ഊര്‍ജ്ജത്തിന് കാര്‍ബോഹൈഡ്രേറ്റുകള്‍ പ്രധാനമാണെങ്കിലും അമിതമായ അളവില്‍ ഇവ കഴിക്കുന്നത് ആരോഗ്യത്തിന് ഒട്ടും നന്നല്ല. ചോറ്, ബ്രെഡ് പോലുള്ള ലളിതമായ കാര്‍ബോഹൈഡ്രേറ്റുകള്‍ വേഗത്തില്‍ ദഹിക്കുകയും, രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുകയും, തുടര്‍ന്ന് പെട്ടെന്ന് വിശക്കാനും ഇടയാക്കുമെന്നാണ് ന്യൂട്രീഷ്യന്മാര് പറയുന്നത്. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ പെട്ടെന്ന് ഊര്‍ജം തോന്നുമെങ്കിലും, അവ പെട്ടെന്ന് അണയുകയും നിങ്ങള്‍ക്ക് കൂടുതല്‍ ക്ഷീണം തോന്നുകയും ചെയ്യും. നിങ്ങളുടെ രക്തത്തിലെ പഞ്ചസാര വളരെ വേഗത്തില്‍ കുതിച്ചുയരുകയും കുറയുകയും ചെയ്യുമ്പോള്‍, നിങ്ങളുടെ ഊര്‍ജ്ജം കുറയുന്നു. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് പെട്ടെന്ന് ശരീരഭാരം കൂട്ടൂം. ഈ കാര്‍ബോ കൊഴുപ്പായി ശരീരത്തില്‍ അടിയുകയും കുടവയറിനുള്ള സാധ്യത കൂടുകയും ചെയ്യുന്നു. നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാനും ഇത് കാരണമാകും. സംസ്കരിച്ച കാര്‍ബോഹൈഡ്രേറ്റുകളും പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും കൂടുതലായി കഴിക്കുന്നത് ഇന്‍സുലിന്‍ അളവ് വര്‍ദ്ധിപ്പിക്കുകയും ഹോര്‍മോണുകളെ ബാധിക്കുകയും മുഖക്കുരു പോലെയുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് തകരാറിലാക്കുക മാത്രമല്ല, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, ഉത്കണ്ഠ, ദേഷ്യം എന്നിവയ്ക്കും കാരണമാകും. അതിനാല്‍ ഡയറ്റില്‍ നിന്നും കാര്‍ബോഹൈഡ്രേറ്റുകളുടെ ഉപയോഗം പരമാവധി ഒഴിവാക്കുക.
അമിതമായാല്‍ കാര്‍ബോഹൈഡ്രേറ്റും അപകടം!
