s9 yt cover 1

പലസ്തീനിലെ ഇസ്രയേല്‍ കുടിയേറ്റത്തെ അപലപിക്കുന്ന പ്രമേയം ഐക്യരാഷ്ട്ര സഭ വോട്ടിനിട്ടു പാസാക്കി. പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്ത് ഇന്ത്യ. യുഎസ്, കാനഡ അടക്കമുള്ള ഏഴു രാജ്യങ്ങള്‍ യുഎന്‍ പ്രമേയത്തെ എതിര്‍ത്തു വോട്ടു ചെയ്തു. 18 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു.

പലസ്തീനികള്‍ക്കെതിരായ ഇസ്രായേല്‍ നടപടികളെ സ്വയം പ്രതിരോധമായി ന്യായീകരിക്കാനാകില്ലെന്നും ഗാസയിലെ ഇസ്രായേല്‍ യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്നും റിയാദില്‍ നടന്ന അറബ്-ഇസ്ലാമിക് ഉച്ചകോടി. ഗാസ മുനമ്പില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണം യുദ്ധക്കുറ്റമാണെന്നും അധിനിവേശ ഭരണകൂടത്തിന്റെ ക്രൂരവും മനുഷ്യത്വരഹിതവുമായ ഈ കൂട്ടക്കൊലകളെ ഉച്ചകോടി ശക്തമായി അപലപിക്കുന്നുവെന്നും വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിനോട് അതിഥി, സല്‍ക്കാര ചെലവുകളിലടക്കം ആറ് ഇനങ്ങളില്‍ 36 ഇരട്ടി വരെ വര്‍ധന ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള ഗവര്‍ണേഴ്‌സ് അലവന്‍സസ് ആന്‍ഡ് പ്രിവിലേജ് റൂള്‍സ് 1987 അനുസരിച്ചാണ് ഗവര്‍ണറുടെ ആനുകൂല്യങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്. ഈ ചട്ടങ്ങള്‍ അനുസരിച്ച് ആറിനങ്ങളില്‍ നല്‍കേണ്ട തുകയുടെ പരിധി 32 ലക്ഷം രൂപയാണ്. എന്നാല്‍, വര്‍ഷം 2.60 കോടി രൂപ നല്‍കണമെന്നാണ് രാജ്ഭവനില്‍ നിന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*

ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

കോണ്‍ഗ്രസ് ഈ മാസം 23ന് കോഴിക്കോട്ട് നടത്തുന്ന പലസ്തീന്‍ റാലി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ അധ്യക്ഷനാകും. പ്രതിപക്ഷ നേതാവ് വിഡി സതീശനെ കൂടാതെ സാദിഖലി തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും പ്രഭാഷകരാകും. എന്നാല്‍ പരിപാടിയില്‍ പ്രധാന പ്രഭാഷകരുടെ കൂട്ടത്തില്‍ ശശി തരൂരിന്റെ പേരില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്.

പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസ് വെള്ളം ചേര്‍ത്തിട്ടില്ലെന്നും, മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണെന്നും കെ മുരളീധരന്‍. ജനങ്ങളെ വിഭജിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ലോക്‌സഭാ തെരെഞ്ഞെടുപ്പാണ് സിപിഎം ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂരിന്റെ പ്രസ്താവനയാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പലസ്തീന്‍ പരിപാടിയില്‍ തരൂരിനെ വിളിക്കണമോയെന്ന് തീരുമാനിക്കേണ്ടത് സംഘടകരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കാന്‍ ശ്രമം. കോട്ടയത്തും കൊച്ചിയിലും കരിങ്കൊടി പ്രതിഷേധത്തിന് ശ്രമിച്ച കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തൃശൂരിലെ സര്‍ക്കാര്‍ ഓഫീസില്‍ പ്രാര്‍ത്ഥന സംഘടിപ്പിച്ചെന്ന പരാതിയില്‍ അന്വേഷണത്തിനായി സബ് കളക്ടറെ ചുമതലപ്പെടുത്തി ജില്ലാ കളക്ടര്‍. തൃശൂരിലെ ജില്ലാ ശിശു സംരക്ഷണ ഓഫീസില്‍ നെഗറ്റീവ് എനര്‍ജി പുറന്തള്ളാന്‍ പ്രാര്‍ഥന നടന്നതായും ഓഫീസ് സമയം തീരുന്നതിന് മുമ്പ് വൈകുന്നേരം നാലരയോടെയാണ് പ്രാര്‍ത്ഥന നടന്നതെന്നുമാണ് പരാതി.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

