എല്ലാ മേഖലകളിലുമെന്ന പോലെ സംഗീതലോകത്തും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സ്വാധീനം അതിവേഗം വര്‍ധിക്കുകയാണ്. എഐ നിര്‍മിത ഗാനങ്ങള്‍ സ്പോട്ടിഫൈ അടക്കമുള്ള പ്രമുഖ മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്ഫോമുകളില്‍ ഇതിനകം തരംഗമായിക്കഴിഞ്ഞു. എന്നാല്‍, യഥാര്‍ഥ സംഗീതജ്ഞരുടെ സൃഷ്ടികളും എഐ നിര്‍മിതികളും തമ്മില്‍ തിരിച്ചറിയാന്‍ കഴിയാത്തത് ശ്രോതാക്കള്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പത്തിന് വഴിവെച്ചിരുന്നു. ഈ പരാതികള്‍ പരിഹരിക്കുന്നതിനായി സ്പോട്ടിഫൈ ഈ മാസം ആദ്യം മുതല്‍ എഐ നിര്‍മിത ഗാനങ്ങള്‍ക്ക് പ്രത്യേക ലേബല്‍ നല്കാന് തുടങ്ങി. ഇതിനുപിന്നാലെ, ആപ്പിള്‍ മ്യൂസിക്കും സമാനമായ മാറ്റത്തിനൊരുങ്ങുകയാണ്. തങ്ങള്‍ ആസ്വദിക്കുന്നത് എഐ സംഗീതമാണോ എന്ന് ഉപയോക്താക്കള്‍ക്ക് തിരിച്ചറിയാന്‍ സഹായിക്കുന്ന പുതിയ ലേബലിങ് സംവിധാനമാണ് ആപ്പിള്‍ മ്യൂസിക് അവതരിപ്പിക്കുന്നത്. പാട്ടുകളുടെ ഏതെങ്കിലും ഭാഗത്തോ അല്ലെങ്കില്‍ പൂര്‍ണമായോ എഐ സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍, ക്രിയേറ്റര്‍മാര്‍ അത് ട്രാന്‍സ്പാരന്‍സി ടാഗിലൂടെ നിര്‍ബന്ധമായും വെളിപ്പെടുത്തണം.
