ആന്റി-മലേറിയന്‍ മരുന്നായ ആര്‍ട്ടിമിസിനിന്‍ സ്ത്രീകളില്‍ കാണപ്പെടുന്ന പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (പിസിഒഎസ്) ചികിത്സയ്ക്ക് ഫലപ്രദമാണെന്ന് പുതിയ പഠനം. ഹെര്‍ബല്‍ എക്സ്ട്രാക്റ്റ് ആര്‍ട്ടിമിസിനിന്‍ അണ്ഡാശയത്തില്‍ അമിതമായി ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്പാദിപ്പിക്കുന്നത് കുറച്ചതായും തുടര്‍ച്ചയായി 12 ആഴ്ച മരുന്ന് കഴിച്ച സ്ത്രീകളില്‍ ആര്‍ത്തവചക്രത്തിന്റെ ക്രമം മെച്ചപ്പെട്ടതായും കണ്ടെത്തി. സ്ത്രീകളില്‍ അണ്ഡാശയങ്ങള്‍ അമിത അളവില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഉല്പാദിപ്പിക്കുമ്പോഴാണ് പിസിഒഎസ് എന്ന അവസ്ഥയുണ്ടാകുന്നത്. ഇത് ക്രമരഹിതമായ ആര്‍ത്തവത്തിന് കാരണമാവുകയും പ്രത്യുല്‍പാദനക്ഷമതയെ ബാധിക്കുകയും ചെയ്യും. ചിലരില്‍ ഇന്‍സുലിന്‍ പ്രതിരോധം വികസിപ്പിച്ചു കൊണ്ട് പ്രമേഹത്തിനും ഹൃദ്രോഗത്തിനും ശരീരഭാരം കൂടാനും ഇത് കാരണമാകും. ഉയര്‍ന്ന ടെസ്റ്റോസ്റ്റിറോണ്‍ അളവ് മുഖത്തെ അമിത രോമത്തിനും മുഖക്കുരുവിനും കാരണമാകും. നിലവില്‍ പിസിഒഎസ് അവസ്ഥയ്ക്ക് പൂര്‍ണ്ണമായും ഫലപ്രദമായൊരു ചികിത്സയില്ല. സയന്‍സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ അണ്ഡാശയത്തിലെ ടെസ്റ്റോസ്റ്റിറോണ്‍ ഉല്പാദനത്തിന് നിര്‍ണായകമായ സിവൈപി11എ1 എന്ന എന്‍സൈമിനെ ആര്‍ട്ടിമിസിനിന്‍ തടയുമെന്ന് കണ്ടെത്തി. എലികളിലാണ് ആദ്യ പരീക്ഷണം നടത്തിയത്. പിസിഒഎസ് പോലുള്ള അവസ്ഥയുള്ള എലികളില്‍ ആര്‍ട്ടിമിസിനിന്‍ രോഗലക്ഷണങ്ങള്‍ കുറയ്ക്കുന്നതായി കണ്ടെത്തിയതായി ഗവേഷകര്‍ പറഞ്ഞു. തുടര്‍ന്ന് പിസിഒഎസുള്ള 19 സ്ത്രീകളെ ഉള്‍പ്പെടുത്തി നടത്തിയ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ മികച്ച ഫലമുണ്ടായി. മൂന്ന് മാസത്തെ ആര്‍ട്ടിമിസിനിന്‍ ചികിത്സയ്ക്ക് ശേഷം ട്രയലില്‍ പങ്കെടുത്ത എല്ലാവരിലും ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കുറഞ്ഞതായി കണ്ടെത്തി. കൂടാതെ, 12 സ്ത്രീകള്‍ക്ക് ആര്‍ത്തവ ക്രമം പുനഃസ്ഥാപിക്കപ്പെട്ടു.
പിസിഒഎസ് ചികിത്സയ്ക്ക് ആന്റി-മലേറിയന്‍ മരുന്ന്