കെപിസിസിയുടെ വാര്‍ഷിക ഡയറി പുറത്തിറക്കിയതില്‍ വന്‍ സാമ്പത്തിക തിരിമറിയെന്ന് ആരോപണം. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണനെതിരെ കര്‍ഷക കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി അധ്യക്ഷന് പരാതി നല്‍കി. വ്യാപകമായ അഴിമതിയാണ് ഡയറി അച്ചടിയില്‍ നടന്നതെന്നാണ് ആരോപണം.

നവകേരള സദസിന് 50,000 രൂപ അനുവദിച്ച് വെട്ടിലായി യുഡിഎഫ് ഭരിക്കുന്ന ശ്രീകണ്ഠാപുരം നഗരസഭ. വെള്ളിയാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ 18 യുഡിഎഫ് അംഗങ്ങളില്‍ 17 പേര്‍ തീരുമാനത്തെ അനുകൂലിച്ചുവെന്നും തീരുമാനം പുനഃപരിശോധിക്കുമെന്നും നഗരസഭ അധ്യക്ഷ അറിയിച്ചു.

കുട്ടനാട്ടില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്‍ പ്രസാദിന്റെ കുടുംബം സന്ദര്‍ശിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ ജോണ്‍ വി സാമുവല്‍. കുടുംബത്തിന് സഹായം നല്‍കുന്ന കാര്യം പരിഗണനയിലെന്നും ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.

പോക്സോ കേസില്‍ പ്രതിയായ സിപിഎം മലപ്പുറം ജില്ലാക്കമ്മിറ്റി അംഗമായ വേലായുധന്‍ വള്ളിക്കുന്നിനെ ഒരാഴ്ചയായിട്ടും പിടികൂടാതെ പൊലീസ്. നടപടികളില്‍ മെല്ലെപ്പോക്ക് തുടരുന്ന പൊലീസ് പ്രതിക്ക് ഒളിവില്‍ പോകാനുള്ള സാഹചര്യം ഒരുക്കുന്നെന്നാണ് ആക്ഷേപം. എന്നാല്‍ പ്രതിയെ തേടി രണ്ട് തവണ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.

ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം കണ്ണൂരിലേക്ക് വിമാനത്തില്‍ യാത്ര ചെയ്ത് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ഇന്‍ഡിഗോ വിമാനക്കമ്പനി ഏര്‍പ്പെടുത്തിയ യാത്രാവിലക്കിന് പിന്നാലെ, കമ്പനി വിമാനം ബഹിഷ്‌കരിച്ച് ട്രെയിനിലായിരുന്നു എല്‍ഡിഎഫ് കണ്‍വീനറുടെ യാത്രകള്‍. എയര്‍ ഇന്ത്യ എക്സ്പ്രസ് കണ്ണൂര്‍-തിരുവനന്തപുരം സര്‍വീസ് തുടങ്ങിയതാണ് ജയരാജന് ഇപ്പോള്‍ ആശ്വാസമായത്.

ആരോഗ്യ കിരണം പദ്ധതി വഴിയുള്ള സൗജന്യ ചികിത്സ തുടരാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച് പാലക്കാട് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ആശുപത്രി പരിപാലന സമിതി ചെയര്‍മാന്‍ കൂടിയായ നഗരസഭാധ്യക്ഷന് നല്‍കിയ കത്ത് വിവാദമായി. ഇതേ തുടര്‍ന്ന് അടുത്ത ദിവസം ആശുപത്രി സന്ദര്‍ശനത്തിനെത്തിയ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നഗരസഭാധ്യക്ഷന്റെ സാന്നിധ്യത്തില്‍ തന്നെ ഇത് തിരുത്തി.

വീട്ടുവളപ്പില്‍ ആട് കയറിയതിനെ തുടര്‍ന്ന് അയല്‍വാസിയായ എറണാകുളം പാമ്പാക്കുട സ്വദേശിനി പ്രിയ മധുവിനും പതിനേഴുകാരനായ മകനും അയല്‍ക്കാരനായ വിമുക്തഭടന്‍ രാധാകൃഷ്ണനില്‍ നിന്ന് മര്‍ദ്ദനമേറ്റതായി പരാതി. കേസില്‍ പൊലീസ് തുടര്‍ നടപടിയെടുക്കുന്നില്ല എന്നാരോപിച്ച് വീട്ടമ്മ റൂറല്‍ എസ്പിക്ക് പരാതി നല്‍കി.

കോട്ടയം മീനടത്ത് പ്രഭാത സവാരിക്കിറങ്ങിയ അച്ഛനെയും മകനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുതുവയല്‍ വട്ടുളത്തില്‍ ബിനു (49), മകന്‍ ശ്രീഹരി (9) എന്നിവരാണ് മരിച്ചത്. വീടിന് സമീപമുള്ള ആളൊഴിഞ്ഞ വീട്ടിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മലപ്പുറം കുറ്റിപ്പുറത്ത് സ്വകാര്യ ബസും മിനി ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം. ദേശീയപാതയില്‍ കിന്‍ഫ്രക്ക് സമീപം പള്ളിപ്പടിയില്‍ ആണ് അപകടമുണ്ടായത്. അപകടത്തില്‍ ബസിലെ യാത്രക്കാര്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് പരിക്കേറ്റു.

വ്ലോഗര്‍മാരുടെ അപകടകരമായ ബൈക്ക് റേസിങ് വലിയ പ്രശ്നമുണ്ടാക്കുന്നുവെന്ന പൊലീസ് നിഗമനത്തില്‍ വ്ലോഗര്‍മാരായ ബൈക്ക് റേസര്‍മാരെ നിയന്ത്രിക്കാന്‍ തമിഴ്നാട്. അപകടകരമായ രീതിയില്‍ ബൈക്ക് ഓടിക്കുന്നവരുടെ പട്ടിക തയാറാക്കി. തുടര്‍ന്ന് 92 പേര്‍ക്കെതിരെ നടപടിക്ക് എഡിജിപി ശുപാര്‍ശ ചെയ്തു. സോഷ്യല്‍ മീഡിയ വീഡിയോകള്‍ പരിശോധിച്ച ശേഷമാണ് തീരുമാനം .

ഹൈദരാബാദില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിക്കിടെ പരേഡ് ഗ്രൗണ്ടില്‍ ലൈറ്റുകള്‍ സ്ഥാപിക്കാനായി നിര്‍മിച്ചിരുന്ന താത്കാലിക ടവറിന് മുകളില്‍ ഒരു യുവതി വലിഞ്ഞു കയറി. ഇതോടെ പ്രധാനമന്ത്രിയുടെ പ്രസംഗം താത്കാലികമായി തടസപ്പെട്ടു.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വക്താവ് പല്‍വായ് ശ്രാവന്തി പാര്‍ട്ടി വിട്ട് ബി.ആര്‍.എസില്‍ ചേര്‍ന്നു. പാര്‍ട്ടി തനിക്ക് വേണ്ട പരിഗണന നല്‍കുന്നില്ലെന്നതാണ് ശ്രാവന്തി പാര്‍ട്ടി വിടാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ബംഗ്ലാദേശിന്റെ ദേശീയ കവി എന്ന് അറിയപ്പെടുന്ന നസ്റൂള്‍ ഇസ്ലാമിന്റെ കവിത പിപ്പ എന്ന ചിത്രത്തിനായി സംഗീത സംവിധായകന്‍ എആര്‍ റഹ്‌മാന്‍ വികൃതമാക്കിയെന്ന് വിമര്‍ശനം. കവിയുടെ കുടുംബമാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഭാര്യ ബുഷ്‌റ ബീബി അഴിമതിക്കേസില്‍ ജയിലിലായേക്കുമെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയാണ് അന്വേഷണം നടത്തുന്നത്. നാളെ നേരിട്ട് ഹാജരാകാന്‍ ബീബിയ്ക്കും സഹായി ഫറ ഷഹ്സാദിക്കും എന്‍എബി നിര്‍ദേശം നല്‍കി. ബുഷ്റ നടത്തിയ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ചില നിര്‍ണായക വിവരങ്ങള്‍ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചെന്നാണ് സൂചന.

