ഇന്ത്യന്‍ മൂലധന വിപണി കാത്തിരുന്ന ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് വഴിതുറന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ടെലികോം വിഭാഗമായ ജിയോ പ്ലാറ്റ്‌ഫോംസിന്റെ 37,000 കോടി രൂപയുടെ ഐ.പി.ഒയ്ക്ക് പ്രൊമോട്ടര്‍മാരും റെഗുലേറ്ററായ സെബിയും അനുമതി നല്‍കി. ഓഹരി വിപണി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഐ.പി.ഒകളില്‍ ഒന്നായിരിക്കും ഇത്. നിലവിലെ വിവരമനുസരിച്ച്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് 10 ശതമാനത്തോളം ഓഹരികളാണ് വിപണിയില്‍ വിറ്റഴിക്കുക. പ്രൊമോട്ടര്‍മാരുടെ ഓഫര്‍ ഫോര്‍ സെയില്‍, പുതിയ ഓഹരികളുടെ ഇഷ്യൂ എന്നിവ ഉള്‍പ്പെടുന്നതായിരിക്കും പബ്ലിക് ഓഫര്‍. ഐ.പി.ഒ പൂര്‍ത്തിയാകുന്നതോടെ ജിയോയുടെ വിപണി മൂല്യം 100 ബില്യണ്‍ ഡോളര്‍ (ഏകദേശം 8.3 ലക്ഷം കോടി രൂപ) കടക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. 47 കോടിയിലധികം വരിക്കാരുള്ള ജിയോ, നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവന ദാതാക്കളാണ്.
