1 3

അയന്‍ മുഖര്‍ജി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന അസ്ത്രാവേഴ്‌സ് എന്ന സിനിമാ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രമാണ് ബ്രഹ്മാസ്ത്ര പാര്‍ട്ട് 1: ശിവ. സെപ്റ്റംബര്‍ 9ന് തിയറ്ററുകളില്‍ എത്താനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലെ ഒരു വീഡിയോ ഗാനം അണിയറക്കാര്‍ ഇന്ന് പുറത്തുവിട്ടു. ദേവാ ദേവാ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അമിതഭ് ഭട്ടാചാര്യയാണ്. സംഗീതം പ്രീതം. അരിജിത്ത് സിംഗും ജോനിത ഗാന്ധിയും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. വിവാഹത്തിനു ശേഷം രണ്‍ബീര്‍ കപൂര്‍, അലിയാ ഭട്ട് ജോഡി വീണ്ടും പ്രണയികളായി സ്‌ക്രീനിലെത്തുന്നു. ഫാന്റസി അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. അമിതാഭ് ബച്ചന്‍, മൌനി റോയ്, നാഗാര്‍ജുന തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം ‘ന്നാ താന്‍ കേസ് കൊട്’ ഓഗസ്റ്റ് 11ന് തീയേറ്ററുകളില്‍. നീണ്ട 25 വര്‍ഷത്തെ ചാക്കോച്ചന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് സിനിമ. നമ്മുടെ നാട്ടിന്‍ പുറവും സാധാരണ മനുഷ്യരും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും ആക്ഷേപഹാസ്യരൂപത്തിലാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. എസ്.ടി.കെ. ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിള നിര്‍മ്മാണവും, കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഉദയ പിക്‌ചേഴ്‌സ് എന്നീ ബാനറുകളുടെ കീഴില്‍ കുഞ്ചാക്കോ ബോബന്‍ സഹനിര്‍മ്മാണം നിര്‍വ്വഹിക്കുന്നു. തമിഴ് നടി ഗായത്രി ശങ്കര്‍ അഭിനയിക്കുന്ന അദ്യ മലയാള ചലച്ചിത്രം കൂടിയാണ് ഇത്. ബേസില്‍ ജോസഫ്, ഉണ്ണിമായ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. പവന് 320 രൂപയാണ് വര്‍ധിച്ചത്. 38,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്നനിലവാരത്തില്‍ സ്വര്‍ണവില എത്തി. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 4795 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 37,680 രൂപയായിരുന്നു സ്വര്‍ണവില. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 35 രൂപ ഉയര്‍ന്ന് 4770 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. ഇന്ന് 35 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3960 രൂപയാണ്.

ആഭ്യന്തര വിപണിയെ രക്ഷിക്കാന്‍ ചൈനീസ് ബജറ്റ് മൊബൈല്‍ ഫോണുകള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി 12,000 രൂപയില്‍ താഴെയുള്ള ചൈനീസ് ബജറ്റ് മൊബൈല്‍ ഫോണുകളുടെ വില്‍പ്പന നിരോധിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുള്ളതായാണ് സൂചന. ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ചൈനയിലെ ഷവോമി കമ്പനിയെ തീരുമാനം പ്രതികൂലമായി ബാധിക്കും. 2022 ജൂണ്‍ പാദത്തില്‍ ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ വില്‍പനയുടെ മൂന്നിലൊന്നും 12,000 രൂപയില്‍ താഴെയുള്ള വിഭാഗത്തിലായിരുന്നു. ഇതില്‍ 80 ശതമാനം ഫോണുകളും ചൈനീസ് കമ്പനികളുടേതാണെന്നാണ് കൗണ്ടര്‍പോയിന്റ് എന്ന മാര്‍ക്കറ്റ് ട്രാക്കറിന്റെ കണക്ക് വ്യക്തമാക്കുന്നത്. ഇന്ത്യയുടെ നീക്കത്തിനു പിന്നാലെ ഹോങ്കോങ്ങില്‍ തിങ്കളാഴ്ച ഷവോമിയുടെ ഓഹരികള്‍ വലിയ നഷ്ടം നേരിട്ടെന്നു ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

ജിടി സോള്‍ 49,996 (എക്‌സ്-ഷോറൂം ഇന്ത്യ) വിലയിലാണ് പുറത്തിറക്കിയിരിക്കുന്നത്. ഈ ഇ-സ്‌കൂട്ടര്‍ സ്ലോ-സ്പീഡ് വിഭാഗത്തിന് കീഴിലാണ് വരുന്നത്, ഹ്രസ്വദൂര യാത്രകള്‍ക്ക് അനുയോജ്യമാണ്. സ്‌കൂട്ടര്‍ രണ്ട് പതിപ്പുകളില്‍ ലഭ്യമാണ്. 50 മുതല്‍ 60 കിലോമീറ്റര്‍ പരിധിയുള്ള ലീഡ് 48വി 28എഎച്ച്, 60-65 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്ന ലിഥിയം 48വി 24എഎച്ച് ബാറ്ററികള്‍ ആണിവ. ജിടി സോളിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 25 കിമീ ആണ്. ഇതിന് ഉയര്‍ന്ന ഇന്‍സുലേറ്റഡ് ബിഎല്‍ഡിസി മോട്ടോര്‍ ഉണ്ട്. ഉയര്‍ന്ന ശക്തമായ ട്യൂബുലാര്‍ ഫ്രെയിമിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