കൊലപാതക കുറ്റം ചുമത്തപ്പെട്ട് മൂന്ന് വര്‍ഷത്തോളം സൗദി ജയിലിലടക്കപ്പെട്ട ഉത്തര്‍പ്രദേശ് സ്വദേശി മൊലയ് റാമിന്റെ നിരപരാധിത്വം തെളിഞ്ഞു. മോചിതനായ ഇയാള്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങും.

കത്തോലിക്കാ സഭയില്‍ സ്വീകരിക്കുന്ന സമീപനങ്ങള്‍ക്കും നയങ്ങള്‍ക്കുമെതിരെ തുടര്‍ച്ചയായി രൂക്ഷ വിമര്‍ശനം നടത്തിയിരുന്ന ടെക്സാസിലെ ടെയ്ലര്‍ രൂപതയിലെ ബിഷപ്പായിരുന്ന ജോസഫ് സ്ട്രിക്ലാന്‍ഡിനെ പദവിയില്‍ നിന്നും നീക്കി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. അമേരിക്കയിലെ കത്തോലിക്ക സഭയിലും വിശ്വാസികള്‍ക്കിടയിലും ധ്രുവീകരണ ശ്രമങ്ങള്‍ നടത്തുന്നുവെന്ന നിരീക്ഷണത്തിലാണ് തീരുമാനം.

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ഇന്ത്യ-നെതര്‍ലാന്‍ഡ്സ് പോരാട്ടം. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു.

കേന്ദ്ര പൊതുമേഖല സ്ഥാപനമായ എല്‍.ഐ.സിയുടെ അറ്റാദായത്തില്‍ 50 ശതമാനം ഇടിവ്. സെപ്റ്റംബര്‍ 30ന് അവസാനിച്ച രണ്ടാംപാദത്തില്‍ 7,925 കോടിയാണ് എല്‍.ഐ.സിയുടെ അറ്റാദായത്. കഴിഞ്ഞ വര്‍ഷം രണ്ടാംപാദത്തില്‍ 15,952 കോടി അറ്റാദായമുണ്ടായിരുന്ന സ്ഥാനത്താണിത്. പ്രീമിയത്തില്‍ നിന്നുള്ള എല്‍.ഐ.സിയുടെ വരുമാനത്തില്‍ കുറവ് രേഖപ്പെടുത്തി. 1,07,397 കോടിയായാണ് വരുമാനം കുറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഇതേപാദത്തില്‍ 1,32,631.72 കോടി വരുമാനമുണ്ടായിരുന്ന സ്ഥാനത്താണിത്. എല്‍.ഐ.സിയുടെ ആകെ വരുമാനം 2,01,587 കോടിയായി കുറയുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേപാദത്തില്‍ 2.22 ലക്ഷം കോടി വരുമാനമുണ്ടായിരുന്ന സ്ഥാനത്താണ് ഇടിവ് രേഖപ്പെടുത്തിയത്.

ഡെസ്‌ക് ടോപ്പ് ഉപയോക്താക്കള്‍ക്കായി പുതിയ ടെക്സ്റ്റ് ഫോര്‍മാറ്റിങ് ടൂള്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. മെസേജിങ് കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ടൂള്‍. കോഡ് ബ്ലോക്കിങ്, ടെക്സ്റ്റ് ലിസ്റ്റ് തയ്യാറാക്കല്‍, പ്രത്യേക വാചകങ്ങള്‍ ഉദ്ധരിക്കല്‍ തുടങ്ങി വിവിധ സേവനങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്നവിധമാണ് പുതിയ ടൂള്‍ പ്രവര്‍ത്തിക്കുക. ടെക്‌സറ്റ് മെസേജിങ്ങില്‍ പുതിയ സ്‌റ്റൈല്‍ ഫോര്‍മാറ്റ് ഉപയോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുംവിധമാണ് ക്രമീകരണം. സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരാണ് പ്രധാനമായി കോഡുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ കോഡ് ബ്ലോക്ക് ഫീച്ചര്‍ വരുന്നതോടെ, എല്ലാ ഉപയോക്താക്കള്‍ക്കും കോഡുകള്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കും. സന്ദേശങ്ങള്‍ ഹൈലൈറ്റ് ചെയ്ത് അയക്കാന്‍ സാധിക്കും എന്നതാണ് ഇതിനെ ശ്രദ്ധേയമാക്കുന്നത്. മുന്‍ സന്ദേശങ്ങളോട് ഫലപ്രദമായി പ്രതികരിക്കാന്‍ സഹായിക്കുന്നതാണ് ക്വാട്ട് ബ്ലോക്ക് ഓപ്ഷന്‍. സ്വന്തമായി ക്വാട്ട് ബ്ലോക്ക് തയ്യാറാക്കി പ്രതികരിക്കാന്‍ കഴിയുംവിധമാണ് ക്രമീകരണം. വിവരങ്ങളെ ഫലപ്രദമായി ക്രമീകരിക്കാന്‍ സഹായിക്കുന്ന തരത്തിലാണ് ലിസ്റ്റ് ഓപ്ഷന്‍ കൊണ്ടുവരുന്നത്.

നരേന്‍ നായകനും മീരാ ജാസ്മിന്‍ നായികയുമാകുന്ന പുതിയ ചിത്രമാണ് ‘ക്യൂന്‍ എലിസബത്ത്’. സംവിധാനം നിര്‍വഹിക്കുന്നത് എം പത്മകുമാറാണ്. ക്യൂന്‍ എലിസബത്തിലെ ഒരു ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. ‘ചെമ്പകപൂവെന്തെ’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടിത്. ചിത്രത്തിനായി രഞ്ജിന്‍ രാജ് സംഗീത സംവിധാനം നിര്‍വഹിച്ചപ്പോള്‍ ‘ചെമ്പകപൂവെന്തെ’ എന്ന ഗാനം എഴുതിയത് ജോ പോളും ആലപിച്ചത് ഹരിചരണുമാണ്. ഛായാഗ്രാഹണം ജീത്തു ദാമോദറാണ്. നരേനും മീരാ ജാസ്മിനും ഒപ്പം ശ്വേതാ മേനോന്‍, രമേശ് പിഷാരടി, വി കെ പ്രകാശ്, ശ്യാമ പ്രസാദ്, ജോണി ആന്റണി, മല്ലികാ സുകുമാരന്‍, ജൂഡ് ആന്റണി ജോസഫ്, ആര്യ, ശ്രുതി രജനികാന്ത്, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോല്‍, ചിത്രാ നായര്‍ എന്നിവരും ‘ക്വീന്‍ എലിസബത്തി’ല്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്.

പൃഥ്വിരാജ്- മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലൊരുങ്ങുന്ന ‘എമ്പുരാന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. കയ്യില്‍ തോക്കേന്തി നില്‍ക്കുന്ന അബ്രാം ഖുറേഷിയെ പോസ്റ്ററില്‍ കാണാം. എന്തായാലും മികച്ചൊരു ആക്ഷന്‍- ത്രില്ലര്‍ ചിത്രമായിരിക്കും എമ്പുരാന്‍ എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്‍’ മലയാളത്തിലേക്ക് എത്തുന്നത് മലയാളത്തിലെ ഏറ്റവും വലിയ ചിത്രം എന്ന ഖ്യാതിയോടെയാണ്. സ്റ്റീഫന്‍ നെടുമ്പള്ളി ആരായിരുന്നെന്നും എങ്ങനെയാണ് സ്റ്റീഫന്‍ അബ്രാം ഖുറേഷി ആയതെന്നുമാണ് എമ്പുരാന്‍ പ്രധാനമായും പ്രമേയമാക്കുന്നത്. ലൂസിഫറില്‍ കണ്ട ടൈംലൈനിന് മുന്‍പ് നടന്ന കാര്യങ്ങളും ശേഷം നടന്ന കാര്യങ്ങളും എമ്പുരാനില്‍ ഉണ്ടാവും. ലൂസിഫറിന്റെ തിരക്കഥാകൃത്ത് മുരളി ഗോപി തന്നെയാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. ടൊവിനോ തോമസ്, പൃഥ്വിരാജ് സുകുമാരന്‍, മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത് തുടങ്ങീ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. കൂടാതെ നിരവധി വിദേശ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഒക്ടോബറില്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിഞ്ഞ കാറുകളുടെ പട്ടിക പുറത്തുവന്നപ്പോള്‍ പത്തു മോഡലുകളുമായി മാരുതി സുസുക്കി മുന്നില്‍. ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ 25 വാഹനങ്ങളില്‍ പകുതിയിലേറെയും മാരുതി സുസുക്കി മോഡലുകളാണ്. മാരുതി സുസുക്കി കഴിഞ്ഞാല്‍ രണ്ടാമത് അഞ്ചു മോഡലുകളുമായി ദക്ഷിണകൊറിയന്‍ കമ്പനിയായ ഹ്യുണ്ടേയാണ്. മഹീന്ദ്രയുടേയും ടാറ്റയുടേയും നാലു മോഡലുകള്‍ ഒക്ടോബറില്‍ കൂടുതല്‍ വിറ്റഴിഞ്ഞ കാറുകളുടെ പട്ടികയില്‍ ഇടം നേടി. കിയയുടെ മൂന്നു മോഡലുകളും ടൊയോട്ടയുടെ ഒരു മോഡലുമാണ് പട്ടികയിലുള്ളത്. ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ കാര്‍ മാരുതി സുസുക്കി വാഗണ്‍ ആറാണ്(22,080). ജനപ്രീതിയില്‍ രണ്ടാമത് 20,598 കാറുകളുമായി സ്വിഫ്റ്റാണുള്ളത്. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വില്‍പനയുള്ള എസ്.യു.വി എന്ന പെരുമയുമായി ടാറ്റ നെക്‌സോണ്‍ മൂന്നാമതെത്തി. നാല്, അഞ്ച് സ്ഥാനങ്ങളിലുള്ളത് മാരുതി സുസുക്കി മോഡലുകളായ ബലേനോ(16,594), ബ്രെസ(16,050) എന്നിവയാണ്. 15,000ത്തിലേറെ വാഹനങ്ങള്‍ വിറ്റ ടാറ്റ പഞ്ചാണ് ആറാമതുള്ളത്. ഏഴ്, എട്ട് സ്ഥാനങ്ങള്‍ വീണ്ടും മാരുതി സുസുക്കി സ്വന്തമാക്കി. ഏഴാമത് ഡിസയറും എട്ടാമത് എര്‍ട്ടിഗയുമാണുള്ളത്. മിഡ് എസ്.യു.വി വിഭാഗത്തില്‍ ശക്തമായ മത്സരത്തിനൊടുവില്‍ ക്രെറ്റയെ മറികടന്ന് മഹീന്ദ്ര സ്‌കോര്‍പിയോ മുന്നിലെത്തി. അഞ്ഞൂറോളം വാഹനങ്ങള്‍ കൂടുതല്‍ വിറ്റാണ് മഹീന്ദ്ര സ്‌കോര്‍പിയോ ഒമ്പതാമതെത്തിയത്. പത്താം സ്ഥാനം ഹ്യുണ്ടേയ് ക്രേറ്റക്കു തന്നെ.

മലയാള നോവല്‍സാഹിത്യത്തിലെ അചഞ്ചലമായ കൊടുമുടിയായി എക്കാലവും വിളങ്ങിനില്‍ക്കുന്ന മാര്‍ത്താണ്ഡവര്‍മ്മ എന്ന നോവലിന് പ്രസിദ്ധ എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ നല്‍കിയ ബാലഭാഷ്യം. തിരുവിതാംകൂറിന്റെ ഏറെ ചരിത്രപ്രധാനമായ ഒരു കാലഘട്ടത്തെയെടുത്ത് സി.വി. രാമന്‍പിള്ള ഇതിഹാസശൈലിയില്‍ സൃഷ്ടിച്ച നോവല്‍ വിസ്മയത്തിന്റെ ഗാംഭീര്യവും കെട്ടുറപ്പും നിലനിര്‍ത്തിക്കൊണ്ടുതന്നെ കുട്ടികള്‍ക്കു വായിച്ചുരസിക്കാനും അടുത്തറിയാനുമായി ലളിതമനോഹരശൈലിയിലുള്ള പുനരാഖ്യാനം. ‘പണ്ടുപണ്ടൊരു മാര്‍ത്താണ്ഡവര്‍മ്മ’. സുഭാഷ് ചന്ദ്രന്‍. മാതൃഭൂമി. വില 178 രൂപ.

നോണ്‍മെലനോമ ത്വക്ക് അര്‍ബുദം മൂലമുണ്ടാകുന്ന മരണങ്ങളില്‍ മൂന്നിലൊന്ന് തുടര്‍ച്ചയായി സൂര്യപ്രകാശത്തില്‍ ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ലോകാരോഗ്യ സംഘടനയും ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും സംയുക്ത റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. നോണ്‍മെലനോമ സ്‌കിന്‍ ക്യാന്‍സറില്‍ ചര്‍മ്മത്തിന്റെ മുകളിലെ പാളികളില്‍ വികസിക്കുന്ന ക്യാന്‍സറുകള്‍ ഉള്‍പ്പെടുന്നു, ബേസല്‍ സെല്‍ കാര്‍സിനോമയും സ്‌ക്വാമസ് സെല്‍ കാര്‍സിനോമയും ഇതിന്റെ പ്രധാന ഉപവിഭാഗങ്ങളാണ്. 2019ല്‍, ആഗോള തൊഴില്‍ പ്രായത്തിലുള്ള ജനസംഖ്യയുടെ 28% (ഏകദേശം 15 വയസോ അതില്‍ കൂടുതലോ പ്രായമുള്ള ഏകദേശം 1.6 ബില്യണ്‍ ) വ്യക്തികള്‍, വെളിയില്‍ ജോലി ചെയ്യുമ്പോള്‍ സോളാര്‍ അള്‍ട്രാവയലറ്റ് വികിരണത്തിന് വിധേയരായിട്ടുണ്ട്. 2019ല്‍ 183 രാജ്യങ്ങളില്‍ നിന്നുള്ള 19,000ത്തോളം ആളുകള്‍ നോണ്‍-മെലനോമ ത്വക്ക് അര്‍ബുദത്തിന് കീഴടങ്ങിയതായി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു, ഈ മരണങ്ങളില്‍ 65% പുരുഷന്മാരാണ്. ഈ മരണങ്ങള്‍ തടയുന്നതിനുള്ള അടിയന്തര നടപടികളുടെ ആവശ്യകത റിപ്പോര്‍ട്ട് അടിവരയിടുകയും ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാരുകളോടും തൊഴിലുടമകളോടും ആവശ്യപ്പെടുകയും ചെയ്തു. ജോലിസ്ഥലത്ത് സോളാര്‍ അള്‍ട്രാവയലറ്റ് വികിരണത്തിന്റെ സുരക്ഷിതമല്ലാത്ത എക്സ്പോഷര്‍ തൊഴില്‍ ത്വക്ക് കാന്‍സറിന് ഒരു പ്രധാന കാരണമാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *