ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലുകള്‍ പരിശീലിപ്പിക്കുന്നതിനായി പകര്‍പ്പവകാശമുള്ള ഉള്ളടക്കങ്ങള്‍ ഉപയോഗിക്കുമ്പോള്‍, അതിന്റെ സ്രഷ്ടാക്കള്‍ക്ക് എ.ഐ കമ്പനികള്‍ റോയല്‍റ്റി നല്‍കണമെന്ന് ശുപാര്‍ശ ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ പാനല്‍. ഈ റോയല്‍റ്റി നിരക്കുകള്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഒരു സമിതിയായിരിക്കും തീരുമാനിക്കുക. ഓപ്പണ്‍എഐ, ഗൂഗിള്‍ തുടങ്ങിയ ആഗോള കമ്പനികള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനികള്‍ക്ക് ഇത് ബാധകമാകും. ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡിന്റെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിയാണ് ‘വണ്‍ നേഷന്‍, വണ്‍ ലൈസന്‍സ്, വണ്‍ പേയ്മെന്റ്: ബാലന്‍സിങ് എഐ ഇന്നൊവേഷന്‍ ആന്‍ഡ് കോപ്പിറൈറ്റ്’ എന്ന വര്‍ക്കിംഗ് പേപ്പറില്‍ ഈ ശുപാര്‍ശ മുന്നോട്ട് വെച്ചത്. ചെറുകിട എഴുത്തുകാര്‍ക്കും സംഗീതജ്ഞര്‍ക്കും വാര്‍ത്താ പ്രസാധകര്‍ക്കും അവരുടെ ഉള്ളടക്കത്തിന് കൃത്യമായ പ്രതിഫലം ഉറപ്പാക്കാനും എ.ഐ കമ്പനികള്‍ക്ക് ഡാറ്റാ ലഭ്യത ഉറപ്പുവരുത്തി നവീകരണം പ്രോത്സാഹിപ്പിക്കാനും ഈ മാതൃക സഹായിക്കുമെന്നാണ് സര്‍ക്കാര്‍ പാനലിന്റെ വിലയിരുത്തല്‍.
