yt cover

ഭൂമി അഴിമതി കേസില്‍ എന്‍ഫോഴ്സ്മെന്റ് അറസ്റ്റു ചെയ്ത ഹേമന്ത് സോറന്‍ ജാര്‍ക്കണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. കസ്റ്റഡിയിലെടുത്ത സോറന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് രാത്രി രാജ്ഭവനിലെത്തി രാജിക്കത്തു നല്‍കിയത്. സംസ്ഥാനം ഭരിക്കുന്ന ജാര്‍ക്കണ്ഡ് മുക്തി മോര്‍ച്ചയുടെ നേതൃത്വത്തിലുള്ള എംഎല്‍എമാര്‍ ഗവര്‍ണറെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രി ചംപായ് സോറനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

രാജിവച്ച ജാര്‍ക്കണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെതിരേ മൂന്നു കള്ളപ്പണ കേസുകളാണ് എന്‍ഫോഴ്സ്മെന്റിന്റെ കൈകളിലുള്ളത്. 2020- 22 ല്‍ വ്യാജരേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുത്തെന്നാണ് ഒരു കേസ്. ഒരേക്കറോളം ഖനിയുടെ പാട്ടക്കരാര്‍ തട്ടിയെടുത്തെന്ന കേസുമുണ്ട്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനാല്‍ കഴിഞ്ഞ ദിവസം സോറന്‍ മുങ്ങിയിരിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കു വീട്ടിലെത്തിയ സോറനെ ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തശേഷമാണ് അറസ്റ്റു ചെയ്തത്. ഇതേസമയം, സോറന്‍ നല്‍കിയ പരാതിയില്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരേ റാഞ്ചി ധുര്‍വ പോലീസ് പട്ടിക ജാതി – പട്ടിക വര്‍ഗ പീഡന നിരോധന നിയമം പ്രകാരം സ്റ്റേഷനില്‍ കേസെടുത്തു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനും വീണയുടെ ഐ ടി കമ്പനിയായ എക്സാലോജിക്കുമെതിരായ സാമ്പത്തിക കേസിന്റെ അന്വേഷണം കേന്ദ്ര സര്‍ക്കാര്‍ സിരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന് കൈമാറി. എക്സാലോജിക്കിനെതിരേ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് നടത്തിയിരുന്ന അന്വേഷണമാണ് എസ് എഫ് ഐ ഒയ്ക്കു കൈമാറിയത്. കോര്‍പറേറ്റ് മന്ത്രാലയമാണ് പുതിയ ഉത്തരവിറക്കിയത്.

*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും*

മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ന്യൂ ഇയര്‍

കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

കേന്ദ്ര ബജറ്റ് ഇന്ന്. ഏപ്രില്‍ മാസത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ സമ്പൂര്‍ണ ബജറ്റല്ല ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ മൂന്നു മാസത്തിനകം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങളെ സ്വാധീനിക്കാവുന്ന നിര്‍ദേശങ്ങള്‍ക്കു സാധ്യത. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ മോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളെക്കുറിച്ചാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രസംഗിച്ചത്.

കെ- റെയില്‍ അട്ടിമറിക്കാന്‍ അന്യസംസ്ഥാന കോര്‍പറേറ്റ് ഭീമന്മാരില്‍നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ 150 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് പി.വി. അന്‍വര്‍ എംഎല്‍എ. അന്‍വറിന്റെ ആരോപണം കേട്ട് ചിരിക്കണോ അതോ മുഖ്യമന്ത്രിയുടെ ഗതികേട് ഓര്‍ത്ത് കരയണോ എന്ന് വിഡി സതീശന്‍. ഐടി കമ്പനിക്കാര്‍ നല്‍കിയ പണം മത്സ്യ ലോറിയില്‍ ചാവക്കാട് എത്തിച്ച് അവിടെനിന്ന് ആംബുലന്‍സില്‍ കൊണ്ടു പോയെന്നും അവിടെ നിന്നും ബെംഗളുരുവിലേക്കു കൊണ്ടുപോയെന്നുമാണ് ആരോപണം.

കെ. റെയില്‍ വിരുദ്ധ സമരം നടത്താന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ 150 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെക്കുറിച്ച് കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.

കോഴിക്കോട് വിമാനത്താവളത്തില്‍നിന്നുള്ള ഹജ്ജ് യാത്രാനിരക്ക് കുറയ്ക്കും. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുതന്നെന്ന് മന്ത്രി വി അബ്ദു റഹ്‌മാന്‍ വ്യക്തമാക്കി. നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും മുസ്ലിം ലീഗ് നേതാക്കളും കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു. മുസ്ലിം ലീഗ് എംപിമാരായ ഇ ടി മുഹമ്മദ് ബഷീര്‍, ഡോ. എം പി അബ്ദുസ്സമദ് സമദാനി, പി വി അബ്ദുള്‍ വഹാബ് എന്നിവര്‍ ന്യൂനപക്ഷ – ഹജ്ജ്കാര്യ മന്ത്രി സ്മൃതി ഇറാനിയെ കണ്ട് നിവേദനം നല്‍കിയിരുന്നു.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ : KSFE ഡയമണ്ട് ചിട്ടികള്‍ 2.0*

ചിട്ടിയില്‍ ചേരുന്ന 30 പേരില്‍ ഒരാള്‍ക്ക് സമ്മാനം ഉറപ്പ്. ഒരു കോടി രൂപയുടെ വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെ 4 കോടി രൂപയുടെ സമ്മാനങ്ങള്‍. ശാഖാതലത്തിലും മേഖലാതലത്തിലും സംസ്ഥാന തലത്തിലും ഡയമണ്ട് ആഭരണങ്ങള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ഉറപ്പ്. ഈ പദ്ധതി 2024 ജനുവരി 31 വരെ മാത്രം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 ,

ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455, *www.ksfe.com*

ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ ഒരു ഉള്ളടക്കവും ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിയമസഭയില്‍. നന്ദി പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു സതീശന്‍. ഭരണത്തെ അനാഥമാക്കിയാണ് നവ കേരള സദസ് നടത്തിയത്. സര്‍ക്കാരിന്റെ പരിപാടിയാണെന്നു പറഞ്ഞ് നടത്തിയ നവകേരള സദസില്‍ രാഷ്ട്രീയ പ്രസംഗമായിരുന്നു. സര്‍ക്കാരിന്റെ ചെലവിലല്ല പ്രതിപക്ഷത്തെ വിമര്‍ശിക്കേണ്ടത്. നവ കേരള സദസില്‍ പങ്കെടുത്ത 70 ശതമാനം പേരും തങ്ങള്‍ക്കു വോട്ട് ചെയ്യുമെന്നും സതീശന്‍.

കേന്ദ്ര സര്‍ക്കാരിനെതിരെ മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിമാരും ഡല്‍ഹിയില്‍ നടത്തുന്ന സമരത്തെ സമ്മേളനമായി ചിത്രീകരിക്കുകയാണെന്ന് പിണറായി വിജയന്‍. കേന്ദ്രത്തിനെതിരെ സംസാരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് മുട്ടു വിറയ്ക്കില്ല. സമ്മേളനമല്ല, സമരം തന്നെയാണ്. അഭിസംബോധന ചെയ്യാന്‍ ദേശീയ നേതാക്കളെ ക്ഷണിച്ചതിനെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭാര്യയുടെ പെന്‍ഷന്‍ തുക ഉപയോഗിച്ചാണു മകള്‍ വീണ ബിസിനസ് തുടങ്ങിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീണക്കും കമ്പനിക്കുമെതിരായ ആരോപണത്തില്‍ ആദ്യമായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരോപണങ്ങള്‍ വ്യാജമാണ്. തനിക്കും കുടുംബത്തിനുമെതിരെ ഉയരുന്ന തുടര്‍ ആരോപണങ്ങളുടെ ഭാഗമാണിത്. കൊട്ടാരം പോലുള്ള വീട് എന്നൊക്കെ പറഞ്ഞാണ് തനിക്കെതിരേ ആദ്യം ആക്രമണമുണ്ടായത്. ദുരാരോപണങ്ങളെല്ലാം ജനങ്ങള്‍ മനസിലാക്കി തള്ളിക്കളയുമെന്നും ‘ഒന്നും നമ്മളെ ഏശില്ലെ’ന്നും മുഖ്യമന്ത്രി പറഞ്ഞു.

വാഹന ഉടമകള്‍ ആധാര്‍ ലിങ്ക്ഡ് മൊബൈല്‍ നമ്പറുകള്‍ വാഹന്‍ പരിവാഹന്‍ ഡേറ്റാ ബേസില്‍ ഉള്‍പ്പെടുത്തണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. അവസാന തീയതി ഫെബ്രുവരി 29 ആണ്. സ്വയം അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കാത്ത വാഹന ഉടമകള്‍ ആര്‍ടിഒ ഓഫീസില്‍ അപേക്ഷ നല്‍കി മൊബൈല്‍ അപ്ഡേഷന്‍ പൂര്‍ത്തീകരിക്കാം.

പിസി ജോര്‍ജ് ബിജെപി അംഗത്വം സ്വീകരിച്ചു. പിസി ജോര്‍ജ്ജിന്റെ ജനപക്ഷം പാര്‍ട്ടി ബിജെപിയില്‍ ലയിക്കുകയും ചെയ്തു. ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖര്‍, വി മുരളീധരന്‍ എന്നിവരും നേതാക്കളായ പ്രകാശ് ജാവദേക്കര്‍, അനില്‍ ആന്റണി എന്നിവരും സന്നിഹിതരായിരുന്നു.

അങ്കമാലി മൂക്കന്നൂര്‍ കൂട്ടക്കൊലക്കേസില്‍ പ്രതി ബാബുവിന് വധശിക്ഷ. സ്മിതയെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ വിധിച്ചത്. മറ്റു രണ്ടു കൊലക്കേസില്‍ ഇരട്ട ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കണം. കേസിലെ വിവിധ വകുപ്പുകളിലായി 4,10,000 രൂപ പിഴയും അടക്കണം. സഹോദരന്‍ ശിവന്‍, ഭാര്യ വല്‍സല, മകള്‍ സ്മിത എന്നിവരെ പ്രതിയായ ബാബു വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ഫെബ്രുവരി 11 നായിരുന്നു കൊലപാതകം.

മസാല ബോണ്ട് കേസില്‍ മൊഴിയെടുക്കാന്‍ എന്‍ഫോഴ്സ്മെന്റ് നല്‍കിയ സമന്‍സിനെതിരേ വീണ്ടും തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചു. ഇഡി അയച്ചിരിക്കുന്ന സമന്‍സ് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിന് വിരുദ്ധമാണെന്നാണ് വിമര്‍ശനം.

ഭവന പദ്ധതിയില്‍ സൗജന്യമായി സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന വീടിനു മുന്നില്‍ ഭരണാധികാരിയുടെ ചിത്രം സ്ഥാപിക്കുന്നത് ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന നടപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാര്‍ ഈ ആവശ്യം ഉന്നയിച്ചപ്പോള്‍ സാധ്യമല്ലെന്ന നിലപാടാണ് കേരളം സ്വീകരിച്ചത്. അതിന്റെ പേരിലാണ് കേരളത്തിനുള്ള ഭവനനിര്‍മാണ ഫണ്ട് കേന്ദ്രം തടഞ്ഞത്. സംസ്ഥാന യുവജന കമ്മിഷന്റെ സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ പ്രതിബദ്ധതയുടെ കാര്യത്തില്‍ സംസ്ഥാനത്തെ യുവതലമുറ മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളാ ഇലക്ട്രോണിക്‌സ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (കെല്‍ട്രോണ്‍) മാനേജിംഗ് ഡയറക്ടറായി നാവികസേനാ മുന്‍ വൈസ് അഡ്മിറലും ഇലക്ട്രോണിക്സ് വിദഗ്ധനുമായ ശ്രീകുമാരന്‍ നായരെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എറണാകുളം കടവന്ത്ര സ്വദേശിയാണ് ശ്രീകുമാരന്‍ നായര്‍.

മുസ്ലിം ലീഗ് അനുകൂലികളുടെ നിയന്ത്രണത്തിലായിരുന്ന ഖത്തീബുമാരുടെ സംഘടനയെ സമസ്തയുടെ കീഴിലേക്കു മാറ്റി. ജംഇയ്യത്തുല്‍ ഖുതുബയാണ് ഇനി സമസ്തയുടെ പോഷക സംഘടനയായി പ്രവര്‍ത്തിക്കുക.

രാമായണ കഥാപാത്രങ്ങളുടെ പേരില്‍ പുതിയ കഥയുണ്ടാക്കി ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത പി ബാലചന്ദ്രന്‍ എം എല്‍എയെ പരസ്യമായി ശാസിക്കാന്‍ സിപിഐ തൃശൂര്‍ ജില്ലാ എക്‌സിക്യുട്ടീവ് യോഗം തീരുമാനിച്ചു. സി പി ഐ തൃശൂര്‍ ജില്ലാ കൗണ്‍സില്‍ സെക്രട്ടറി കെ കെ വത്സരാജ് അറിയിച്ചതാണ് ഇക്കാര്യം. വി എസ് പ്രിന്‍സ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗങ്ങളായ കെ പി രാജേന്ദ്രന്‍, സി എന്‍ ജയദേവന്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ ബാബുവിന്റെ 25.82 ലക്ഷം രൂപയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി. ബാര്‍ കോഴ ആരോപണത്തില്‍ വിജിലന്‍സ് കേസെടുത്തിനു പിറകേയാണ് ഇഡി അന്വേഷണം തുടങ്ങിയത്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ എക്സൈസ് മന്ത്രിയായിരിക്കെ ബാബുവിന്റെ സ്വത്തില്‍ വന്‍തോതില്‍ വര്‍ധനയുണ്ടായി എന്നാണ് കണ്ടെത്തല്‍.

കിറ്റക്‌സ് എംഡിയും ട്വന്റി 20 പാര്‍ട്ടി ചെയര്‍മാനുമായ സാബു എം ജേക്കബിനെതിരെ പൊലീസ് വീണ്ടും കേസെടുത്തു. പൊതുവേദിയില്‍ അധിക്ഷേപിച്ചെന്ന് ആരോപിച്ച് കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്‍ നല്‍കിയ പരാതിയിലാണ് പുത്തന്‍ കുരിശു പൊലീസ് കേസെടുത്തത്.

എറണാകുളം പിറവം നഗരസഭ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അട്ടിമറി വിജയം. ചെയര്‍പേഴ്സണായി ആറാം ഡിവിഷന്‍ അംഗം ജിന്‍സി രാജു വിജയിച്ചു. എല്‍ഡിഎഫിലെ ധാരണ പ്രകാരം സിപിഎം ചെയര്‍പേഴ്സണ്‍ സ്ഥാനം സിപിഐക്ക് കൈമാറാന്‍ രാജിവച്ചതായിരുന്നു. ചെയര്‍പേഴ്സണ്‍ ആയിരുന്ന ഏലിയാമ്മ ഫിലിപ്പിന്റെ വോട്ട് അസാധുവായതോടെ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് തുല്യ വോട്ടു ലഭിച്ചു. നറുക്കെടുപ്പിലൂടെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചത്.

പാലക്കാട് കൊപ്പം പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി. യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ അസീസിനെതിരെ സിപിഎമ്മിലെ എട്ട് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. യുഡിഎഫിലെ കോണ്‍ഗ്രസ് അംഗം ഷഫീഖ് അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു. ബിജെപി അംഗം വിട്ടുനിന്നു.

