ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ കൊവിഡിന്റെ പുതിയ തരംഗം വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ഹോങ്കോങിലും സിംഗപ്പൂരിലുമാണ് പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇവിടത്തെ അധികാരികള്‍ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ചൈന, തായ്ലന്ഡ് എന്നി രാജ്യങ്ങളിലും കൊവിഡ് കേസുകള്‍ കൂടുന്നുണ്ട്. അഞ്ച് വര്‍ഷത്തിന് മുമ്പാണ് ലോകത്ത് ആദ്യമായി കൊവിഡ് തരംഗമുണ്ടായത്. സിംഗപ്പൂരില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. മെയ് 3 ന് അവസാനിച്ച ആഴ്ചയില്‍ 14,200 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം 30 ശതമാനം വര്‍ദ്ധിച്ചെന്നാണ് സിംഗപ്പൂരില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ഹോങ്കോങ്ങിലും കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. മേയ് 10 ന് 13.66 ശതമാനമായി വര്‍ധിച്ചു. നാല് ആഴ്ച മുമ്പ് ഇത് 6.21 ശതമാനമായിരുന്നു. പനി, ചുമ, തൊണ്ടവേദന, ജലദോഷം, മൂക്കടപ്പ്, തുമ്മല്‍, തലവേദന, ശബ്ദം അടയുന്ന അവസ്ഥ, ഓക്കാനം, ഛര്‍ദ്ദി, ശരീരവേദന, ഗന്ധമോ രുചിയോ നഷ്ടപ്പെടുന്ന അവസ്ഥ, ശ്വാസതടസം, കണ്ണിലെ ചുവപ്പ് എന്നിവയെല്ലാമാണ് പൊതുവേ കൊവിഡിന്റെ സൂചനകളായി കാണപ്പെടുന്നത്. ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടായാല്‍, മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ മാസ്ക് ധരിക്കുക, ഇടയ്ക്കിടെ കൈ കഴുകുക, ലക്ഷണങ്ങള്‍ തുടര്‍ന്നാല്‍ ഡോക്ടറെ കാണുകയും ചെയ്യുക. ശൈത്യകാലത്ത് ശ്വാസകോശ സംബന്ധിയായ രോഗങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ കോവിഡിനെ തുടര്‍ന്നുള്ള ശ്വാസകോശ രോഗങ്ങള്‍ കാലാവസ്ഥയെ അപേക്ഷിച്ചാകണമെന്നില്ല. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ആറ് മാസത്തെ ഇടവേളകളില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
കൊവിഡിന്റെ പുതിയ തരംഗം വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്
