yt cover 28

https://dailynewslive.in/ കേരളത്തില്‍ മഴ അതിശക്തം. മധ്യ കേരള തീരം മുതല്‍ മഹാരാഷ്ട്ര തീരം വരെയുള്ള ന്യൂന മര്‍ദ്ദപാത്തിയുടെ ഫലമായാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്. കേരള തീരത്ത് തെക്ക് പടിഞ്ഞാറന്‍ കാറ്റും ശക്തമായി വീശുന്നുണ്ട്. അടുത്ത 3 ദിവസം വരെ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളതീരത്തു ഉയര്‍ന്ന തിരമാല ജാഗ്രതാ നിര്‍ദ്ദേശവും നിലനില്‍ക്കുന്നുണ്ട്.

https://dailynewslive.in/ കനത്ത മഴയില്‍ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. ആലപ്പുഴ ആറാട്ടുവഴിയില്‍ അയല്‍വാസിയുടെ വീടിന്റെ മതിലിടിഞ്ഞ് വീണ് വിദ്യാര്‍ഥി മരിച്ചു. അന്തേക്ക്പറമ്പ് അലിയുടെയും ഹസീനയുടെയും മകന്‍ അല്‍ ഫയാസ് അലി (14) ആണ് മരിച്ചത്. മലപ്പുറത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരനെ കാണാതായി. പലയിടത്തും മണ്ണിടിഞ്ഞും മരം ഒടിഞ്ഞ് വീണും മറ്റും വീടുകള്‍ തകര്‍ന്നു. പെരിങ്ങല്‍ക്കുത്ത്, കല്ലാര്‍ കുട്ടി, പാംബ്ല, മലങ്കര അണക്കെട്ടുകള്‍ തുറന്നു. കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി മൂന്നാറില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.

https://dailynewslive.in/ ശക്തമായ മഴ തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുള്‍പ്പെടെയാണ് അവധി. പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ മഴ ശക്തമാകുന്നതിനാല്‍ അടുത്ത മൂന്ന് ദിവസം റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ അവരവരുടെ അധികാര പരിധിവിട്ട് പോകരുതെന്ന് റവന്യു മന്ത്രി കെ രാജന്‍. അവധി എടുത്തിട്ടുള്ളവര്‍ ഈ ദിവസങ്ങളില്‍ തിരികെ ജോലിയില്‍ പ്രവേശിക്കണം. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ വീതം ജില്ലകള്‍ക്ക് കൈമാറിയിട്ടുണ്ട്. ആവശ്യം വരുന്ന മുറയ്ക്ക് വില്ലേജുകള്‍ക്ക് നടപടിക്രമം പാലിച്ച് ഫണ്ട് കൈമാറാന്‍ ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തി.

https://dailynewslive.in/ യാക്കോബായ – ഓര്‍ത്തഡോക്സ് പള്ളിത്തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമശിച്ച് ഹൈക്കോടതി. വിധി നടപ്പാക്കാത്തത് ഭരണ സംവിധാനങ്ങളുടെ പരാജയമാണെന്നും സര്‍ക്കാര്‍ നടപടികള്‍ വെറും പ്രഹസനമായി മാറിയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു. ഉത്തരവ് നടപ്പാക്കുന്നതിനെ എതിര്‍ക്കുന്ന യാക്കോബായ വിഭാഗം കോടതിയലക്ഷ്യമാണ് നടത്തുന്നതെന്നും ഹൈക്കോടതി പരാമര്‍ശിച്ചു. സുപ്രീം കോടതി വിധിയാണ് നടപ്പിലാക്കാത്തതെന്ന് ഓര്‍ക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

https://dailynewslive.in/ നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസ്സാക്കി . എം വിജിനാണ് നീറ്റ് പരീക്ഷയെ സംബന്ധിച്ച വിഷയം അവതരിപ്പിച്ചത്. വലിയ ക്രമക്കേടുകളാണ് പരീക്ഷയില്‍ നടന്നതെന്ന് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും അംഗങ്ങള്‍ വിമര്‍ശിച്ചു. സമഗ്ര അന്വേഷണം വേണമെന്നും വിദ്യാര്‍ത്ഥികളുടെ ആശങ്ക പരിഹരിക്കണമെന്നും സഭ ആവശ്യപ്പെട്ടു.

https://dailynewslive.in/ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ക്ക് ദര്‍വേഷ് സാഹിബിന്റെ സേവനകാലാവധി ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു. ഷെയ്ക്ക് ദര്‍വേഷ് സാഹിബ് ചുമതലയേറ്റ 2023 ജൂലൈ ഒന്ന് മുതല്‍ രണ്ട് വര്‍ഷത്തേക്കായിരുന്നു നിയമനം നിശ്ചയിച്ചത്. എന്നാല്‍, അടുത്ത മാസം 31ന് വിരമിക്കാനിരിക്കെയാണ് മന്ത്രിസഭാ യോഗത്തില്‍ കാലാവധി നീട്ടി നല്‍കാന്‍ തീരുമാനിച്ചത്.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*

എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് സംബന്ധിച്ച് കെ.കെ രമ നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ച് സ്പീക്കര്‍ നടത്തിയ പരാമര്‍ശത്തിലെ അനൗചിത്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് കത്ത് നല്‍കി. സര്‍ക്കാര്‍ പറയേണ്ട മറുപടി സ്പീക്കര്‍ പറഞ്ഞത് ഉചിതമായില്ലെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ വ്യക്തമാക്കി.പ്രതിപക്ഷം ഉന്നയിച്ച വിഷയത്തെ കുറിച്ച് മറുപടി പറയേണ്ടത് ആഭ്യന്തര- ജയില്‍ വകുപ്പുകളുടെ ചുമതലയുള്ള മുഖ്യമന്ത്രിയാണെന്നും വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി. അതേസമയം അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതിനെ ന്യായീകരിച്ച് വിശദീകരണവുമായി സ്പീക്കറുടെ ഓഫീസ്. ശിക്ഷാ ഇളവിനുള്ള നീക്കമില്ലെന്ന സര്‍ക്കാര്‍ വിശദീകരണമുള്ളതിനാലാണ് അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതെന്നും മുഖ്യമന്ത്രിക്ക് വേണ്ടിയല്ല നിയമസഭയില്‍ സ്പീക്കര്‍ മറുപടി നല്‍കിയതെന്നും സ്പീക്കറുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

https://dailynewslive.in/ ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം സംസ്ഥാനത്ത് ഇന്ന് ആരംഭിക്കും. 900 കോടി രൂപയാണ് ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി അനുവദിച്ചത്. ജൂണ്‍ മാസത്തെ പെന്‍ഷനാണ് ഇന്ന് മുതല്‍ നല്‍കുന്നത്. ഇനി അഞ്ച് മാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക കൂടി ബാക്കിയുണ്ട്.