കാസര്‍കോട് 59 കാരനില്‍നിന്ന് പണം തട്ടിയ യുവതിയും ഭര്‍ത്താവും അടക്കമുള്ള ഹണിട്രാപ്പ് സംഘം പിടിയില്‍. കോഴിക്കോട് സ്വദേശിനിയും 29 കാരിയുമായ റുബീന, ഭര്‍ത്താവ് പെരുമണ്ണ സ്വദേശി 37കാരനായ ഫൈസല്‍, കാസര്‍കോട് ഷിറിബാഗിലു സ്വദേശി സിദീഖ്, മാങ്ങാട് സ്വദേശികളായ ദില്‍ഷാദ്, അബ്ദുല്ലക്കുഞ്ഞി റഫീഖ്, മുട്ടത്തൊടി സ്വദേശി നഫീസത്ത് മിസ് രിയ എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

തിരുവല്ല ഡയറ്റിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ശ്രമക്കേസില്‍ പോലീസ് പ്രതിയാക്കിയ മലയാളം വിഭാഗം അദ്ധ്യാപിക മിലീന ജെയിംസിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അധ്യാപിക ഇന്ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം.

അതിജീവിതയെ ബലാത്സംഗം ചെയ്ത കേസില്‍ പൊലീസില്‍ കീഴടങ്ങിയ പ്രതിയും മുന്‍ സര്‍ക്കാര്‍ പ്ലീഡറുമായ പി ജി മനുവിനെ ചോറ്റാനിക്കര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. പ്രതിയെ ഏഴു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

അമ്പലപ്പുഴ തോട്ടപ്പള്ളിയില്‍ യുവാവിനെ ഹെല്‍മെറ്റുകൊണ്ട് അടിച്ചു കൊന്ന കേസില്‍ ഡിവൈഎഫ്ഐ നേതാവ് അടക്കമുള്ള പ്രതികള്‍ പിടിയില്‍. ആനന്ദ ഭവനത്തില്‍ നന്ദു ശിവാനന്ദനാണ് (27) കൊല്ലപ്പെട്ടത്. ഡിവൈഎഫ്‌ഐ തോട്ടപ്പള്ളി മേഖല പ്രസിഡന്റ് തോട്ടപ്പള്ളി ‘ശിവകൃപ’യില്‍ ജഗത് സൂര്യന്‍ (22), സജിന്‍ (27), സഹോദരന്‍ സജിത്ത് (21), അര്‍ജുന്‍ (21), ഇന്ദ്രജിത്ത് (23) എന്നിവരാണ് അറസ്റ്റിലായത്.

വഴക്കു പറഞ്ഞതിനു വയോധികയായ വീട്ടമ്മയെ കോടാലിക്കൈ കൊണ്ട് അടിച്ചുകൊന്ന വീട്ടുജോലിക്കാരിക്ക് ജീവപര്യന്തം തടവും 5000 രൂപ പിഴയും ശിക്ഷ. ജാര്‍ഖണ്ഡ് സ്വദേശി സുശീല എന്ന ബംഗാരിപഹഡി (29) യെയാണ് പത്തനംതിട്ട അഡിഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2018 ഡിസംബര്‍ 26 ന് കോയിപ്രം പുല്ലാട് മുട്ടുമണ്‍ മേലത്തേതില്‍ പി എസ് ജോര്‍ജ്ജിന്റെ ഭാര്യ മറിയാമ്മ ജോര്‍ജ്ജിനെ (77) ആണ് കൊലപ്പെടുത്തിയത്.

കൊല്ലം പുനലൂരില്‍ പത്ത് വയസുകാരനോടു ലൈംഗിക വൈകൃതം കാണിച്ച എയ്ഡ്സ് രോഗിക്കു മൂന്നു ജീവപര്യന്തം തടവും 22 വര്‍ഷം കഠിന തടവും ശിക്ഷ. കൊല്ലം പുനലൂര്‍ പോക്സോ അതിവേഗ കോടതിയാണു 41 കാരനെതിരേ കടുത്ത ശിക്ഷ വിധിച്ചത്.

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ യുവതിക്ക് വീണ്ടും കഠിന തടവും പിഴയും ശിക്ഷ. വീണകാവ് അരുവിക്കുഴി മുരിക്കറ കൃപാലയത്തില്‍ സന്ധ്യയെയാണ് (31) കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. മൂന്ന് പോക്‌സോ കേസുകളിലാണ് സന്ധ്യ ശിക്ഷ അനുഭവിക്കുന്നത്.

മദ്യപിക്കാന്‍ പണം നല്‍കാത്തതിന് കോണ്‍ക്രീറ്റ് ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊന്നയാള്‍ അറസ്റ്റിലായി. തൃശൂര്‍ വിയ്യൂര്‍ സ്വദേശിയായ സ്വര്‍ണപണിക്കാരന്‍ മധുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മധുവിന്റെ പരിചയക്കാരനും വിയ്യൂര്‍ സ്വദേശിയുമായ ഉണ്ണിക്കുട്ടനെ അറസ്റ്റു ചെയ്തു.

കോഴിക്കോട് നാദാപുരത്ത് ഒന്‍പതു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 111 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ. കോഴിക്കോട് നാദാപുരം പോക്സോ കോടതിയാണ് ബന്ധുവായ മരുതോങ്കര സ്വദേശിയെ ശിക്ഷിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 52 വര്‍ഷം കഠിന തടവ്. കോന്നി ഐരവണ്‍ ചവണിക്കോട്ട്, പാറയില്‍ പുത്തന്‍ വീട്ടില്‍ സുനില്‍ മകന്‍ സുധീഷിനെ (24) യാണ് കോടതി ശിക്ഷിച്ചത്. രണ്ടു ലക്ഷത്തി നാല്‍പത്തയ്യായിരം രൂപ പിഴ അടയ്ക്കുകയും വേണം.

തൊടുപുഴയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഹോസ്റ്റല്‍ വാര്‍ഡന്‍ അറസ്റ്റില്‍. കരുനാഗപ്പള്ളി സ്വദേശി രാജീവിനെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

225 കിലോ കഞ്ചാവ് പിടിയിലായ കൊച്ചിയിലെ ഗുണ്ടാ നേതാവ് അനസിന് 36 വര്‍ഷം കഠിനതടവ് ശിക്ഷ. എറണാകുളം അങ്കമാലിയില്‍ 2021 ലാണ് കാറില്‍നിന്നു കഞ്ചാവ് പിടികൂടിയത്.

വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദു വിശ്വാസ പ്രകാരമുള്ള പൂജക്ക് വാരാണസി ജില്ലാകോടതി അനുമതി നല്‍കി. മസ്ജിദിന് താഴെ മുദ്രവെച്ച 10 നിലവറകളുടെ മുന്നില്‍ പൂജ നടത്താനാണ് അനുമതി.

ഭാരത് ജോഡോ ന്യായ് യാത്രക്കിടെ രാഹുല്‍ ഗാന്ധിയുടെ കാറിന്റെ ചില്ലു തകര്‍ന്നതു അക്രമികളുടെ കല്ലേറു മൂലമല്ല, സുരക്ഷയ്ക്കായി ഒരുക്കിയിരുന്ന വടം തട്ടിയാണെന്നു കോണ്‍ഗ്രസ്. ബിഹാറില്‍ നിന്ന് പശ്ചിമ ബംഗാളിലെ മാല്‍ഡയിലേക്ക് പ്രവേശിക്കാനിരിക്കെയാണ് കാറിന്റെ പുറകിലെ ചില്ലു തകര്‍ന്നത്. കാറിന്റെ ചില്ല് കല്ലുകൊണ്ട് പൊട്ടിയതാണെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചിരുന്നു. അപകടസമയത്ത് രാഹുല്‍ഗാന്ധി ബസിലായിരുന്നു.

കര്‍ണാടകയിലും ഗവര്‍ണര്‍ – സര്‍ക്കാര്‍ പോര്. സൈന്‍ ബോര്‍ഡുകളിലും പരസ്യ ബോര്‍ഡുകളിലും 60 ശതമാനം കന്നഡ ഭാഷ ഉപയോഗിക്കണമെന്ന കന്നഡ ഭാഷാ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ തിരിച്ചയച്ചു. ജനുവരി അഞ്ചിനാണ് ഓര്‍ഡിനന്‍സ് മന്ത്രിസഭ പാസ്സാക്കിയത്.

ഇലക്ട്രിക് ഷോക്ക് നല്‍കി ഡല്‍ഹി പൊലീസ് തങ്ങളെ ദേഹോപദ്രവമേല്‍പിച്ചെന്ന് പാര്‍ലമെന്റ് അതിക്രമ കേസിലെ പ്രതികള്‍ കോടതിയില്‍. ചില രാഷ്ട്രീയ നേതാക്കള്‍ക്കു പങ്കുണ്ടെന്നു പറയണമെന്ന് നിര്‍ബന്ധിച്ചുകൊണ്ടും കുറ്റസമ്മതത്തിനുമായാണ് മൂന്നാം മുറ പ്രയോഗിച്ചതെന്നും പ്രതികള്‍ ആരോപിച്ചു.

തമിഴ്നാട്ടില്‍ പൗരത്വ ഭേദതി നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ‘പൗരത്വ ഭേദഗതി നിയമം തമിഴ്നാട്ടില്‍ കാലുകുത്തില്ലെന്ന് ഞാന്‍ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുകയാണ്. അന്ന് രാജ്യസഭയില്‍ എഐഡിഎംകെ പിന്തുണച്ചില്ലായിരുന്നെങ്കില്‍ ബില്‍ നിയമമായി മാറില്ലായിരുന്നു’ സ്റ്റാലിന്‍ പറഞ്ഞു.

ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പുതിയ കോണ്‍സല്‍ ജനറലായി ആന്ധ്രപ്രദേശ് കുര്‍ണൂല്‍ സ്വദേശി ഫഹദ് അഹമ്മദ് ഖാന്‍ സുരി ചുമതല ഏല്‍ക്കും. നിലവിലെ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം കാലാവധി കഴിഞ്ഞു മടങ്ങുകയാണ്.

തമിഴ്നാട്ടിലെ മധുരയില്‍ വീണ്ടും ദുരഭിമാനക്കൊല. സഹോദരിയെയും കാമുകനെയും 22 കാരന്‍ കൊലപ്പെടുത്തി. കൊല്ലപ്പെട്ട സതീഷ് കുമാറിന്റെ തല പൊതുസ്ഥലത്ത് പ്രദര്‍ശനത്തിനു വച്ചു. മധുര തിരുമംഗലം കൊമ്പാടിയിലാണ് ഇരട്ടക്കൊല നടന്നത്. 24 കാരിയായ സഹോദരി മഹാലക്ഷ്മിയും 26 വയസുള്ള കാമുകന്‍ സതീശ് കുമാറും ആണ് കൊല്ലപ്പെട്ടത്. മഹാലക്ഷ്മിയുടെ സഹോദരനും വയറിംഗ് തൊഴിലാളിയുമായ പ്രവീണ്‍കുമാറിനെ പോലീസ് തെരയുന്നു.

ബിസിസിഐ സെക്രട്ടറി ജയ് ഷായെ വീണ്ടും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റായി തെരഞ്ഞെടുത്തു. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ഐകകണ്ഠേനയായിരുന്നു തെരഞ്ഞെടുപ്പ്. ഒരു വര്‍ഷത്തേക്കാണ് ജയ് ഷായുടെ കാലാവധി നീട്ടിയത്.

കൊച്ചി ആസ്ഥാനമായ പ്രമുഖ പൊതുമേഖലാ കപ്പല്‍ നിര്‍മ്മാണ അറ്റകുറ്റപ്പണിശാലയായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് നടപ്പു വര്‍ഷം (2023-24) ഒക്ടോബര്‍-ഡിസംബറിലെ സംയോജിത ലാഭത്തില്‍ 120 ശതമാനത്തിലധികം വളര്‍ച്ച. മുന്‍ വര്‍ഷത്തിലെ സമാനപാദത്തിലെ 110.39 കോടി രൂപയില്‍ നിന്ന് 121.37 ശതമാനം ഉയര്‍ന്ന് 244.37 കോടി രൂപയുടെ ലാഭമാണ് രേഖപ്പെടുത്തിയത്. ഇക്കഴിഞ്ഞ ജൂലൈ-സെപ്റ്റംബറിലെ 181.52 കോടി രൂപയില്‍ നിന്ന് ലാഭം 25 ശതമാനം ഉയര്‍ത്താനും കപ്പല്‍ശാലയ്ക്ക് സാധിച്ചു. കമ്പനിയുടെ സംയോജിത വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 664.8 കോടി രൂപയില്‍ നിന്ന് 1,114.11 കോടി രൂപയിലുമെത്തി. 67 ശതമാനമാണ് വളര്‍ച്ച. കഴിഞ്ഞ സെപ്റ്റംബര്‍ പാദത്തിലെ 1,100.40 കോടി രൂപയേക്കാള്‍ നേരിയ വളര്‍ച്ചയും നേടാനായി. മൊത്ത വരുമാനത്തില്‍ 753 കോടി രൂപ കപ്പല്‍ നിര്‍മാണത്തില്‍ നിന്നും 303 കോടി രൂപ കപ്പല്‍ അറ്റകുറ്റപ്പണിയില്‍ നിന്നുമാണ്. അഞ്ച് രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 3.50 രൂപ വീതം ഇടക്കാല ഡിവിഡന്‍ഡും ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. നവംബറില്‍ പ്രഖ്യാപിച്ച പത്തു രൂപ മുഖവലിയുള്ള ഓഹരിയൊന്നിന് 8 രൂപ വീതമുള്ള ഡിവിഡന്‍ഡ് കൂടാതെയാണിത്. ഡിസംബര്‍ 13ന് കമ്പനിയുടെ 10 രൂപ മുഖവിലയുള്ള ഓഹരികള്‍ അഞ്ച് രൂപ വീതം വിലയുള്ള രണ്ട് ഓഹരികളാക്കി മാറ്റാന്‍ ബോര്‍ഡ് അനുമതി നല്‍കിയിരുന്നു. ജനുവരി 10ന് ഓഹരി വിഭജനവും നടന്നു. ആകെ 3.15 കോടി ഓഹരികളാണ് കമ്പനിക്കുണ്ടായിരുന്നത്. ഓഹരി വിഭജനത്തോടെ എണ്ണം 26.31 കോടിയായി. അതോടെ ഓഹരി വിലയും പാതിയായി. ജനുവരി ഒമ്പതിന് 1,337.4 രൂപയുണ്ടായിരുന്ന ഓഹരി വില വിഭജന ശേഷം 668.70 രൂപയായി പരിഗണിച്ചാണ് ജനുവരി 10 മുതല്‍ വ്യാപാരം ആരംഭിച്ചത്. വിഭജനശേഷം ഓഹരിയില്‍ കുതിപ്പ് പ്രകടമാകുകയും ചെയ്തു.

നിവിന്‍ പോളി ചിത്രം ‘പ്രേമം’ വീണ്ടും തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. 2015-ല്‍ പുറത്തിറങ്ങിയ അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രം കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചിരുന്നു. കേരളത്തിലല്ല, തമിഴ്‌നാട്ടിലാണെന്നുമാത്രം. നിവിന്‍ പോളി എന്ന നടന് മലയാളത്തിനുപുറമേ തെന്നിന്ത്യയിലെമ്പാടും ആരാധകരെ നേടിക്കൊടുത്ത ചിത്രമാണ് പ്രേമം. ഫെബ്രുവരി ഒന്നിന് തമിഴ്‌നാട്ടിലെ തിരഞ്ഞെടുക്കപ്പെട്ട തിയേറ്ററുകളിലാണ് പ്രേമം വീണ്ടും പ്രദര്‍ശനത്തിനെത്തുക. പല തിയേറ്ററുകളിലും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ചെന്നൈയില്‍ 200 ദിവസത്തോളം പ്രദര്‍ശിപ്പിച്ച ചിത്രംകൂടിയാണ് പ്രേമം. ഇതാദ്യമായല്ല പ്രേമം തമിഴ്‌നാട്ടില്‍ റീ റിലീസ് ചെയ്യുന്നത്. 2016 മാര്‍ച്ച് 18-ന് ട്രിച്ചിയിലും തിരുനെല്‍വേലിയിലും ചിത്രം വീണ്ടും റിലീസ് ചെയ്തു. തമിഴ്‌നാട്ടില്‍ റീ-റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമാണിത്. 2017 ഫെബ്രുവരി പത്തുമുതല്‍ പതിനാറുവരെ ഒരു തിയേറ്റര്‍ വിണ്ണൈത്താണ്ടി വരുവായ, രാജാ റാണി എന്നിവയ്ക്കൊപ്പം ചെന്നൈയില്‍ പ്രേമം വീണ്ടും റിലീസ് ചെയ്തു. നിവിന്‍ പോളിയുടെ ജന്മദിനത്തോടനുബന്ധിച്ച് 2019-ല്‍ ചിത്രം കേരളത്തിലും റീ റിലീസ് ചെയ്തിരുന്നു. ജോര്‍ജ് എന്ന യുവാവിന്റെ മൂന്ന് കാലഘട്ടങ്ങളിലെ പ്രണയങ്ങളായിരുന്നു ചിത്രത്തിന്റെ പ്രമേയം. അനുപമ പരമേശ്വരന്‍, സായി പല്ലവി, മഡോണ സെബാസ്റ്റ്യന്‍ എന്നിവരായിരുന്നു നായികമാര്‍. വിനയ് ഫോര്‍ട്ട്, സൗബിന്‍ ഷാഹിര്‍, ഷറഫുദ്ദീന്‍, സിജു വില്‍സണ്‍, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അല്‍ത്താഫ് സലിം, അനന്ത് നാഗ്, രഞ്ജി പണിക്കര്‍ എന്നിങ്ങനെ വലിയൊരു താരനിര തന്നെയുണ്ടായിരുന്നു ചിത്രത്തില്‍.

പൃഥ്വിരാജ് – ബ്ലെസി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ‘ആടുജീവിതം’ ഇന്ത്യയില്‍ വമ്പന്‍ പാന്‍ ഇന്ത്യന്‍ റിലീസ് പദ്ധതിയിടുന്നു. കേരളത്തിനു പുറത്ത് ചിത്രം വിതരണത്തിനെത്തിക്കുന്നത് അതാതു സംസ്ഥാനങ്ങളിലെ പ്രമുഖ വിതരണക്കമ്പനികളാണ്. കേരളത്തില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍ തന്നെ ചിത്രം വിതരണത്തിനെക്കും. തമിഴ്നാട്ടില്‍ റെഡ് ജയന്റും കര്‍ണാടകയില്‍ ഹോംബാലെയും തെലുങ്കില്‍ മൈത്രി മൂവി മേക്കേഴ്സും നോര്‍ത്തില്‍ എഎ ഫിലിംസുമാണ് സിനിമയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. ഓവര്‍സീസ് അവകാശം ഫാര്‍സ് ഫിലിംസിനാണ്. ഇതാദ്യമായാകും ഒരു മലയാള സിനിമയ്ക്കു വേണ്ടി ഇത്രയേറെ കമ്പനികള്‍ ഒന്നിച്ചെത്തുന്നത്. ബജറ്റ് ഇതുവരെയും വെളിപ്പെടുത്താത്ത ചിത്രം വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് എത്തുന്നത്. ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്‍), അമല പോള്‍, കെ.ആര്‍. ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്.

ഫ്രഞ്ച് വാഹന ബ്രാന്‍ഡായ സിട്രോണ്‍ ഇന്ത്യ പ്ലസ്, മാക്സ് എന്നീ പുതിയ ഓട്ടോമാറ്റിക് വേരിയന്റുകള്‍ അവതരിപ്പിച്ചുകൊണ്ട് ഇ3 എയര്‍ക്രോസ് എസ്യുവി മോഡല്‍ ലൈനപ്പ് വിപുലീകരിച്ചു. പ്ലസ് വേരിയന്റിന് 12.85 ലക്ഷം രൂപയും മാക്‌സ് വേരിയന്റിന് അഞ്ച് സീറ്ററിന് 13.50 ലക്ഷം രൂപയും 7 സീറ്റര്‍ പതിപ്പിന് 13.85 ലക്ഷം രൂപയുമാണ് വില. സൂചിപ്പിച്ച എല്ലാ വിലകളും ഇന്ത്യയിലെ എക്സ്-ഷോറൂം വിലകളാണ്. ഈ പുതിയ ഓട്ടോമാറ്റിക് വേരിയന്റുകളുടെ ബുക്കിംഗ് നിലവില്‍ നടക്കുന്നുണ്ട്. 25,000 രൂപയാണ് ബുക്കിംഗ് തുക. സിട്രോണ്‍ സി3 എയര്‍ക്രോസിന്റെ മാനുവല്‍ വകഭേദങ്ങള്‍ക്ക് നിലവില്‍ 9.99 ലക്ഷം മുതല്‍ 12.75 ലക്ഷം രൂപ വരെയാണ് വില. ഓട്ടോമാറ്റിക് വേരിയന്റുകളില്‍ ഒരേ 1.2ലി, 3സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. പുതിയ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മുഖേന മുന്‍ ചക്രങ്ങളിലേക്ക് പവര്‍ എത്തിക്കുന്നതിനൊപ്പം 109 ബിഎച്ച്പി കരുത്തും 205 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കുന്നു.

