‘മമ്മി’ സിനിമകളിലൂടെ പ്രേക്ഷകരെ വിറപ്പിച്ച ഹോളിവുഡ് താരം അര്‍ണോള്‍ഡ് വോസ്ലൂ വിജയ് ദേവരകൊണ്ടയുടെ വില്ലനാകുന്നു. രാഹുല്‍ സന്‍ക്രിത്യാന്‍ സംവിധാനം ചെയ്യുന്ന പീരിഡ് ആക്ഷന്‍ ത്രില്ലര്‍ ‘രണബാലി’യിലാണ് അര്‍ണോള്‍ഡ് പ്രധാന വേഷത്തിലെത്തുന്നത്. ബ്രിട്ടിഷ് ഓഫിസറുടെ കഥാപാത്രമായാകും അദ്ദേഹം പ്രത്യക്ഷപ്പെടുക. അദ്ദേഹത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തിറക്കി. ‘ടാക്‌സിവാല’ എന്ന ചിത്രത്തിനുശേഷം രാഹുലും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. 1854-നും 1878-നും ഇടയില്‍, ബ്രിട്ടിഷ് കോളനി വാഴ്ച അതിന്റെ ഉന്നതിയില്‍ നിന്ന കാലഘട്ടത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. യഥാര്‍ഥ ചരിത്ര സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഈ സിനിമ, ചെറുത്തുനില്‍പ്പ്, വിപ്ലവം, സ്വത്വം എന്നീ പ്രമേയങ്ങളെയാണ് ആസ്പദമാക്കുന്നത്. ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായികയായി എത്തുന്നത്. ചിത്രം സെപ്റ്റംബര്‍ 11ന് തിയറ്ററുകളിലെത്തും.
