പീനട്ട് ബട്ടറില്‍ ഉയര്‍ന്ന അളവില്‍ കലോറി അടങ്ങിയിട്ടുള്ളതിനാല്‍ ശരീരഭാരം കൂട്ടുന്നതിന് ഇടയാക്കുമെന്നാണ് പൊതുവെ പറയുന്നത്. വളരെ കുറഞ്ഞ അളവില്‍ കഴിച്ചാല്‍ പോലും ഇതില്‍ നിന്ന് ഉയര്‍ന്ന അളവില്‍ കലോറി ലഭിക്കുന്നു. ഏകദേശം രണ്ട് ടേബിള്‍സ്പൂണ്‍ പീനട്ട് ബട്ടറില്‍ നിന്ന് 180 മുതല്‍ 200 വരെ കലോറി ലഭിച്ചേക്കാം. പീനട്ട് ബട്ടറിന്റെ ഏറ്റവും വലിയ ഗുണങ്ങളിലൊന്ന് അതിലെ കൊഴുപ്പിന്റെ അംശമാണ്. നിലക്കടലയില്‍ പ്രധാനമായും മോണോഅണ്‍സാച്ചുറേറ്റഡ്, പോളിഅണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ ഉള്‍പ്പെടെയുള്ള അണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകളാണ് അടങ്ങിയിരിക്കുന്നത്. സമീകൃതാഹാരത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്താവുന്ന ഇവ ഊര്‍ജ്ജത്തിന്റെ മികച്ച ഉറവിടമാണ്. പ്രോട്ടീനെയോ കാര്‍ബോഹൈഡ്രേറ്റിനെയോ അപേക്ഷിച്ച് ഗ്രാമിന് കൂടുതല്‍ കലോറി നല്‍കുന്നത് കൊഴുപ്പായതിനാല്‍, മിതമായ അളവില്‍ പീനട്ട് ബട്ടര്‍ കഴിക്കുന്നത് കലോറി ഉപഭോഗം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഇതില്‍ പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. പീനട്ട് ബട്ടറിലെ പ്രോട്ടീനും നാരുകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നതും താഴുന്നതും തടയുന്നു. ഇത് ദീര്‍ഘനേരം വയര്‍ നിറഞ്ഞതായി തോന്നിക്കാനും അമിതമായി ആഹാരം കഴിക്കുന്നത് ഒഴിവാക്കാനും സഹായിക്കും. കൃത്യമായ അളവില്‍ കഴിച്ചാല്‍ പീനട്ട് ബട്ടര്‍ ശരീരഭാരം കൂടില്ലെന്നും വിദഗ്ധര്‍ പറയുന്നു. ഒരു ദിവസം 1-2 ടേബിള്‍ സ്പൂണ്‍ എന്ന അളവില്‍ മാത്രം ഇത് പരിമിതപ്പെടുത്തുക. പീനട്ട് ബട്ടര്‍ മാത്രമായി കഴിക്കുന്നതിനേക്കാള്‍ നല്ലത് ആപ്പിള്‍ കഷ്ണങ്ങള്‍, ഉണങ്ങിയ മുന്തിരി, അല്ലെങ്കില്‍ ഹോള്‍-ഗ്രെയ്ന്‍ ബ്രെഡ് എന്നിവയ്‌ക്കൊപ്പം കഴിക്കുന്നതാണ് നല്ലത്.