https://dailynewslive.in/ സര്‍ക്കാര്‍ ആശുപത്രികളിലെ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിപുലീകരിക്കുന്നതിനായി 2,19,73,709 രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ക്കായാണ് തുകയനുവദിച്ചത്. ചെലവുള്ള അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ കൂടുതല്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

https://dailynewslive.in/ യാത്രക്കാരുടെ എണ്ണത്തില്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു. പുതിയ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ രണ്ട് മാസത്തിലെ കണക്കുകള്‍ പരിശോധിച്ചപ്പോഴാണ് എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. മേയ് മാസത്തില്‍ ആകെ 4.44 ലക്ഷം യാത്രക്കാരാണ് തിരുവനന്തപുരം വഴി യാത്ര ചെയ്തത്.

https://dailynewslive.in/ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായ പ്രൊഫ.കെ.വി. തോമസ് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. കേരള ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ജിഎസ് ടി മന്ത്രിമാരുടെ യോഗത്തില്‍ ആവശ്യപ്പെട്ട കാര്യങ്ങളും കേരള സര്‍ക്കാര്‍ ഉന്നയിച്ചിട്ടുളള കാര്യങ്ങളുമാണ് ചര്‍ച്ച ചെയ്തത്.

https://dailynewslive.in/ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന അനുവദിക്കുന്ന അവകാശങ്ങള്‍ നല്‍കാതിരിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നും മുസ്ലിങ്ങള്‍ കേരളത്തില്‍ അനര്‍ഹമായി പലതും നേടുന്നു എന്ന പ്രസ്താവന വളരെ ദൗര്‍ഭാഗ്യകരമാണെന്നും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. ന്യൂനപക്ഷ അവകാശം നേടിയെടുക്കുക ഉള്‍പ്പെടെ ലക്ഷ്യമിട്ടുകൊണ്ട് ദേശീയ തലത്തില്‍ ന്യൂനപക്ഷ സമുദായ നേതാക്കളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ ടൂറിസം മന്ത്രി മുഹമ്മദ് റിയാസുമായി യാതൊരു പ്രശ്‌നവുമില്ലെന്നും മാധ്യമങ്ങള്‍ ആവശ്യമില്ലാതെ ആശയക്കുഴപ്പമുണ്ടാക്കരുതെന്നും കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ. ആക്കുളം കായല്‍ പുനരുജ്ജീവന പദ്ധതി നടപ്പിലാക്കുന്നതില്‍ ചില ഉദ്യോഗസ്ഥര്‍ കാണിക്കുന്ന അനാസ്ഥ മാത്രമാണ് താന്‍ ചൂണ്ടിക്കാണിച്ചതെന്നും മന്ത്രി ഇക്കാര്യത്തില്‍ കുറ്റക്കാരനല്ലെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ മണ്‍സൂണ്‍ കാല ട്രോളിങ് നിരോധന നിയമങ്ങള്‍ ലംഘിച്ച, വ്യാജ കളര്‍കോഡ് അടിച്ച തമിഴ്‌നാട് രജിസ്‌ട്രേഷന്‍ യാനങ്ങള്‍ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടികൂടി. ചാവക്കാട് ബ്ലാങ്ങാട് കടപ്പുറത്ത് കൂട്ടമായി എത്തിയ വള്ളങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച പച്ച കളര്‍കോഡ് മാറ്റി, കേരള യാനങ്ങള്‍ക്ക് അനുവദിച്ച നീല കളര്‍കോഡ് അടിച്ച് കേരള വള്ളങ്ങള്‍ എന്ന വ്യാജേന മത്സ്യബന്ധനത്തിന് ഒരുക്കിയത്.

https://dailynewslive.in/ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് ഹൈക്കോടതിയില്‍ പോലീസ് അറിയിച്ചു . പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് അന്വേഷണസംഘം ഹൈക്കോടയില്‍ റിപ്പോര്‍ട്ട് നല്‍കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ നല്‍കിയ ഹര്‍ജി തളളണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. യുവതി പൊലീസ് സ്റ്റേഷനില്‍ നേരിട്ട് എത്തിയാണ് ഭര്‍ത്താവായ രാഹുലിനെതിരെ പരാതി നല്‍കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.

https://dailynewslive.in/ സംസ്ഥാനത്ത് നിന്ന് പുറപ്പെടുന്ന 4 ട്രെയിന്‍ സര്‍വ്വീസുകളില്‍ മാറ്റം. ജൂണ്‍ 28-ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന കൊച്ചുവേളി – ഋഷികേശ് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസും ജൂലൈ 1-നുള്ള തിരിച്ചുള്ള യാത്രയും റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. ഇന്നും ജൂലൈ 1-നും എറണാകുളത്ത് നിന്ന് രാത്രി 10.25-ന് പുറപ്പെടുന്ന എറണാകുളം – കാരക്കല്‍ എക്സ്പ്രസ് നാഗപട്ടണത്ത് സര്‍വീസ് അവസാനിപ്പിക്കും. ഈ റൂട്ടുകളില്‍ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് സര്‍വ്വീസ് റദ്ദാക്കിയത്.

https://dailynewslive.in/ തുമ്പ കിന്‍ഫ്ര പാര്‍ക്കില്‍ റെഡിമിക്സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി എന്ന റെഡിമിക്സ് കോണ്‍ക്രീറ്റ് സ്ഥാപനത്തിന്റെ നിര്‍മാണ പ്ലാന്റിലായിരുന്നു അപകടം. ഫാക്ടറിയിലെ യന്ത്രഭാഗങ്ങള്‍ തെറിച്ച് ജനവാസ മേഖലയില്‍ വീണു. എന്നാല്‍ അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

https://dailynewslive.in/ പി.ജയരാജനെ പരസ്യസംവാദത്തിന് ക്ഷണിച്ച്, സിപിഎമ്മില്‍ നിന്ന് പുറത്താക്കിയ മനു തോമസ്. സോഷ്യല്‍ മീഡിയയിലൂടെ ഒരു സംവാദത്തിന് തുടക്കമിട്ട സ്ഥിതിക്ക് താനും തയ്യാറെന്നാണ് മനു തോമസ് ഫേസ്ബുക്കില്‍ കുറിച്ചത്. പാര്‍ട്ടിയെ കൊത്തിവലിക്കാന്‍ മാധ്യമങ്ങളിലൂടെ അവസരം ഒരുക്കിയത് പി. ജയരാജനാണെന്നും ക്വാറി മുതലാളിക്ക് വേണ്ടി മലയോരത്ത് പാര്‍ട്ടി ഏരിയ സെക്രട്ടറിയെ സൃഷ്ടിച്ചുവെന്നും പാര്‍ട്ടിയില്‍ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാന്‍ ജയരാജന്‍ ശ്രമിച്ചുവെന്നും മനുതോമസ് ഫേസ്ബുക്കില്‍ ആരോപിച്ചു.

https://dailynewslive.in/ കെ.എസ്.ആര്‍.ടി.സിയ്ക്ക് 20 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ . ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം മുടക്കം കൂടാതെയുള്ള വിതരണം ഉറപ്പാക്കാന്‍ കൂടിയാണ് സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നതെന്ന് ധനകാര്യ വകുപ്പ് പറയുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇതുവരെ 5717 കോടി രൂപ കെ.എസ്.ആര്‍.ടി.സിയ്ക്ക് സഹായമായി നല്‍കിയിട്ടുണ്ടെന്നും ധനകാര്യ വകുപ്പ് വ്യക്തമാക്കി.

https://dailynewslive.in/ തീയേറ്റര്‍ ഉപേക്ഷിച്ച പ്രേക്ഷകരെ തിരികെ കൊണ്ടുവന്നതുപോലെ കെ.എസ്.ആര്‍.ടി.സി.യിലേക്ക് യാത്രക്കാരെ കൊണ്ടുവരുമെന്ന് ഗതാഗതമന്ത്രി ഗണേഷ് കുമാര്‍. കെ.എസ്.ആര്‍.ടി.സിയെ വിട്ടുപോയ യാത്രക്കാരെ തിരിച്ചുകൊണ്ടുവരുമെന്നും കേരളത്തിലെ യാത്രാസംസ്‌കാരം മാറ്റുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

https://dailynewslive.in/ ലൈംഗിക അതിക്രമ കേസില്‍, കൊല്ലത്തെ ഇ. ഷാനവാസ്ഖാന്റെ അറസ്റ്റ് വൈകുന്നതിനെതിരെ വനിത അവകാശ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടും അറസ്റ്റിലേക്ക് കടക്കാതെ പ്രതിയെ സംരക്ഷിക്കുന്ന നടപടിയാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.

https://dailynewslive.in/ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള ഹൈക്കോടതി. പൊലീസ് സ്റ്റേഷന്‍ ഭയം ഉളവാക്കുന്ന സ്ഥലമാകരുതെന്നും ഏതൊരു സര്‍ക്കാര്‍ ഓഫീസും പോലെ ആകണമെന്നും ഹൈക്കോടതി പറഞ്ഞു. ആലത്തൂരില്‍ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ ഓണ്‍ലൈനായി ഹാജരായ ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബിനാണ് ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.

https://dailynewslive.in/ വയനാട് തലപ്പുഴയില്‍ ബോംബ് കണ്ടെത്തിയ സംഭവത്തില്‍ മാവോയിസ്റ്റുകളെ പ്രതിചേര്‍ത്ത് എഫ്ഐആര്‍. യുഎപിഎ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. ബോംബ് സ്ഥാപിച്ചത് റോന്ത് ചുറ്റാന്‍ എത്തുന്ന തണ്ടര്‍ബോള്‍ട്ടിനെ അപായപെടുത്താനാണെന്നും എഫ്ഐആറില്‍ പറയുന്നു.

https://dailynewslive.in/ പാലക്കാട് കിഴക്കഞ്ചേരിയില്‍ സിപിഎം പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ആറു ബിജെപി പ്രവര്‍ത്തകര്‍ക്ക് പത്തു വര്‍ഷം തടവ് വിധിച്ച് കോടതി. കോരഞ്ചിര ചീരക്കുഴി സ്വദേശികളായ സുദീഷ്, ബിജു, പ്രസാദ്, അഭിലാഷ്, കണ്ണന്‍, മണികണ്ഠന്‍ എന്നിവരെയാണ് പാലക്കാട് അതിവേഗ കോടതി ശിക്ഷിച്ചത്.വിചാരണയ്ക്ക് ശേഷം 2പ്രതികളെ വെറുതെ വിട്ട കോടതി മറ്റു ആറുപേര്‍ക്കും പത്തു വര്‍ഷം തടവ് വിധിക്കുകയായിരുന്നു.

https://dailynewslive.in/ ട്രെയിനിലെ ബെര്‍ത്ത് പൊട്ടിവീണ് മാറഞ്ചേരി സ്വദേശി അലിഖാന്‍ (62) മരിച്ച സംഭവത്തില്‍ വിശദീകരണവുമായി റെയില്‍വേ. ബെര്‍ത്തിന്റെ ചങ്ങല ശരിയായി ഇടാതെ ഇരുന്നതാണ് അപകടകാരണമെന്നും ബെര്‍ത്തിന് ഏതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങളില്ലായിരുന്നുവെന്നും റെയില്‍വേ വ്യക്തമാക്കി.

https://dailynewslive.in/ ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചനയില്‍ കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ. അഞ്ചുപേര്‍ക്കെതിരെയാണ് തിരുവനന്തപുരം സിജെഎം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സിബിഐ ദില്ലി യൂണിറ്റാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ശാസ്ത്രജ്ഞനായ നമ്പിനാരായണനെ ചാരക്കേസില്‍ ഉള്‍പ്പെടുത്താന്‍ ഗൂഡാലോചന നടന്നുവെന്ന് സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്.

https://dailynewslive.in/ പ്രതിപക്ഷ നേതൃസ്ഥാനത്തിന് നന്ദിയറിയിച്ച് രാഹുല്‍ ഗാന്ധി. തന്നില്‍ വിശ്വാസമര്‍പ്പിച്ചതില്‍ രാജ്യത്തെ ജനങ്ങള്‍ക്കും ഇന്ത്യ മുന്നണിയിലെ അംഗങ്ങള്‍ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നന്ദിയുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതിപക്ഷ നേതാവ് എന്നത് വെറുമൊരു പദവിയല്ലെന്നും അതൊരു വലിയ ഉത്തരവാദിത്വമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഞാന്‍ നിങ്ങളുടേതാണെന്നും നിങ്ങള്‍ക്ക് വേണ്ടി സഭയില്‍ ശബ്ദമുയര്‍ത്തുമെന്നും എക്സില്‍ പങ്കുവെച്ച വിഡിയോ സന്ദേശത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

https://dailynewslive.in/ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. രാജ്യത്തെ ജനങ്ങളെ മികച്ചതായി സേവിക്കാനാകട്ടെയെന്നും വിജയ് ആശംസിച്ചു.

https://dailynewslive.in/ ഭരണപക്ഷം സമവായത്തിന് തയ്യാറാകാത്തതാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ കാരണമെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ശബ്ദവോട്ടില്‍ ഇന്ത്യ സഖ്യത്തിലെ എല്ലാവരും പങ്കെടുത്തുവെന്നും തങ്ങള്‍ ഉദ്ദേശിച്ച കാര്യം ശബ്ദവോട്ടോടെ നടന്നുവെന്നും പറഞ്ഞ അദ്ദേഹം ഇന്ത്യ സഖ്യത്തിലെ എംപിമാരുടെയും പുറത്ത് നിന്നുള്ളവരുടെയും പിന്തുണ ലഭിച്ചെന്നും പറഞ്ഞു.

https://dailynewslive.in/ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, സഭയില്‍ അടിയന്തരാവസ്ഥയെ ശക്തമായി അപലപിച്ചതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ സഭ ചേര്‍ന്നതിന് പിന്നാലെ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ അന്‍പതാം വാര്‍ഷികവുമായി ബന്ധപ്പെട്ട് സ്പീക്കര്‍ ഓം ബിര്‍ള പ്രമേയം വായിക്കുകയും രണ്ട് മിനിറ്റ് മൗനാചരണത്തിന് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.

https://dailynewslive.in/ ബെംഗളൂരുവിലെ പ്രത്യേക കോടതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാതി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നരേന്ദ്ര മോദി നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ സിയാവുര്‍ റഹ്‌മാന്‍ എന്നയാളാണ് പരാതി നല്‍കിയത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സമ്പത്ത് മുസ്ലിങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രസംഗത്തിന് എതിരെയാണ് പരാതി.

https://dailynewslive.in/ കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തില്‍ മരണസംഖ്യ 61 ആയി . ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരാണ് ഇന്നലെ മരിച്ചത്. 136 പേരാണ് നാല് ആശുപത്രികളിലായി ഇപ്പോഴും ചികിത്സയിലുള്ളത്. ദേശീയ പട്ടികജാതി കമ്മീഷന്‍ അധ്യക്ഷന്‍ കിഷോര്‍ മഖ്വാന ഇന്നലെ ആശുപത്രികളിലെത്തി ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു.

https://dailynewslive.in/ ലൈംഗികതിക്രമ കേസില്‍ പ്രതിയായ പ്രജ്വല്‍ രേവണ്ണയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി. ജനപ്രതിനിധികളുടെ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് പ്രജ്വലിന്റെ ജാമ്യാപേക്ഷ തള്ളിയത്. പ്രജ്വലിനെതിരെ നാല് എഫ്ഐആറുകളാണ് ഇപ്പോള്‍ നിലവിലുള്ളത്. പുതിയ കേസില്‍ ചോദ്യം ചെയ്യണമെന്ന് എസ്ഐടി ആവശ്യപ്പെട്ടതിനാല്‍ പ്രജ്വല്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

https://dailynewslive.in/ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സിബിഐയുടെ കസ്റ്റഡിയില്‍ വിട്ടു. ദില്ലി റൗസ് അവന്യൂ കോടതിയാണ് കെജ്രിവാളിനെ മൂന്നു ദിവസത്തേക്ക് സിബിഐയുടെ കസ്റ്റഡിയില്‍ വിട്ടത്. കെജ്രിവാളിനെ അറസ്റ്റ് ചെയ്ത സിബിഐ കസ്റ്റഡിയില്‍ വിടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കോടതിമുറിയില്‍ ചോദ്യംചെയ്യാന്‍ അനുമതി നല്‍കിയ കോടതി അറസ്റ്റിലേക്ക് നയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് ചെയ്യാന്‍ അനുമതി നല്‍കിയത്. ഇതിനുശേഷമാണ് വൈകിട്ടോടെ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവിറക്കിയത്.

https://dailynewslive.in/ പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീന്‍ മുദ്രാവാക്യം വിളിച്ച ഹൈദരാബാദില്‍ നിന്നുള്ള എം.പി.യും എ.ഐ.എം.ഐ.എം. അധ്യക്ഷനുമായ അസദുദ്ദീന്‍ ഒവൈസിയെ ലോക്സഭയില്‍ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് മുന്നില്‍ അപേക്ഷ. ഭരണഘടനയുടെ 102-ാം അനുച്ഛേദം ചൂണ്ടിക്കാണിച്ചാണ് അപേക്ഷ.

https://dailynewslive.in/ കര്‍ണാടകയില്‍ മൂന്ന് ഉപമുഖ്യമന്ത്രിമാര്‍ കൂടി വേണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തില്‍ ഹൈക്കമാന്‍ഡിന്റെ തീരുമാനം അന്തിമമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. വീരശൈവ-ലിംഗായത്ത്, എസ്സി/എസ്ടി, ന്യൂനപക്ഷ സമുദായങ്ങളിലെ നേതാക്കള്‍ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് ചില മന്ത്രിമാര്‍ രംഗത്തെത്തിയതോടെയാണ് പ്രതിസന്ധിയുണ്ടായത്. സിദ്ധരാമയ്യ മന്ത്രിസഭയില്‍ വൊക്കലിഗ സമുദായത്തില്‍ നിന്നുള്ള ഡികെ ശിവകുമാര്‍ മാത്രമാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നത്.

https://dailynewslive.in/ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാനായി സാം പിത്രോദയെ കോണ്‍ഗ്രസ് വീണ്ടും നിയമിച്ചു. പിന്തുടര്‍ച്ച സ്വത്ത് വിവാദം, ഇന്ത്യക്കാരുടെ വൈവിധ്യം ഉന്നയിച്ചുള്ള പിത്രോദയുടെ പരാമര്‍ശങ്ങള്‍ വിവാദമായതോടെ കഴിഞ്ഞ മാസം മെയ് എട്ടിനാണ് പിത്രോദ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചത്.

https://dailynewslive.in/ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലെ ഫൈനലിസ്റ്റുകളെ ഇന്നറിയാം. ആദ്യ സെമിയില്‍ ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെ നേരിടും. ഇന്ത്യന്‍ സമയം രാവിലെ ആറ് മണിക്കാണ് മത്സരം ആരംഭിക്കുക. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്ക് നടക്കുന്ന രണ്ടാം സെമിയില്‍ ഇംഗ്ലണ്ട് ഇന്ത്യയുമായി ഏറ്റുമുട്ടും. മെയ് 29 ശനിയാഴ്ച ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് ഫൈനല്‍.

https://dailynewslive.in/ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ ഗുരുതര ആരോപണവുമായി പാകിസ്ഥാന്‍ മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖ്. ഓസ്ട്രേലിയക്കെതിരായ സൂപ്പര്‍ എട്ട് മത്സരത്തില്‍ ഇന്ത്യന്‍ ടീം പന്തില്‍ കൃത്രിമം കാണിച്ചു എന്നാണ് ഇന്‍സമാം ആരോപിച്ചത്. ടീം പന്തില്‍ കൃത്രിമം കാണിച്ചതോടെയാണ് അര്‍ഷ്ദീപ് സിംഗിന് റിവേഴ്‌സ് സ്വിങ് ലഭിച്ചതെന്നും തെളിവുകളൊന്നും നിരത്താതെ ഇന്‍സമാം ആരോപിക്കുന്നു.

https://dailynewslive.in/ യൂറോ കപ്പ് ഫുട്‌ബോളില്‍ ഗ്രൂപ്പ് ഇയില്‍ നടന്ന സ്ലൊവാക്യ – റൊമാനിയ മത്സരം സമനിലയില്‍. ഇരു ടീമും ആദ്യ പകുതിയില്‍ ഓരോ ഗോള്‍ വീതം നേടിയാണ് സമനില പിടിച്ചത്. ഗ്രൂപ്പ് ഇയിലെ ബെല്‍ജിയം – യുക്രൈന്‍ മത്സരം ഗോള്‍ രഹിത സമനിലയിലായതോടെ പ്രീക്വാര്‍ട്ടര്‍ കാണാതെ യുക്രൈന്‍ പുറത്തായി. ഗ്രൂപ്പില്‍നിന്ന് ഒന്നാമതായി റൊമാനിയയും രണ്ടാമതായി ബെല്‍ജിയവും മൂന്നാമതായി സ്ലൊവാക്യയും അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി.

https://dailynewslive.in/ യൂറോ കപ്പ് ഫുട്‌ബോളില്‍ ഗ്രൂപ്പ് എഫിലെ നിര്‍ണായക മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ചെക്ക് റിപ്പബ്ലിക്കിനെ തോല്‍പ്പിച്ച് തുര്‍ക്കി പ്രീക്വാര്‍ട്ടറിലെത്തി. 90 മിനിറ്റുവരെ സമനിലയില്‍ തുടര്‍ന്ന മത്സരം ഇന്‍ജുറി ടൈമില്‍ നേടിയ ഗോളിലൂടെ തുര്‍ക്കി സ്വന്തമാക്കുകയായിരുന്നു. ഗ്രൂപ്പ് എഫിലെ മറ്റൊരു മത്സരത്തില്‍ യൂറോ കപ്പിന് ആദ്യമായി വന്ന ജോര്‍ജിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെതിരേ ചരിത്ര വിജയം നേടി പ്രീക്വാര്‍ട്ടര്‍ യോഗ്യത നേടി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ജോര്‍ജിയയുടെ ജയം. തോറ്റെങ്കിലും പോര്‍ച്ചുഗല്‍ ഗ്രൂപ്പ് ചാംപ്യന്മാരായാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. മൂന്നാം സ്ഥാനക്കാരായാണ് ജോര്‍ജിയയും രണ്ടാം സ്ഥാനക്കാരായാണ് തുര്‍ക്കിയും നോക്കൗട്ടിലെത്തിയത്.

https://dailynewslive.in/ ദേശീയ പാതകളില്‍ ഉപഗ്രഹാധിഷ്ഠിത ടോള്‍ പിരിവ് സംവിധാനം അടുത്ത വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് പ്രാവര്‍ത്തികമാക്കാന്‍ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം. ഡിസംബറിനുള്ളില്‍ ദേശീയ പാതയിലെ 5000 കിലോമീറ്റര്‍ ദൂരം ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റത്തിന്റെ (ജി.എന്‍.എസ്.എസ് ) പരിധിയില്‍ കൊണ്ടുവരും. തുടര്‍ന്ന് പൈലറ്റ് അടിസ്ഥാനത്തില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തോടെ 5000 കിലോമീറ്റര്‍ പ്രദേശത്ത് ആരംഭിക്കുന്ന പദ്ധതി വേണ്ട പരിഷ്‌ക്കാരങ്ങള്‍ക്ക് ശേഷം രാജ്യവ്യാപകമായി നടപ്പിലാക്കും. അതേസമയം, ഉപഗ്രാധിഷ്ഠിത ടോള്‍ പിരിവ് സംവിധാനം ഗതാഗത രംഗത്തെ ആധുനീകരിക്കുന്നതിനൊപ്പം റോഡിലെ തിരക്ക് കുറക്കുകയും ചെയ്യുമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. നിലവില്‍ 12.7 കോടി വാഹനങ്ങളാണ് രാജ്യത്തുള്ളത്. ഇതില്‍ ഒമ്പത് കോടി വാഹനങ്ങളില്‍ മാത്രമേ ഫാസ്റ്റ് ടാഗുള്ളൂ. കാല്‍ഭാഗം വാഹനങ്ങള്‍ക്കും ഫാസ്റ്റ് ടാഗ് ഇല്ലെന്നതാണ് ഇതിനര്‍ത്ഥം. കുറച്ചാളുകള്‍ ടോള്‍ പിരിവില്‍ നിന്നും സമര്‍ത്ഥമായി രക്ഷപ്പെടുന്നുണ്ട്. ഇവരെ കണ്ടെത്താനും ടോള്‍ വരുമാനത്തിലെ ചോര്‍ച്ചയടക്കാനും പുതിയ സംവിധാനത്തിനാകും. 10,000 കോടി രൂപയെങ്കിലും അധികമായി സര്‍ക്കാരിലേക്കെത്തും. ജി.എന്‍.എസ്.എസ് അധിഷ്ഠിത ടോള്‍ പിരിവ് സംവിധാനം സഞ്ചരിച്ച ദൂരത്തിന് മാത്രം ടോള്‍ നല്‍കാന്‍ കഴിയുന്ന തരത്തിലുള്ള ഇലക്ട്രോണിക് ടോള്‍ പിരിവാണ്. നിലവില്‍ വാഹനങ്ങളില്‍ പതിപ്പിച്ചിട്ടുള്ള ഫാസ്ട് ടാഗിനൊപ്പം പദ്ധതി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ടോള്‍ പ്ലാസകളില്‍ ജി.എന്‍.എസ്.എസ് അധിഷ്ഠിത ടോള്‍ ടാഗുള്ള വാഹനങ്ങള്‍ക്ക് പ്രത്യേക വരി ഏര്‍പ്പെടുത്തും. ക്രമേണ ഭൂരിപക്ഷം വരികളും ഈ സംവിധാനത്തിലേക്ക് മാറും. ആധുനിക ടോള്‍ പിരിവ് സംവിധാനം വരുന്നത് ചരക്ക്, യാത്രാ വാഹനങ്ങളുടെ സഞ്ചാരം സുഗമമാക്കും.

https://dailynewslive.in/ കൃഷ്ണ ശങ്കറും സുധി കോപ്പയും കിച്ചു ടെല്ലസും പ്രധാന വേഷങ്ങളില്‍ എത്തുന്ന കോമഡി എന്റര്‍ടെയ്നര്‍ ചിത്രമാണ് ‘പട്ടാപ്പകല്‍’. ജൂണ്‍ 28 ന് ചിത്രം തിയറ്ററുകളില്‍ എത്തുകയാണ്. ഇപ്പോഴിതാ അതിന് മുന്നോടിയായി ചിത്രത്തിന്റെ ഒരു സ്നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 51 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്. കോശിച്ചായന്റെ പറമ്പ് എന്ന ചിത്രത്തിന് ശേഷം സാജിര്‍ സദഫ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ‘പട്ടാപ്പകല്‍’. മ്യൂസിക് 247 ആണ് ചിത്രത്തിലെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ശ്രീ നന്ദനം ഫിലിംസിന്റെ ബാനറില്‍ എന്‍ നന്ദകുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് അര്‍ജുനാണ്. രമേശ് പിഷാരടി, ജോണി ആന്റണി, ഗോകുലന്‍, ഫ്രാങ്കോ ഫ്രാന്‍സിസ്, പ്രശാന്ത് മുരളി, വിനീത് തട്ടില്‍, രഞ്ജിത്ത് കൊങ്കല്‍, രഘുനാഥ്, നന്ദന്‍ ഉണ്ണി, ഡോ. രജിത് കുമാര്‍, ഗീതി സംഗീത, ആമിന, സന്ധ്യ തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

https://dailynewslive.in/ സിജു വില്‍സന്‍, നമൃത ബാലു വര്‍ഗീസ്, ധീരജ് ഡെന്നി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ‘പുഷ്പകവിമാനം’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഒരു നിമിഷത്തിന് നിങ്ങളുടെ ജീവിതം മാറ്റാവാനും എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. പ്രണയം, സൗഹൃദം, അതിജീവനം എന്നിവയ്ക്ക് പ്രാധാന്യം നല്‍കി ആക്ഷന്‍ മൂഡില്‍ ഒരുക്കിയിട്ടുള്ള ചിത്രമാണിത്. സന്ദീപ് സദാനന്ദനും ദീപു എസ് നായരും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രം നഗര ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ സൗഹൃദത്തിന്റെയും അതിജീവനത്തിന്റെയും കഥ രസാവഹമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നു. സിദ്ദിഖ്, മനോജ് കെ യു, ലെന എന്നിവര്‍ സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ പത്മരാജ് രതീഷ്, സോഹന്‍ സീനുലാല്‍, ഷൈജു അടിമാലി, ജയകൃഷ്ണന്‍, ഹരിത്, വസിഷ്ഠ് (മിന്നല്‍ മുരളി ഫെയിം) തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്. ഇവര്‍ക്ക് പുറമെ മലയാളത്തിലെ ഒരു പ്രമുഖ നടനും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

https://dailynewslive.in/ ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പായ ഇവൂമി താങ്ങാനാവുന്ന വിലയുള്ള ഇലക്ട്രിക് സ്‌കൂട്ടറായ എസ്1 ലൈറ്റ് പുറത്തിറക്കി . ഗ്രാഫീന്‍, ലി-അയോണ്‍ എന്നീ രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് പുതിയ സ്‌കൂട്ടര്‍ എത്തുന്നത്. ഗ്രാഫീന്‍ യൂണിറ്റ് 75 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ ഏഴുമുതല്‍ എട്ട് മണിക്കൂര്‍ വരെ എടുക്കും. അതേസമയം ലി അയേണ്‍ പായ്ക്ക് 85 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുന്നു. നാല് മണിക്കൂറിനുള്ളില്‍ ചാര്‍ജ് ചെയ്യാം. രണ്ട് വേരിയന്റുകളിലും 1.2 കിലോവാട്ട് മോട്ടോറും 1.8 കിലോവാട്ട് പീക്ക് പവറും 10.1 എന്‍എം ടോര്‍ക്കും ഉണ്ട്. ഗ്രാഫീന്‍ അയോണ്‍, ലിഥിയം അയോണ്‍ എന്നിവയ്ക്ക് യഥാക്രമം 54,999 രൂപ, 64,999 രൂപ എന്നിങ്ങനെയാണ് വില. പേള്‍ വൈറ്റ്, മൂണ്‍ ഗ്രേ, സ്‌കാര്‍ലറ്റ് റെഡ്, മിഡ്നൈറ്റ് ബ്ലു, റെഡ്, പീക്കോക്ക് ബ്ലു എന്നിങ്ങനെ ആറ് വ്യത്യസ്ത വര്‍ണ്ണ ഓപ്ഷനുകളുണ്ട് എസ്1 ലൈറ്റിന്. ബുക്കിംഗ് ആരംഭിച്ചു.

https://dailynewslive.in/ അഭിപ്രായസ്വാതന്ത്ര്യം, സഹിഷ്ണുത എന്നിവയ്‌ക്കൊക്കെ ഇടം ചുരുങ്ങിവരുന്ന സമകാലിക ഇന്ത്യയില്‍ ജനാധിപത്യവും അതിന്റെ അടിസ്ഥാനശിലകളിലൊന്നായ മാദ്ധ്യമങ്ങളും നേരിടുന്ന പ്രതിസന്ധികളാണ് സ്വാനുഭവത്തിന്റെ വെളിച്ചത്തില്‍ മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകന്‍ റൂബന്‍ ബാനര്‍ജി വരച്ചിടുന്നത്. കോവിഡ് മഹാമാരിയെ നേരിടുന്നതില്‍ ഇന്ത്യാ ഗവണ്‍മന്റ് വരുത്തിയ വീഴ്ചകളെ അടയാളപ്പെടുത്തിക്കൊണ്ട് ‘സര്‍ക്കാരിനെ കാണാനില്ല’ എന്ന മുഖവാചകവുമായി, താന്‍ പത്രാധിപരായിരുന്ന ഔട്ട്‌ലുക്ക് വാരിക പുറത്തിറങ്ങിയതോടെ സംഭവിച്ച പൊട്ടിത്തെറികളെക്കുറിച്ചും ഒരു പത്രാധിപര്‍ പൊടുന്നനെ തൊഴില്‍രഹിതനായതിനെക്കുറിച്ചുമാണ് ഗ്രന്ഥകാരന്‍ സവിസ്തരം പ്രതിപാദിക്കുന്നത്. സത്യം തുറന്നുപറയുന്നവര്‍ക്ക് വര്‍ത്തമാനകാലത്ത് നേരിടേണ്ടിവരുന്ന പൊള്ളിക്കുന്ന അനുഭവങ്ങളുടെ നാടകീയ അവതരണം. ‘പത്രാധിപരെ കാണാനില്ല’. പരിഭാഷ – ഷിജു സുകുമാരന്‍, എസ്. രാംകുമാര്‍. മാതൃഭൂമി. വില 238 രൂപ.