ഉമ്മന്‍ ചാണ്ടിയുടെ അനുകരണീയമായ മാതൃകയും സ്വഭാവവൈശിഷ്ട്യവും അനുഭവിച്ചറിഞ്ഞ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ അനന്യമായ പ്രവര്‍ത്തനശൈലിയുടെ വിവിധതലങ്ങള്‍ ഓര്‍ത്തെടുക്കുകയാണ്. രാഷ്ട്രീയമണ്ഡലത്തില്‍, ലാളിത്യത്തിലൂടെയും സ്‌നേഹസ്പര്‍ശങ്ങളിലൂടെയും അഭൂതപൂര്‍വ്വമായ ജനപിന്തുണയിലൂടെയും കേരളത്തെ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക രംഗങ്ങളെ ഉന്നതിയിലേക്ക് നയിക്കാന്‍ കഴിഞ്ഞു എന്നതാണ് ഉമ്മന്‍ ചാണ്ടിയുടെ മുഖമുദ്ര. ഒട്ടും കാര്‍ക്കശ്യമില്ലാത്ത അദ്ദേഹത്തിന്റെ പ്രവര്‍ത്തനരീതി യുവതലമുറയ്ക്കും ഒരു നേതാവ് എങ്ങനെയായിരിക്കണമെന്ന് പഠിക്കുന്നവര്‍ക്കും വെളിച്ചം പകരുന്നവയാണ് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച പ്രുഖ വ്യക്തികളുടെ ഈ ലേഖനങ്ങള്‍. ‘ഉമ്മന്‍ ചാണ്ടി : ഒരു നിഷ്‌കാമ കര്‍മ്മയോഗി’. എഡിറ്റര്‍: അഡ്വ.പി.എസ്. ശ്രീകുമാര്‍. ഗ്രീന്‍ ബുക്സ്. വില 213 രൂപ.

എനര്‍ജി ഡ്രിങ്കുകള്‍ നമ്മുടെ ഉറക്കത്തെ സാരമായി ബാധിക്കാമെന്ന് പുതിയ പഠനം. നോര്‍വേയില്‍ നടത്തിയ പഠനത്തില്‍ എനര്‍ജി ഡ്രിങ്ക് ശീലമാക്കിയവരില്‍ ഉറക്കത്തിന്റെ നിലവാരം വളരെ മോശമായിരിക്കുമെന്ന് കണ്ടെത്തി. ഓപ്പണ്‍-ആക്‌സസ് ജേണലായ ബിഎംജെയിലാണ് ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പ്രദ്ധീകരിച്ചിരിക്കുന്നത്. ഇത്തരക്കാരില്‍ ഇന്‍സോംനിയ (ഉറക്കം വരാത്ത അവസ്ഥ), ഉറക്കക്കുറവ് എന്നിവ നേരിടാം. വിദ്യാര്‍ഥികളില്‍ എനര്‍ജി ഡ്രിങ്കുകളുടെ ഉപയോഗം എത്രത്തോളം കൂടുന്നുവോ അത്രത്തോളം ഉറക്കമില്ലായ്മയും ഉണ്ടാകുമെന്നാണ് പഠനത്തില്‍ പറയുന്നത്. മാസത്തില്‍ ഒന്നു മുതല്‍ മൂന്ന് തവണ എനര്‍ജി ഡ്രിങ്ക് കുടിക്കുന്നതു പോലും ഉറക്കത്തെ ബാധിക്കാം. ഒരു ലിറ്റര്‍ എനര്‍ജി ഡ്രിങ്കില്‍ 150 മില്ലിഗ്രാം കഫൈനും കൂടാതെ പഞ്ചസാരയും, വൈറ്റമിനുകളും, ധാതുക്കള്‍, അമിനോ ആസിഡുകള്‍ എന്നിവ അടങ്ങിയിരിക്കുന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു. നോര്‍വേയില്‍ 18നും 35നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികളായ 53,266 പേരെയാണ് സര്‍വെയ്ക്കായി തെരഞ്ഞെടുത്തത്. ചോദ്യോത്തരങ്ങളിലൂടെ വിദ്യാര്‍ഥികളുടെ പ്രതികരണം രേഖപ്പെടുത്തി. ആറ് വിഭാഗമായി തിരിച്ചായിരുന്നു വിവരങ്ങള്‍ ശേഖരിച്ചത്. സ്ഥിരമായി എനര്‍ജി ഡ്രിങ്ക് കുടിക്കുന്നവര്‍, ആഴ്ചയില്‍ നാലോ ആറോ തവണ, ആഴ്ചയില്‍ രണ്ട് മുതല്‍ മൂന്ന് തവണ, ആഴ്ചയില്‍ ഒരിക്കല്‍, മാസത്തില്‍ ഒന്ന് മുതല്‍ മൂന്ന് തവണ, ഒരിക്കലുമില്ല എന്നിങ്ങനെയാണ് വിഭാഗങ്ങള്‍ തിരിച്ചത്. ഓരോ വിഭാഗത്തിന്റെയും ഉറക്ക രീതിയെ കുറിച്ചും സര്‍വെയില്‍ രേഖപ്പെടുത്തി. എനര്‍ജി ഡ്രിങ്ക് ഒരിക്കലും കുടിച്ചിട്ടില്ല, വല്ലപ്പോഴും കുടിക്കുന്നു എന്ന് പറഞ്ഞവരെക്കാള്‍ അരമണിക്കൂര്‍ കുറച്ചാണ് ദിവസവും എനര്‍ജി ഡ്രിങ്ക് ഉപയോഗിക്കുന്നവര്‍ ഉറങ്ങുന്നതെന്ന് ഗവേഷണത്തില്‍ കണ്ടെത്തി. ഉറങ്ങാന്‍ ദീര്‍ഘനേരമെടുക്കുന്നതും ഉറക്കത്തില്‍ നിന്ന് ഞെട്ടി എഴുന്നേക്കുന്ന കാര്യത്തിലും ഇതേ രീതി തന്നെയാണെന്നും പഠനത്തില്‍ ചൂണ്ടികാണിക്കുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *