നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ ത്രിപുരയില്‍ തുടങ്ങിയ സംഘർഷത്തിൽ വിവിധയിടങ്ങളില്‍ നടന്ന ബിജെപി – സിപിഎം – കോണ്‍ഗ്രസ് സംഘർഷങ്ങളില്‍ ഇത് വരെ നൂറ് പേര്‍ക്ക് പരിക്കേറ്റു. അതേസമയം, ബഗൻബസാറിലെ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തിൽ ബിജെപി പഞ്ചായത്തംഗത്തെ അറസ്റ്റ് ചെയ്തു. ഈ മാസം പതിനാറാം തീയതി നടന്ന വോട്ടെടുപ്പിന് തലേദിവസം രാത്രിയാണ് ത്രിപുരയില്‍ പലയിടത്തും സംഘർഷം തുടങ്ങിയത്. വോട്ടെടുപ്പ് ദിവസവും വിവിധയിടങ്ങളില്‍ ബിജെപി – സിപിഎം – കോണ്‍ഗ്രസ് പ്രവർത്തകർ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇത് വരെ ഇരുപതിലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബഗാൻ ബസാറിലെ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തോടെ സംസ്ഥാനത്തെ സംഘർഷ സാഹചര്യം വർധിച്ചു. ബിജെപി പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നാണ് കുടുബത്തിന്റെ ആരോപണം. പ്രവർത്തകന്റെ മൃതദേഹം വിട്ട് തരുന്നില്ലെന്ന് ആരോപിച്ച് ഇന്നലെ സിപിഎം കോണ്‍ഗ്രസ് പ്രവർത്തകർ ജിബിപി- അഗർത്തല റോഡ് ഉപരോധിച്ചു. പ്രതിഷേധത്തിനൊടുവിൽ പൊലീസ് മൃതദേഹം വിട്ട് നല്കി.
ത്രിപുരയില്‍ സംഘർഷം തുടരുന്നു
