ജഡ്ജിയുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരിടുന്ന അഡ്വ. സൈബി ജോസിനെതിരെ ബാർ കൗൺസിൽ സ്വമേധയാ നടപടി തുടങ്ങി. പരാതികളിൽ സൈബി ജോസിന്റെ വിശദീകരണം തേടാൻ ബാർ കൗൺസിൽ യോഗം തീരുമാനിച്ചു. കേന്ദ്ര നിയമ മന്ത്രാലയത്തിൽ നിന്നുള്ള കത്തിന്റെ അടിസ്ഥാനത്തിലാണ് ആരോപണവിധേയനായ അഭിഭാഷകനെതിരെ നടപടിയാരംഭിച്ചത്. ഒരു കൂട്ടം അഭിഭാഷകരാണ് കേന്ദ്ര നിയമ മന്ത്രാലയത്തിന് സൈബി ജോസിനെതിരെ പരാതി നൽകിയത്. പരാതിക്കാരായ അഭിഭാഷകരുടെ വിശദീകരണവും ബാർ കൗൺസിൽ കേൾക്കും. അതേ സമയം, ജഡ്ജിയുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണവിധേയനായ സൈബി ജോസ് കിടങ്ങൂരിനെതിരെ കഴിഞ്ഞ ദിവസം കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പ്രാഥമിക റിപ്പോർട്ട് കൈമാറി. പ്രത്യേക ദൂതൻ വഴിയാണ് ഡി ജി പിക്ക് റിപ്പോർട്ട് നൽകിയത്. പ്രാഥമിക പരിശോധനയിൽ ആരോപണം ഗൗരവമുള്ളതാണെന്ന് വ്യക്തമായെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് റിപ്പോർട്ടിലെ ശുപാർശ. അഭിഭാഷകർ അടക്കം 14 പേരുടെ മൊഴികളും രേഖകളും അടക്കമാണ് റിപ്പോർട്ട്. കമ്മീഷണറുടെ റിപ്പോർട്ടിന് അടിസ്ഥാനത്തിലാണ് സൈബി ജോസിനെതിരെ കേസെടുക്കേണ്ടതുണ്ടോ എന്ന് ഡിജിപി തീരുമാനിക്കുക. ഹൈക്കോടതി വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പൊലീസ് പ്രാഥമിക പരിശോധന നടത്തിയത്.
അഡ്വ. സൈബി ജോസിന് നോട്ടീസയച്ച് ബാർ കൗൺസിൽ
