mid day hd 5

 

നാളെ മുതല്‍ ഞായറാഴ്ചകളില്‍ സായാഹ്ന വാര്‍ത്തകള്‍ അപ് ലോഡ് ചെയ്യുന്നതല്ല. മണിക്കൂര്‍തോറുമുള്ള ന്യൂസ് അപ്‌ഡേറ്റ്‌സുകള്‍ക്കും രാത്രി വാര്‍ത്തകള്‍ക്കുമായി സന്ദര്‍ശിക്കുക: ംംം.റമശഹ്യിലംെഹെശ്‌ല.ശി

ചരക്കു കപ്പലില്‍നിന്ന് കടല്‍കൊള്ളക്കാരെ തുരത്തിയ ഇന്ത്യന്‍ നാവിക സേന അറബിക്കടലില്‍ നിരീക്ഷണം ശക്തമാക്കി. കൂടുതല്‍ കമാന്‍ഡോകളെ അറബിക്കടലില്‍ ദൗത്യവുമായി തുടരുന്ന യുദ്ധകപ്പലുകളില്‍ എത്തിക്കും. കടല്‍കൊള്ളക്കാരെ ശക്തമായി നേരിടണമെന്ന് നാവിക സേന മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍ നിര്‍ദ്ദേശം നല്‍കി. സൊമാലിയന്‍ തീരത്ത് കടല്‍കൊള്ളക്കാര്‍ റാഞ്ചിയ കപ്പല്‍ ഇന്നലെ നാവിക സേന മോചിപ്പിച്ചിരുന്നു. ഇസ്രയേല്‍ ഹമാസ് സംഘര്‍ഷം കടല്‍കൊള്ളക്കാര്‍ മുതലെടുക്കുകയാണന്നാണ് നാവിക സേനയുടെ വിലയിരുത്തല്‍.

കിഫ്ബി മസാല ബോണ്ട് കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ജനുവരി 12 ന് ചോദ്യം ചെയ്യലിന് കൊച്ചി ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

കായംകുളത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ ചില നേതാക്കള്‍ തന്നെ കാലുവാരിയെന്ന് സിപിഎം നേതാവ് ജി.സുധാകരന്‍. കാലുവാരല്‍ കലയായി കൊണ്ടു നടക്കുന്നവര്‍ കായംകുളത്തുണ്ട്. തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറിയായ കെ കെ ചെല്ലപ്പന്‍ തനിക്കെതിരെ നിന്നു. പാര്‍ട്ടി ശക്തി കേന്ദ്രമായ പത്തിയൂരിലും വോട്ടു കുറഞ്ഞു. സുധാകരന്‍ ആരോപിച്ചു.

വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛനെ പ്രതി അര്‍ജുനന്റെ ബന്ധു കുത്തിക്കൊല്ലാന്‍ ശ്രമിച്ചു. വണ്ടിപ്പെരിയാര്‍ ടൗണില്‍വച്ചാണ് കുത്തേറ്റത്. കേസില്‍ പോക്‌സോ കോടതി വെറുതെവിട്ട പ്രതി അര്‍ജുന്റെ ബന്ധു പാല്‍രാജാണ് കുത്തിയത്. പെണ്‍കുട്ടിയുടെ അച്ഛനെ വണ്ടിപ്പെരിയാര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡോക്ടറുടെ കുറിപ്പടിയില്ലാതെ മെഡിക്കല്‍ ഷോപ്പുകള്‍ ആന്റിബയോട്ടിക് മരുന്നുകള്‍ നല്‍കരുതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാന്‍ ഓപ്പറേഷന്‍ അമൃത് (ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് ഇന്റര്‍വെന്‍ഷന്‍ ഫോര്‍ ടോട്ടല്‍ ഹെല്‍ത്ത്) എന്ന പേരില്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം പരിശോധനകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

വിഴിഞ്ഞത്ത് വാണിജ്യ കപ്പലുകള്‍ മെയ് മുതല്‍ എത്തിത്തുടങ്ങും. നിലവില്‍ 15 ക്രെയിനുകളാണ് തുറമുഖത്തുള്ളത്. മാര്‍ച്ച് മാസത്തോടെ 17 ക്രെയിനുകള്‍ കൂടിയെത്തും. പുലിമൂട്ട് നിര്‍മ്മാണം അടുത്തമാസം തീര്‍ക്കും. സിപിഎം ഏറ്റെടുത്ത തുറമുഖ വകുപ്പിന്റെ മന്ത്രി വിഎന്‍ വാസവന്‍ അവലോകന യോഗത്തില്‍ പങ്കെടുത്ത് പുരോഗതി വിലയിരുത്തി. അദാനിക്കുള്ള വിജിഎഫ് ഉടന്‍ കൊടുക്കും. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തയാറാക്കിയ പുനരധിവാസ പാക്കേജ് അതേപോലെ നടപ്പാക്കില്ലെന്നു മന്ത്രി വാസവന്‍ പറഞ്ഞു.

പന്തളം രാജകുടുംബാംഗമായ കൈപ്പുഴ തെക്കേമുറി കൊട്ടാരത്തില്‍ ചോതിനാള്‍ അംബിക തമ്പുരാട്ടി അന്തരിച്ചു. 76 വയസായിരുന്നു. ദേഹവിയോഗംമൂലം പന്തളം ക്ഷേത്രം 11 ദിവസം അടച്ചിടും. ജനുവരി 17 നു ശുദ്ധി ക്രിയകള്‍ക്കു ശേഷം തുറക്കും. അതുവരെ ഘോഷയാത്രത്തിലെ തിരുവാഭരണ ദര്‍ശനം ഉണ്ടാവില്ല. രാജപ്രതിനിധി തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കില്ല.

കെഎസ് യു നേതാവ് അന്‍സില്‍ ജലീലിനെതിരായ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ ദേശാഭിമാനി പത്രം വ്യാജ രേഖ ചമച്ചെന്ന് വ്യക്തമായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംഭവത്തില്‍ പങ്കുള്ള ദേശാഭിമാനിയും സിപിഎമ്മും നഷ്ടപരിഹാരം നല്‍കണം. അദ്ദേഹം ആവശ്യപ്പെട്ടു.

കോളജിലെ വേണ്ടത്ര സൗകര്യങ്ങളില്ലെന്നു പരാതിപ്പെട്ടതിന് മലപ്പുറം എംസിടി ലോ കോളജിലെ വിദ്യാര്‍ത്ഥി നേതാവിനെ പുറത്താക്കി. കെ എസ് യു യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റോഷനെയാണ് പുറത്താക്കിയത്. പ്രതിഷേധിച്ച് രക്ഷിതാക്കളുടെ നേതൃത്വത്തില്‍ ഉപരോധ സമരം നടത്തി.

മൈലപ്രയില്‍ വ്യാപാരിയെ കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ സംഭവത്തില്‍ രണ്ടു പ്രതികള്‍ പിടിയില്‍. തമിഴ്‌നാട് സ്വദേശികളായ മുരുകന്‍, ബാലസുബ്രഹ്‌മണ്യന്‍ എന്നിവരെ തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ നിന്നാണ് പിടികൂടിയത്. മൂന്നാമത്തെയാള്‍ പത്തനംതിട്ട സ്വദേശി ഓട്ടോ ഡ്രൈവറാണെന്നാണ് സൂചന.

താമരശ്ശേരി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്നും സംഘര്‍ഷം. രാവിലെ സ്‌കൂളിന് സമീപത്തെ ട്യൂഷന്‍ സെന്ററില്‍നിന്നു പുറത്തിത്തിറങ്ങിയ വിദ്യാര്‍ത്ഥികളെ പുറത്തുനിന്നും എത്തിയവരാണ് മര്‍ദ്ദിച്ചത്. ഇന്നലെ വിദ്യാര്‍ത്ഥികള്‍ വയലിലും റോഡിലുമായി ഏറ്റുമുട്ടിയിരുന്നു.

ഒന്നര വയസുകാരനെ കിണറിലെറിഞ്ഞു കൊന്ന കേസിലെ പ്രതി, കുഞ്ഞിന്റെ അമ്മയുടെ സഹോദരി ഉറിയാക്കോട് മഞ്ചു എന്ന ബിന്ദു(36)വിനെ കാട്ടാക്കട കോടതി റിമാന്‍ഡ് ചെയ്തു. മഞ്ചുവിന്റെ മൂത്തസഹോദരി സിന്ധുവിന്റെ മകന്‍ അനന്തനാണ് കൊല്ലപ്പെട്ടത്.

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹമിന്റെ സ്ഥലം ലേലത്തില്‍ വാങ്ങിയത് ജ്യോതിഷ പ്രകാരമാണെന്ന് മുന്‍ ശിവസേന നേതാവും അഭിഭാഷകനുമായ അജയ് ശ്രീവാസ്തവ. രണ്ടു കോടി രൂപയ്ക്കാണ ദാവൂദിന്റെ സ്ഥലം അജയ് വാങ്ങിയത്. അവിടെ സ്‌കൂള്‍ ആരംഭിക്കുമെന്നാണ് അജയ് പറയുന്നത്.

റേഷന്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്ക് എത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരേ ബംഗാളില്‍ ആക്രമണം. ബന്‍ഗാവ് നഗരസഭ മുന്‍ ചെയര്‍മാനും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ശങ്കര്‍ ആദ്യയെ അറസ്റ്റു ചെയ്തുകൊണ്ടുപോകുമ്പോഴായിരുന്നു ഇഡി സംഘത്തെ കല്ലെറിഞ്ഞത്. കാറിന്റെ ചില്ലു തകര്‍ന്ന് മൂന്ന് ഉദ്യോഗസ്ഥര്‍ക്കു പരിക്കേറ്റു.

കുപ്രസിദ്ധ ഗുണ്ടാനേതാവ് ശരത് മോഹന്‍ (40) പൂനെയില്‍ വെടിയേറ്റു മരിച്ചു. സ്വന്തം അനുയായികളാണ് വെടിവച്ചുകൊന്നതെന്ന് പോലീസ് പറഞ്ഞു.

ഒരാഴ്ച മുമ്പ് വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ ക്രിക്കറ്റ് താരം അമ്പാട്ടി റായുഡു പാര്‍ട്ടി വിട്ടു. രാഷ്ട്രീയത്തില്‍ നിന്ന് ഇടവേളയെടുക്കുന്നുവെന്നും രാജി വച്ചെന്നും അമ്പാട്ടി റായുഡു അറിയിച്ചു.

ഇന്‍സ്റ്റഗ്രാം റീല്‍സ് ചിത്രീകരിക്കാന്‍ അമിത വേഗതയില്‍ അലക്ഷ്യമായി ഓടിച്ച വാഹനം അപകടത്തില്‍പെട്ട് നാലു പേര്‍ മരിച്ചു. രാജസ്ഥാനിലെ ജയ്‌സാല്‍മറില്‍ ഇന്‍സ്റ്റഗ്രാം താരങ്ങളായ റോഷന്‍ ഖാന്‍ (21), ഭവാനി സിങ് എന്നിവരും അവര്‍ ഓടിച്ച വാഹനമിടിച്ച് റോഡ് മുറിച്ചുകടക്കുകയായിരുന്ന 13 വയസുകാരന്‍ മനീഷും അമ്മ കലുമാണ് മരിച്ചത്.

ഹോളിവുഡ് നടന്‍ ക്രിസ്റ്റിയന്‍ ഒലിവറും രണ്ടു പെണ്‍മക്കളും വിമാനാപകടത്തില്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ച സ്വകാര്യ വിമാനം ടേക്ക് ഓഫിനു പിറകേ കരീബിയന്‍ കടലില്‍ പതിക്കുകയായിരുന്നു. 51 കാരനായ ക്രിസ്റ്റ്യന്‍ ഒലിവറിന്റെ മക്കളായ 12 വയസുള്ള അനികയും പത്തു വയസുള്ള മെഡിറ്റയും പൈലറ്റും മരിച്ചു.

പോര്‍ട്‌ലാന്‍ഡ് വിമാനത്താവളത്തില്‍നിന്ന് 171 യാത്രക്കാരെയുമായി പറന്നുയര്‍ന്ന വിമാനത്തിന്റെ ഡോര്‍ ആകാശമദ്ധ്യേ ഇളകിത്തെറിച്ചു. പരിഭ്രാന്തരായ യാത്രക്കാര്‍ നിലവിളിച്ചു. വിമാനം അടിയന്തിരമായി ലാന്‍ഡു ചെയ്തു. കാലിഫോര്‍ണിയയിലെ ഒന്റാറിയോയിലേക്ക് പുറപ്പെട്ട അലാസ്‌ക എയര്‍ലൈന്‍സിന്റെ എസ് 1282 വിമാനത്തിലാണ് നടങ്ങുന്ന സംഭവം ഉണ്ടായത്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *