വിദഗ്ദ സംഘത്തിന്റെ നിർദേശപ്രകാരം ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിനെ വിദഗ്ദ ചികിത്സയ്ക്കായി തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റും. വെന്റിലേറ്റർ സഹായത്തോടെയുള്ള ആംബുലൻസിലായിരിക്കും കുഞ്ഞിനെ കൊണ്ടുള്ള യാത്ര. കുഞ്ഞിൻ്റെ ചികിത്സക്കാവശ്യമുള്ള മുഴുവൻ ചെലവും സർക്കാർ വഹിക്കും. അതേസമയം, കുഞ്ഞിൻ്റെ ആരോഗ്യാവസ്ഥ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ദിവസങ്ങൾക്ക് മുമ്പ് കുഞ്ഞിൻ്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിലെ വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. സ്കാനിംഗ് ഉൾപ്പെടെയുള്ള പരിശോധനയിൽ കുഞ്ഞിൻ്റെ വൈകല്യങ്ങൾ കണ്ടെത്തിയിരുന്നില്ല സംഭവത്തില്‍ നേരത്തെ 4 ഡോക്ടർമാർക്കെതിരെ കേസെടുത്തിരുന്നു. ആലപ്പുഴ സൗത്ത് പൊലീസാണ് സംഭവത്തില്‍ കേസെടുത്തത്. ഇതിന് പിന്നാലെ ആരോഗ്യ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിനെ വിദഗ്ദ ചികിത്സയ്ക്കായി തിരുവനന്തപുരത്തേക്ക് മാറ്റുന്നു
