പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യയുടെ 2 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍. ഓഫര്‍ ഫോര്‍ സെയില്‍ വഴി നടക്കുന്ന ഈ വില്‍പനയിലൂടെ 5,000 കോടി രൂപയിലധികം സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഓഹരി വില്‍പനയ്ക്കായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഫ്‌ലോര്‍ പ്രൈസ് 412 രൂപയാണ്. ആകെ 12.32 കോടി ഓഹരികളാണ് വില്‍പനയ്ക്കായി സജ്ജമാക്കിയിരിക്കുന്നത്. ഇതില്‍ 1 ശതമാനം ഓഹരികള്‍ (6.16 കോടി) അടിസ്ഥാന ഓഫറായും, ബാക്കി 1 ശതമാനം ഓവര്‍സബ്സ്‌ക്രിപ്ഷന്‍ ഓപ്ഷനായും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2026 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് കമ്പനിയുടെ 63 ശതമാനത്തിലധികം ഓഹരികളും സര്‍ക്കാരിന്റെ കൈവശമാണ്. മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ അറ്റാദായം 12 ശതമാനം വര്‍ദ്ധിച്ച് 10,908 കോടി രൂപയായി ഉയര്‍ന്നു. പ്രവര്‍ത്തന വരുമാനം 6 ശതമാനം വര്‍ദ്ധനവോടെ 46,490 കോടി രൂപയിലെത്തി. നിലവില്‍ 2.7 ലക്ഷം കോടി രൂപയുടെ വിപണി മൂലധനമാണ് കമ്പനിക്കുള്ളത്.
