സാധാരണക്കാരിൽ നിന്നും അകന്ന് പോകുന്നതാണ് ഇന്ന് കോൺഗ്രസിനുണ്ടായ പിന്നാക്കാവസ്ഥയ്ക്ക് കാരണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പ്രത്യയ ശാസ്ത്രമൂന്നും നോക്കിയല്ല ആരും ഇപ്പോൾ രാഷ്ട്രീയം തെരഞ്ഞെടുക്കുന്നത്.സഹായിക്കുന്നവർക്കൊപ്പം നിൽക്കുക മാത്രമാണ് ആളുകൾ സ്വീകരിക്കുന്ന നയം. അതിനാൽ സാധാരണക്കാർക്കൊപ്പം ചേർന്ന് ഇളക്കണം. പൊതു പ്രശനങ്ങളിൽ ഇടപെടണം. അല്ലേങ്കിൽ ജനങ്ങൾ തള്ളിക്കളയും.. നേതാക്കളുടെ ചിന്തകൾ മാറണമെന്നും പുതിയ ചിന്തകളും മുഖവും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഡിസിസി ഓഫീസിന്റെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു കെപിസിസി അധ്യക്ഷൻ. താരീഖ് അൻവർ, രമേശ് ചെന്നിത്തല, എംകെ രാഘവൻ, കെ മുരളീധരൻ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. കേരളത്തിലെ കോൺഗ്രസ് മികച്ച സംഘടന പ്രവർത്തനം ആണ് നടത്തുന്നതെന്ന് ചടങ്ങിൽ താരീഖ് അൻവർ പറഞ്ഞു. രാജ്യം വളരെ സങ്കീർണമായ രാഷ്ട്രീയ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വലിയ വിജയമാണെന്നും താരിഖ് അൻവർ പറഞ്ഞു.
സാധാരണക്കാരിൽ നിന്നും അകന്ന് പോകുന്നതാണ് കോൺഗ്രസ്സിന്റെ പിന്നാക്കാവസ്ഥയ്ക്ക് കാരണം; കെ സുധാകരൻ