https://dailynewslive.in/ മസ്തിഷ്‌കത്തെ ഏറ്റവും ദുര്‍ബലപ്പെടുത്തുന്ന രോഗങ്ങളിലൊന്നാണ് ബ്രെയിന്‍ ട്യൂമര്‍. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുക മുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വരെ ബുദ്ധിമുട്ടിലാക്കുന്ന നാഡീ സംബന്ധമായ പ്രശ്നങ്ങള്‍ക്കും വൈകല്യങ്ങള്‍ക്കും ഇത് കാരണമാകും. കുട്ടികളില്‍ പ്രത്യക്ഷപ്പെടുന്ന ബ്രെയിന്‍ ട്യൂമര്‍ തിരിച്ചറിയാന്‍ ശരീരം നല്‍കുന്ന സൂചനകള്‍ മാതാപിതാക്കള്‍ കണ്ടെല്ലെന്ന് നടക്കരുത്. വേഗത്തിലുള്ള രോഗ നിര്‍ണയം കുട്ടികളുടെ ആരോഗ്യം വീണ്ടെടുക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. തലച്ചോറിലെ കോശങ്ങളുടെ അസാധാരണമായ വളര്‍ച്ചയാണ് ബ്രെയിന്‍ ട്യൂമര്‍. ഇത് അപകടകരമായത് (അര്‍ബുദത്തിന് കാരണമാകുന്നത് ) അപകടമില്ലാത്തത് ( അര്‍ബുദത്തിന് കാരണമാകാത്തത്, വളര്‍ച്ചാനിരക്ക് കുറഞ്ഞത്) എന്നിങ്ങനെ രണ്ട് തരത്തിലുണ്ട്. രാവിലെയുള്ള അവസഹിയമായ തലവേദന, ഓക്കാനം എന്നിയവാണ് പ്രാരംഭ ഘട്ടത്തിലെ ലക്ഷണങ്ങള്‍. ചികിത്സിച്ചില്ലെങ്കില്‍ ബ്രെയിന്‍ ട്യൂമര്‍ ജീവന്‍ നഷ്ടപ്പെടുന്ന ഘട്ടത്തിലേക്ക് നയിച്ചേക്കാം. കുട്ടികളില്‍ ബ്രെയിന്‍ ട്യൂമര്‍ ലക്ഷണങ്ങളില്‍ ഓക്കാനം, ഛര്‍ദ്ദി: ഇത് പലപ്പോഴും ഇന്‍ഫ്ലുവന്‍സ പോലുള്ളതിന്റെ ലക്ഷണങ്ങളാണെങ്കിലും സ്ഥിരമായ തലവേദനയ്‌ക്കൊപ്പം ഉണ്ടാകുന്നത് മസ്തിഷ്‌ക ട്യൂമറുമായി ബന്ധപ്പെട്ടതാണ്. രാവിലെ വഷളാകുകയും വിട്ടുമാറാതെ നില്‍ക്കുന്നതുമായ തലവേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും വൈദ്യ സഹായം തേടണം. ഇത് ചിലപ്പോള്‍ ബ്രെയിന്‍ ട്യൂമറുമായി ബന്ധപ്പെട്ടതാണ്. ബ്രെയിന്‍ സ്റ്റബ്ബിനോട് ചേര്‍ന്ന് ട്യൂമര്‍ പ്രത്യക്ഷപ്പെടുന്നത് ശരീരത്തിന്റെ ബാലന്‍സ് മെക്കാനിസത്തെ താറുമാറാക്കാം. ഇത് കുട്ടികളില്‍ ഏകോപന ബുദ്ധിമുട്ടുകള്‍ക്കും അസന്തുലിതാവസ്ഥയ്ക്കും ഇടയാക്കും. ഇടയ്ക്കിടെ മൂഡ് മാറുന്നത്, എല്ലാത്തില്‍ നിന്നും ഉള്‍വലിയുക, ആക്രമണ സ്വഭാവം തുടങ്ങിയ കുട്ടികളിലെ പ്രകടമായ മാറ്റങ്ങളും ബ്രെയിന്‍ ട്യൂമര്‍ ലക്ഷണങ്ങളാകാറുണ്ട്. തലച്ചോറിന്റെ ഉപരിഭാഗത്തില്‍ ട്യൂമര്‍ പ്രത്യക്ഷപ്പെടുന്ന കുട്ടികളില്‍ അപസ്മാരം ട്രിഗര്‍ ചെയ്യാന്‍ സാധ്യതയുണ്ട്.

*ശുഭദിനം*

*കവിത കണ്ണന്‍*

അന്ന് അയാള്‍ക്ക് ധാരാളം സാധനങ്ങള്‍ വാങ്ങുവാനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ റെയില്‍വേ സ്റ്റേഷനിലെത്താന്‍ അയാള്‍ വൈകി. ഓടിക്കിതച്ച് ട്രെയിനില്‍ കയറിയതും ടെയിന്‍ നീങ്ങിത്തുടങ്ങി. ക്ഷീണം കൊണ്ട് അയാള്‍ പെട്ടെന്ന് തന്നെ ഉറങ്ങിപ്പോയി. കണ്ണ് തുറന്നപ്പോള്‍ എന്തോ ഒരു പന്തികേട്. ആള്‍ക്കാരോട് ചോദിച്ചപ്പോള്‍ ട്രെയിന്‍ മാറിപ്പോയി എന്ന് മനസ്സിലായി. അടുത്ത സ്റ്റേഷന്‍ അന്വേഷിച്ചപ്പോള്‍ തൊട്ടടുത്തിരുന്നയാള്‍ പറഞ്ഞു: ഇത് നോണ്‍സ്‌റോപ്പ് ട്രെയിനാണ്. യാത്ര അവസാനിക്കുന്നത് നൂറ്റമ്പത് കിലോമീറ്റര്‍ അകലെയാണ്. താങ്കള്‍ പരിഭ്രമിക്കേണ്ടയാവശ്യമില്ല. ഇനിയുള്ള ഏകമാര്‍ഗ്ഗം ഈ യാത്ര ആസ്വദിക്കുക എന്നതാണ്. വണ്ടിമാറിക്കയറിയതുകൊണ്ട് ആഗ്രഹിച്ച കാഴ്ചകള്‍ നഷ്ടമായ ഒട്ടേറെപ്പേരുണ്ട്. ഓരോ ദിക്കിനും അതിന്റെതായ ലക്ഷണങ്ങളും പ്രത്യേകതകളുമുണ്ട്. അവ കാണണമെങ്കില്‍ അങ്ങോട്ട് തന്നെ യാത്ര ചെയ്യണം. ഓരോ നാല്‍ക്കവലയിലെത്തുമ്പോഴും നമ്മള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് ഇനിയെങ്ങോട്ട് പോകും എന്നുള്ളത്. എവിടെ എത്തിച്ചേരാനാണ് ആഗ്രഹം, ഏതൊക്കെ മാര്‍ഗ്ഗങ്ങളിലൂടെ അവിടെയെത്താം, എന്തൊക്കെ പ്രതിസന്ധികള്‍ അവിടെ നമ്മെ കാത്തിരിക്കുന്നുണ്ട്, തിരിച്ചുവരവിനു സാധ്യതയുണ്ടോ എന്നുള്ള ചോദ്യങ്ങളെല്ലാം ശരിയായ തീരുമാനങ്ങളിലേക്കെത്താന്‍ നമ്മെ സഹായിക്കും. ഏതവസ്ഥയിലും പക്വമായ തീരുമാനങ്ങള്‍ എടുക്കാന്‍ നമുക്ക് സാധിച്ചാല്‍ യാത്രകള്‍ ലക്ഷ്യത്തിലെത്തുക തന്നെ ചെയ്യും. – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *