അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4,600 ഡോളറിലേക്ക് കുതിച്ചുയര്‍ന്നതോടെ, ഇന്ത്യയിലെ സ്വര്‍ണപ്പണയ വിപണിയും സ്വര്‍ണാഭരണ മേഖലയും പുതിയ വളര്‍ച്ചാ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ആഗോള ബ്രോക്കറേജ് ഏജന്‍സിയായ ജെഫ്രീസ്. ‘ഇന്ത്യ മോഡല്‍ പോര്‍ട്ട്ഫോളിയോ’യില്‍ കേരളത്തില്‍ നിന്നുള്ള പ്രമുഖ എന്‍.ബി.എഫ്.സിയായ മണപ്പുറം ഫിനാന്‍സിനെ ജെഫ്രീസ് ഉള്‍പ്പെടുത്തി. മുത്തൂറ്റ് ഫിനാന്‍സ്, കല്യാണ്‍ ജുവലേഴ്‌സ് എന്നിവയും സ്വര്‍ണവില വര്‍ധനയുടെ പ്രധാന ഗുണഭോക്താക്കളാകും. കൂടാതെ ടൈറ്റന്‍, മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്, ഐ.ഐ.എഫ്.എല്‍ ഫിനാന്‍സ് എന്നീ ഓഹരികള്‍ക്കും സ്വര്‍ണത്തിന്റെ വിലക്കയറ്റം അനുകൂലമായ തരംഗമുണ്ടാക്കും. വെള്ളി വിപണിയിലെ മുന്നേറ്റം പ്രയോജനപ്പെടുത്താന്‍ ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ്സിന് പകരം ‘ഹിന്ദുസ്ഥാന്‍ സിങ്ക്’ ചേര്‍ത്തു. ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായ ‘മീഷോ’ പോര്‍ട്ട്ഫോളിയോയില്‍ ഉള്‍പ്പെടുത്തി. സ്പെഷ്യാലിറ്റി കെമിക്കല്‍ മേഖലയിലെ വളര്‍ച്ച ലക്ഷ്യമിട്ട് ‘നവീന്‍ ഫ്ളൂറിന്‍’ ഉള്‍പ്പെടുത്തിയപ്പോള്‍ അംബുജ സിമന്റിനെ ഒഴിവാക്കി.
