യുദ്ധം ചെയ്തും വെട്ടിപ്പിടിച്ചും ചൈനയുടെ ഭൂരിഭാഗം പ്രദേശങ്ങളേയും ആദ്യമായി ഒരൊറ്റ ഭരണത്തിനു കീഴിലാക്കിയ ചക്രവര്‍ത്തിയാണ് ക്വിന്‍ ഷു ഹുവാംഗ്. ബിസി 221 മുതല്‍ ബിസി 210 വരെ ചൈന ഭരിച്ച ചക്രവര്‍ത്തി. അതേ, 2200 വര്‍ഷം മുമ്പു ചൈന ഭരിച്ച ചക്രവര്‍ത്തി. ലോക പ്രശസ്തമായ ടെറോക്കോട്ട സൈന്യത്തിന്റെ സൃഷ്ടാവാണ് ഈ ചക്രവര്‍ത്തി. ഈ സേനയെ സൃഷ്ടിച്ചത് എന്തിനാണെന്നോ, സ്വന്തം ശവകുടീരം സംരക്ഷിക്കാന്‍. ക്വിന്‍ ഷു ഹുവാംഗിന്റെ ശവകുടീരം കണ്ടെത്തിയത് 1974-ലാണ്. ചൈനയിലെ ഷാന്‍സി പ്രവിശ്യയിലെ കര്‍ഷകരാണ് ശവകുടീരം കണ്ടെത്തിയത്. പിന്നീട് പുരാവസ്തു ഗവേഷകര്‍ ടെറോക്കോട്ട സൈന്യത്തെ ഖനനം ചെയ്ത് പുറത്തെടുത്തെങ്കിലും ക്വിന്‍ ഷു ഹുവാംഗ് ചക്രവര്‍ത്തിയുടെ ശവകുടീരം മാത്രം ഖനനം ചെയ്തില്ല. ശവകുടീരത്തിന് കേടുപാടുണ്ടാക്കുമെന്ന് ആശങ്കയുള്ളതിനാലാണ് ഖനനം ചെയ്യാത്തതെന്നാണ് പുരാവസ്തു ഗവേഷകര്‍ പറയുന്നത്. എന്നാല്‍, യാഥാര്‍ത്ഥ്യം അതല്ല. ശവകൂടീരം സംരക്ഷിക്കാന്‍ ടെറോക്കോട്ട സൈന്യത്തെ പണിത ചക്രവര്‍ത്തിയുടെ വിശ്വസ്തര്‍ ശവകുടീരത്തില്‍ മാരകമായ കെണികള്‍ ഒരുക്കിയിട്ടുണ്ടാകാമെന്ന ഭീതിയാണ് യഥാര്‍ത്ഥ കാരണം. ക്വിന്‍ ഷു ഹുവാംഗ് മരിച്ചു 100 വര്‍ഷങ്ങള്‍ക്കുശേഷം ചൈനീസ് ചരിത്രകാരനായ സിമ ക്വിയാന്റെ എഴുതിയത് ഇങ്ങനെയാണ്. ‘ശവകുടീരത്തില്‍ നൂറ് ഉദ്യോഗസ്ഥര്‍ക്കുള്ള കൊട്ടാരങ്ങളും മനോഹരമായ ഗോപുരങ്ങളും നിര്‍മ്മിച്ചു. ശവകുടീരത്തില്‍ അപൂര്‍വ പുരാവസ്തുക്കളും അത്ഭുതകരമായ നിധികളും നിറച്ചു.’ മാത്രമല്ല, ‘ശവകുടീരത്തില്‍ പ്രവേശിക്കുന്നവര്‍ക്കു നേരെ അമ്പുകളയക്കുന്ന യാന്ത്രിക സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. നൂറു നദികള്‍, യാങ്സി, മഞ്ഞ നദി, വലിയ കടല്‍ എന്നിവയെ അനുകരിക്കാന്‍ ശവകുടീരത്തില്‍ യാന്ത്രികമായി ഒഴുകുന്ന തരത്തില്‍ മെര്‍ക്കുറി സജ്ജീകരിച്ചു.’ എന്നും അദ്ദേഹം വിവരിക്കുന്നു. ഇതെല്ലാം ഭയപ്പെടുത്തുന്ന മുന്നറിയിപ്പുകളാണ്. രണ്ടായിരത്തി ഇരുന്നൂറു വര്‍ഷം കഴിഞ്ഞിട്ടും ശവകുടീരത്തെ ഭയക്കുകയാണു ശാസ്ത്രലോകം.
2,200 വര്‍ഷമായിട്ടും തുറക്കാന്‍ ഭയക്കുന്ന ശവകുടീരം
