചിത്രത്തില്‍ റൊണാള്‍ഡോയ്ക്കായുള്ള വേഷം എഴുതിയിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് പരമ്പരയിലെ 11-ാമത് ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്. 2027 ഏപ്രിലിലാണ് ചിത്രം പുറത്തിറങ്ങുക. പരമ്പരയിലെ അവസാനത്തെ ചിത്രമാകും ഇത്.
