kifbi 5

എന്‍ഫോഴ്സമെന്റിനെതിരേ നിയമയുദ്ധം. കിഫ്ബിക്കെതിരായ എന്‍ഫോഴ്സ്മെന്റ് അന്വേഷണത്തിനെതിരെ ധനമന്ത്രി തോമസ് ഐസകും അഞ്ച് എംഎല്‍എമാരും കേരള ഹൈക്കോടതിയെ സമീപിച്ചു. ഇന്നു ഹാജരാകണമെന്ന് ആവശ്യപ്പെട്ട എന്‍ഫോഴ്സ്മെന്റിന്റെ നടപടികള്‍ വിലക്കണമെന്നാണ് തോമസ് ഐസകിന്റെ ഹര്‍ജിയിലെ വാദം. മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ, എം.എല്‍ എ മാരായ ഐബി സതീഷ്, എം. മുകേഷ്, മുന്‍ മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. മസാല ബോണ്ട് വഴി പണം സമാഹരിച്ച് നടത്തുന്ന 73,000 കോടി രൂപയുടെ വികസന പദ്ധതികളെ തകര്‍ക്കാന്‍ ഇഡി ശ്രമിക്കുന്നുവെന്നാണ് ഹര്‍ജിയിലെ ആരോപണം. ഹര്‍ജികള്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് ഇന്നു പരിഗണിക്കും.

മുന്‍ ധനമന്ത്രി തോമസ് ഐസക് ഇന്നും എന്‍ഫോഴ്സ്മെന്റിനു മുന്നില്‍ ഹാജരാകില്ല. ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ടാം തവണ നല്‍കിയ നോട്ടീസിനു തോമസ് ഐസക് മറുപടി നല്‍കിയിട്ടുണ്ട്. താന്‍ ചെയ്ത കുറ്റമെന്തെന്നു നോട്ടീസില്‍ വ്യക്തമാക്കാത്തതിനാല്‍ ഹാജരാകുന്നില്ലെന്നാണ് തോമസ് ഐസകിന്റെ മറുപടി. അതേസമയം കുറ്റം വെളിപ്പെടുത്താതെ ചോദ്യം ചെയ്യാനുള്ള അധികാരം എന്‍ഫോഴ്സ്മെന്റിനുണ്ടെന്ന് സുപ്രീം കോടതി ഈയിടെ ഉത്തരവിട്ടിരുന്നു.

ബഫര്‍ സോണ്‍ പരിധിയില്‍നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി. ജനവാസ മേഖലയെ ഒഴിവാക്കാന്‍ വനംവകുപ്പിനെ ചുമതലപ്പെടുത്തിയാണ് പുതിയ ഉത്തരവ്. സുപ്രീംകോടതിയെ സമീപിക്കുന്നതിന് മുന്നോടിയായാണ് ഇങ്ങനെ ഉത്തരവിറക്കിയത്. അതേസമയം, വനത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍സോണാക്കിക്കൊണ്ടുള്ള 2019 ലെ ഉത്തരവ് പിന്‍വലിച്ചിട്ടില്ല.

ഗവര്‍ണര്‍ ഒപ്പിടാത്തതുമൂലം റദ്ദായ ഓര്‍ഡിനന്‍സുകള്‍ നിയമമാക്കാന്‍ ഈ മാസം 22 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെ നിയമസഭ ചേരും. സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. ഒപ്പിടാതെ പിടിച്ചുവച്ച ലോകായുക്ത ഭേദഗതി ഉള്‍പ്പെടെയുള്ള ഓര്‍ഡിനന്‍സുകള്‍ ഗവര്‍ണര്‍ സര്‍ക്കാരിനു മടക്കിയയച്ചു.

ആഭ്യന്തര വിമാന ടിക്കറ്റുകളുടെ നിരക്ക് വിമാന കമ്പനികള്‍ക്കു സ്വതന്ത്രമായി നിശ്ചയിക്കാം. സര്‍ക്കാര്‍ നിയന്ത്രണം ഈ മാസത്തോടെ ഒഴിവാക്കും. വിമാന കമ്പനികളുടെ ആവര്‍ത്തിച്ചുള്ള ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി.

എംജി സര്‍വകലാശാല ഇന്നു നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. പുതിയ തീയതി പിന്നീട്.

മൈസൂരുവിലെ നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുവന്ന് നിലമ്പൂരില്‍ തടവില്‍ പാര്‍പ്പിച്ചു കൊലപ്പെടുത്തി ചാലിയാര്‍ പുഴയില്‍ തള്ളിയ കേസില്‍ മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ കീഴടങ്ങി. പ്രതി ഷൈബിന്‍ അഷ്റഫിന്റെ സഹായി റിട്ടയേര്‍ഡ് എസ് ഐ സുന്ദരന്‍ സുകുമാരനാണ് തൊടുപുഴ മുട്ടം കോടതിയില്‍ കീഴടങ്ങിയത്. മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്റെ ബിസിനസ് പങ്കാളി ഹാരിസിന്റെ മൃതദേഹം ഇന്നു റീ-പോസ്റ്റ്മോര്‍ട്ടം നടത്തും. ഹാരിസിനെ ഷൈബിന്‍ അഷ്റഫ് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ട സാഹചര്യത്തിലാണ് കോടതി ഉത്തരവനുസരിച്ച് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തുന്നത്.

എകെജി സെന്റര്‍ ആക്രമണത്തില്‍ സിപിഎമ്മിനെയും നേതാക്കളായ ഇ.പി ജയരാജന്‍, പി.കെ ശ്രീമതി എന്നിവരെയും കണക്കറ്റു പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ‘എകെജി സെന്ററിന് ഓലപ്പടക്കമെറിഞ്ഞു. എന്താണ് ചിറ്റപ്പന്‍ പറഞ്ഞത്. വീഴുന്നതിന് അരമണിക്കൂര്‍ മുമ്പേ വീട്ടില്‍നിന്ന് പുറപ്പെട്ടു. രണ്ട് സ്റ്റീല്‍ ബോംബാണെന്നും കോണ്‍ഗ്രസുകാരാണ് എറിഞ്ഞതെന്നും ചിറ്റപ്പന്‍ പറഞ്ഞു. അപ്പോള്‍ മുകളിലെ മുറിയിലിരുന്ന് കിടുങ്ങാച്ചിയമ്മ കസേരയിലിരുന്ന് കിടുങ്ങിത്തെറിച്ചു. ഇടിമുഴക്കത്തിനേക്കാള്‍ വലിയ ശബ്ദമാണെന്നും പറഞ്ഞു’- വിഡി സതീശന്‍ പരിഹസിച്ചു.

തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പാന്‍ക്രിയാസ് ശസ്ത്രക്രിയക്കിടയില്‍ ഉപകരണം രോഗിയുടെ വയറില്‍ വച്ച് തുന്നിക്കെട്ടിയ സംഭവത്തില്‍ മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ശസ്ത്രക്രിയാ ഉപകരണമായ ഫോര്‍സെപ്സ് ആണ് വയറിനുള്ളില്‍ മറന്നുവച്ചത്. ശസ്ത്രക്രിയയില്‍ പങ്കെടുത്ത ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവരില്‍ നിന്ന് നഷ്ടപരിഹാര തുക ഈടാക്കണം. തൃശൂര്‍ കണിമംഗലം സ്വദേശി ഓട്ടോ റിക്ഷാ തൊഴിലാളിയായ ജോസഫ് പോള്‍ നല്‍കിയ പരാതിയിലാണ് നടപടി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *