അമേരിക്കയുമായി കടുത്ത എഐ മത്സരം തുടരുന്നതിനിടയില്‍, രാജ്യത്തെ പ്രമുഖ എഐ വിദഗ്ധര്‍ക്ക് വിദേശയാത്രയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ചൈന. ആലിബാബ, ഡീപ്സീക് പോലുള്ള സ്വകാര്യ കമ്പനികളിലെ പ്രധാന എഐ ഗവേഷകര്‍, സ്റ്റാര്‍ട്ടപ് സ്ഥാപകര്‍, മുതിര്‍ന്ന എക്‌സിക്യൂട്ടീവുകള്‍ എന്നിവര്‍ ഇനി വിദേശത്തേക്ക് പോകാന്‍ മുന്‍കൂര്‍ സര്‍ക്കാര്‍ അനുമതി തേടണം. ചൈനയുടെ എഐ തന്ത്രത്തില്‍ നിര്‍ണായക പങ്കുള്ളവരെയാണ് നിയന്ത്രണ പരിധിയില്‍ കൊണ്ടുവന്നിരിക്കുന്നത്. അമേരിക്കന്‍ സാങ്കേതിക നിയന്ത്രണങ്ങളും ചിപ്പ് വിലക്കുകളും കടുപ്പിക്കുന്ന സാഹചര്യത്തില്‍, രാജ്യത്തിന്റെ എഐ ശേഷി സംരക്ഷിക്കാനും സാങ്കേതിക ചോര്‍ച്ച തടയാനുമാണ് നീക്കമെന്നാണ് വിലയിരുത്തല്‍. 2030ഓടെ ആഗോള എഐ ശക്തിയാകുക എന്നതാണ് ചൈനയുടെ പ്രഖ്യാപിത ലക്ഷ്യം. അതിനായി ചിപ്പ് നിര്‍മാണം, ഡാറ്റാ സെന്ററുകള്‍, എഐ ഇന്‍ഫ്രാസ്ട്രക്ചര്‍, ഗവേഷണം, ടാലന്റ് വികസനം എന്നിവയില്‍ രാജ്യം വന്‍ നിക്ഷേപമാണ് നടത്തുന്നത്.