‘ഹിറ്റ്ലറും തോറ്റ കുട്ടിയും’ എന്ന ഈ കഥാസമാഹാരം വിഭിന്ന ജീവിതാഖ്യാനങ്ങളുടെ സഞ്ചയികയാണ്. കെ.എസ് രതീഷ് ഈ ജീവിതപാതകളിലൂടെ സഞ്ചരിക്കുമ്പോള്‍, അതിന്റെ വന്യവും അപരിചിതവുമായ ആഴങ്ങളെ തിരിച്ചറിയുന്നു. ജീവിതം സുഗമമായ ഒരു സഞ്ചാരവഴിയല്ലെന്ന് ഓരോ കഥയിലൂടെയും ഓര്‍മ്മിപ്പിക്കുന്നു. ഒരു കഥയും ആഹ്ലാദത്തിന്റെ പ്രസന്നതയില്‍ അവസാനിക്കുന്നില്ല. പതിമൂന്ന് കഥകളും അതാണ് സാക്ഷ്യപ്പെടുത്തുന്നത്. മാതൃഭൂമി ബുക്‌സ്. വില 180 രൂപ.

ശരീരദുര്‍ഗന്ധം പലരെയും വിഷമിപ്പിക്കുന്ന ഒന്നാണ്. ദുര്‍ഗന്ധത്തിനു കാരണം വിയര്‍പ്പുനാറ്റമല്ല. മറിച്ച് ചര്‍മത്തിലെ ബാക്ടീരിയകള്‍ വിയര്‍പ്പുമായി കലരുമ്പോഴാണ് ദുര്‍ഗന്ധം ഉണ്ടാകുന്നത്. നല്ലതും ചീത്തയുമായ ബാക്ടീരിയ ഉള്ളതുകൊണ്ട് ശരീരദുര്‍ഗന്ധവും വ്യത്യസ്തമായിരിക്കും. ഹോര്‍മോണ്‍ വ്യതിയാനം, ചില മരുന്നുകളുടെ ഉപയോഗം, പ്രമേഹം, കരള്‍ രോഗം, തൈറോയ്ഡ് തുടങ്ങിയ രോഗാവസ്ഥകള്‍, ഇതുകൂടാതെ നാം കഴിക്കുന്ന ഭക്ഷണം എന്നിവയാണ് ശരീരദുര്‍ഗന്ധം ഉണ്ടാകാന്‍ കാരണം. നമ്മള്‍ കഴിക്കുന്ന ഭക്ഷണം നമ്മുടെ ശരീരഗന്ധവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണമായി സള്‍ഫര്‍ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരദുര്‍ഗന്ധത്തിന് കാരണമാകും. ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുക വഴി ഒരു പരിധിവരെ ശരീരദുര്‍ഗന്ധം കുറയ്ക്കാന്‍ സാധിക്കും. ശരീരദുര്‍ഗന്ധം ഉണ്ടാക്കുന്ന ഭക്ഷണങ്ങളില്‍ ചിലത് ഇതാണ്. ഉള്ളിയില്‍ സള്‍ഫ്യൂരിക് ആസിഡ് ധാരാളം ഉണ്ട്. ഇത് ചര്‍മത്തിലെ വിയര്‍പ്പുമായി ചേര്‍ന്ന് അത്ര സുഖകരമല്ലാത്ത ഗന്ധം ശരീരത്തിനുണ്ടാക്കും. വെളുത്തുള്ളിയുടെ ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ ആകാം ഒരു പ്രത്യേക ശരീരഗന്ധം വരാന്‍ കാരണം. ജീരകം, ഉലുവ തുടങ്ങിയവ മെറ്റബോളിസം വേഗത്തിലാക്കാന്‍ സഹായിക്കും. എന്നാല്‍ ശരീരദുര്‍ഗന്ധത്തിനും ഇവ കാരണമാകും. മദ്യപാനം മൂലവും ശരീരദുര്‍ഗന്ധം ഉണ്ടാകാം. കഴിക്കുന്ന മദ്യത്തില്‍ അധികവും കരള്‍, അസെറ്റിക് ആസിഡ് ആയി മാറ്റുന്നു. ചിലത് വിയര്‍പ്പിലൂടെയും ശ്വാസത്തിലൂടെയും പുറന്തള്ളപ്പെടുന്നു. കാപ്പി ഉള്‍പ്പെടെ കഫീന്‍ അടങ്ങിയ എല്ലാ പാനീയങ്ങളും ശരീരഗന്ധത്തിനു കാരണമാകും.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 79.61, പൗണ്ട് – 96.26, യൂറോ – 81.36, സ്വിസ് ഫ്രാങ്ക് – 83.48, ഓസ്ട്രേലിയന്‍ ഡോളര്‍ – 55.55, ബഹറിന്‍ ദിനാര്‍ – 211.17, കുവൈത്ത് ദിനാര്‍ -259.59, ഒമാനി റിയാല്‍ – 207.04, സൗദി റിയാല്‍ – 21.18, യു.എ.ഇ ദിര്‍ഹം – 21.67, ഖത്തര്‍ റിയാല്‍ – 21.87, കനേഡിയന്‍ ഡോളര്‍ – 61.85.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *