തമിഴ് സൂപ്പര്‍താരം വിക്രം നായകനായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘വീര ധീര ശൂരന്‍ പാര്‍ട്ട് 2’ എന്ന പേര് നല്‍കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എസ് യു അരുണ്‍ കുമാറാണ്. ആരാധകര്‍ക്കുള്ള താരത്തിന്റെ പിറന്നാള്‍ സമ്മാനമായി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും പുറത്തുവിട്ടു. രണ്ട് കൈകളിലും വടിവാളുകളുമായി മൃതദേഹങ്ങള്‍ക്ക് ഇടയില്‍ നില്‍ക്കുന്ന വിക്രമിനെയാണ് പോസ്റ്ററില്‍ കാണുന്നത്. ആക്ഷന്‍ ത്രില്ലറായിരിക്കും ചിത്രം എന്നാണ് പോസ്റ്ററില്‍ നിന്ന് ലഭിക്കുന്ന സൂചന. നിങ്ങള്‍ ഗ്യാങ്സ്റ്ററാണെങ്കില്‍ ഞാന്‍ മോസ്റ്ററാണ്. എന്ന അടിക്കുറിപ്പിലാണ് താരം പോസ്റ്റര്‍ പങ്കുവച്ചത്. പിന്നാലെ ചിത്രത്തിന്റെ ടീസറും പുറത്തുവന്നു. സിദ്ധാര്‍ത്ഥ് നായകനായി എത്തിയ ചിത്തയ്ക്ക് ശേഷം അരുണ്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. മലയാളി താരം സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എസ്ജെ സൂര്യ, ദുഷര വിജയന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജിവി പ്രകാശ് കുമാറാണ് സംഗീതം. എച്ച് ആര്‍ പിക്ചേഴ്സിന്റെ ബാനറില്‍ റിയ ഷിബുവാണ് ചിത്രം നിര്‍മിക്കുന്നത്.
വിക്രം ചിത്രം ‘വീര ധീര ശൂരന്‍ പാര്‍ട്ട് 2’ ടീസര്‍
