കേരള ബോക്സ് ഓഫിസില്‍ നിന്നും 100 കോടി ഗ്രോസ് കലക്ഷനുമായി മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രം തുടരും. റിലീസ് ചെയ്ത് 13 ദിവസംകൊണ്ടാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. നിര്‍മാതാക്കളായ രജപുത്രയാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. കേരളത്തില്‍ നിന്ന് മാത്രം 100 കോടി ഗ്രോസ് നേടുന്ന ആദ്യ ചിത്രവും തുടരും ആണ്. അതേസമയം ആഗോള കലക്ഷനില്‍ ‘2018’ന്റെ കലക്ഷന്‍ റെക്കോര്‍ഡ് തകര്‍ത്ത് ഏറ്റവുമധികം കലക്ഷന്‍ നേടുന്ന മൂന്നാമത്തെ മലയാള സിനിമയായും ‘തുടരും’ മാറി. എമ്പുരാന് ആണ് ഇതില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാമത് മഞ്ഞുമ്മല്‍ ബോയ്സും. 178 കോടിയാണ് ‘തുടരും’ ആഗോള കലക്ഷനില്‍ ഇതുവരെ വാരിയത്. ചിത്രം ആറാം ദിവസം നൂറു കോടി ക്ലബ്ബിലെത്തിയിരുന്നു. പുലിമുരുകന്, ലൂസിഫര്‍, എമ്പുരാന് എന്നീ സിനിമകള്‍ക്കുശേഷം നൂറു കോടി ക്ലബ്ബിലെത്തുന്ന നാലാമത്തെ മോഹന്‍ലാല്‍ ചിത്രമാണ് ‘തുടരും’. മൂന്ന് ദിവസം കൊണ്ട് 69 കോടിയാണ് ചിത്രം ആഗോള കലക്ഷനായി വാരിയത്.
100 കോടി ഗ്രോസ് കലക്ഷനുമായി ‘തുടരും’
