ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ് ആന്ധ്രാപ്രദേശില്‍ 95,000 കോടി രൂപ ചെലവില്‍ എണ്ണ ശുദ്ധീകരണ ശാല നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു. നിലവില്‍ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ റിഫൈനറി പദ്ധതിയാണിത്. പ്രതിവര്‍ഷം 9 ദശലക്ഷം ടണ്‍ ക്രൂഡ് ഓയില്‍ സംസ്കരണ ശേഷിയുളള റിഫൈനറിയാണ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. 3-3.5 ദശലക്ഷം ടണ്‍ പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങളും 3.8-4 ദശലക്ഷം ടണ്‍ പെട്രോകെമിക്കലുകളും ഈ റിഫൈനറി ഉല്‍പ്പാദിപ്പിക്കും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനും പിന്നിലായി രാജ്യത്തെ മൂന്നാമത്തെ വലിയ എണ്ണ ശുദ്ധീകരണ കമ്പനിയാണ് ബിപിസിഎല്‍. മുംബൈ (പ്രതിവര്‍ഷം 12 ദശലക്ഷം ടണ്‍ ശേഷി), കൊച്ചി (15.5 ദശലക്ഷം ടണ്‍), മധ്യപ്രദേശിലെ ബിന (7.8 ദശലക്ഷം ടണ്‍) എന്നിവിടങ്ങളില്‍ നിലവില്‍ കമ്പനിക്ക് റിഫൈനറികള്‍ ഉണ്ട്. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. നിലവില്‍ 256.8 ദശലക്ഷം ടണ്‍ എണ്ണ ശുദ്ധീകരണ ശേഷിയാണ് രാജ്യത്തിനുളളത്. ഇന്ത്യയുടെ എണ്ണ ആവശ്യകത പ്രതിവര്‍ഷം 4-5 ശതമാനം എന്ന തോതില്‍ വര്‍ധിക്കുന്നതായാണ് കണക്കാക്കുന്നത്. എണ്ണ ശുദ്ധീകരണ, ഇന്ധന റീട്ടെയിലിംഗ് ബിസിനസ് വിപുലീകരിക്കുന്നതിനും പുതിയ ഊര്‍ജ സംരംഭങ്ങള്‍ക്കുമായി ബിപിസിഎല്‍ 1.7 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് കണ്ടെത്തിയിട്ടുളളത്.
ആന്ധ്രാപ്രദേശിലും പ്ലാന്റ് സ്ഥാപിക്കാന്‍ ബിപിസിഎല്‍
