mid day hd 8

 

കോണ്‍ഗ്രസില്‍ പോരുമായി എ, ഐ ഗ്രൂപ്പുകള്‍. അനുനയവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ബ്ലോക്ക് പ്രസിഡന്റ് അടക്കമുള്ള ഭാരവാഹി നിയമനങ്ങളില്‍ ഗ്രൂപ്പുകള്‍ നിര്‍ദേശിച്ചവരെ വെട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സ്വന്തക്കാരെ നിയമിച്ചെന്ന് ആരോപിച്ചാണ് ഗ്രൂപ്പുകള്‍ പോരാട്ടത്തിനിറങ്ങിയത്. കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ മറയാക്കി പാര്‍ട്ടി പിടിക്കാന്‍ സതീശന്‍ ശ്രമിക്കുന്നുവെന്നാണ് പ്രബല ഗ്രൂപ്പുകളുടെ പരാതി. കെ സുധാകരന്‍ വിഡി സതീശനുമായി ചര്‍ച്ചനടത്തും. രമേശ് ചെന്നിത്തലയും എംഎം ഹസനും ഉന്നയിച്ച പരാതികള്‍ സതീശനുമായി സംസാരിക്കും.

കോണ്‍ഗ്രസ് പുനസംഘടനാ തര്‍ക്കം കോടതി കയറുന്നു. പാര്‍ട്ടി ഭരണഘടനയ്ക്കു വിരുദ്ധമായാണ് ബ്ലോക്ക് പ്രസിഡന്റുമാരെ നിയമിച്ചതെന്നു ചൂണ്ടിക്കാട്ടി കണ്ണൂര്‍ മാടായി ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ വി സനില്‍ കുമാറാണ് തളിപ്പറമ്പ് മുന്‍സിഫ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ, കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ തുടങ്ങിയവരാണു പ്രതികള്‍.

രാജ്യാന്തര ഔഷധ നിര്‍മാണ കമ്പനിയായ ഫൈസറിന്റെ ചെന്നൈയിലെ ഗവേഷണകേന്ദ്രത്തിന്റെ ശാഖ കേരളത്തില്‍ ആരംഭിക്കാന്‍ പ്രാരംഭ ചര്‍ച്ചകള്‍. അമേരിക്കയിലെ കമ്പനി മേധാവികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ലോക കേരള സഭാ സമ്മേളനം നടക്കുന്ന ന്യൂയോര്‍ക്കിലെ മാരിയറ്റ് മര്‍ക്വേ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച.

കൊച്ചി കോര്‍പ്പറേഷനിലെ ജൈവമാലിന്യം രണ്ടു മാസംകൂടി ബ്രഹ്‌മപുരത്തേക്കു കൊണ്ടുപോകാന്‍ അനുവദിക്കും. മഴക്കാലത്ത് സ്വകാര്യ ഏജന്‍സികള്‍ വഴി ജൈവമാലിന്യം നീക്കാന്‍ പ്രയാസമായതിനാലാണ് തീരുമാനം. മന്ത്രി എം.ബി രാജേഷ്, മന്ത്രി പി. രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍നിന്നു വീണ്ടും മത്സരിക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍. പുതുമുഖങ്ങള്‍ക്കായി മാറിനില്‍ക്കാനും തയ്യാറെന്നും പാര്‍ട്ടി തീരുമാനിക്കട്ടെയെന്നും മുരളീധരന്‍ വ്യക്തമാക്കി.

റവന്യൂ വകുപ്പിലെ അഴിമതി സംബന്ധിച്ചു പരാതി അറിയിക്കാന്‍ ടോള്‍ഫ്രീ നമ്പര്‍. 1800 425 5255 എന്ന ടോള്‍ ഫ്രീ നമ്പറില്‍ പ്രവൃത്തി ദിനങ്ങളില്‍ ഓഫീസ് സമയത്തു വിളിക്കാം. പേരും വിലാസവും വെളിപ്പെടുത്താതെ വിവരങ്ങള്‍ കൈമാറാവുന്നതാണ്.

ഇടുക്കി ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളോടനുബന്ധിച്ച് നടക്കുന്ന ഓഫ് റോഡ് ഡ്രൈവിംഗിനു നിയന്ത്രണം. മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലാണ് തീരുമാനമെടുത്തത്. സുരക്ഷിതമായ ഓഫ് റോഡ് യാത്രക്ക് അനുമതി നല്‍കുന്നതിനായി സമിതി രൂപീകരിക്കും.

കോട്ടയം തലപ്പലം അമ്പാറയില്‍ നാല്‍പത്തെട്ടുകാരിയെ ഭാര്‍ഗവിയെ കൊലപ്പെടുത്തി. ഒപ്പം താമസിച്ചിരുന്ന ബിജുമോനെ പോലീസ് അറസ്റ്റു ചെയ്തു. പുലര്‍ച്ചെ മദ്യപാനത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വേറെ വിവാഹം കഴിച്ച ഇരുവരും രണ്ടു വര്‍ഷമായി ഒന്നിച്ചു താമസിച്ചുവരികയായിരുന്നു.

അരിക്കൊമ്പന്‍ കന്യാകുമാരി വന്യജീവി സങ്കേതത്തിലെത്തി. കിലോമീറ്ററുകളോളം നടന്നാണ് ഈ പ്രദേശത്ത് എത്തിയത്. റേഡിയോ കോളര്‍ സന്ദേശം ഇന്നലെ രാത്രിയാണ് പുനസ്ഥാപിച്ചത്.

അരിക്കൊമ്പന്റെ സുരക്ഷയക്കായി പ്രത്യേക പൂജ. വടക്കഞ്ചേരി ശ്രീ മഹാഗണപതി സഹായം ക്ഷേത്രത്തിലാണ് അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടന്നത്. കര്‍ണാടകയിലെ ഒരു ഭക്തയാണ് വഴിപാട് നേര്‍ന്നത്.

പത്തനംതിട്ട സീതത്തോട് സെന്റ് മേരീസ് മലങ്കര പള്ളി ഓഡിറ്റോറിയത്തില്‍ കയറിയ കാട്ടുപന്നിയെ വെടിവച്ച് കൊന്നു. സീതത്തോട് പഞ്ചായത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പന്നിയെ വെടിവച്ചത്.

മണിപ്പൂര്‍ കലാപത്തില്‍ സിബിഐ അന്വേഷണം തുടങ്ങി. ഗൂഢാലോചനയുള്‍പ്പെടെ ആറു കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്. മുഖ്യമന്ത്രി ബിരേന്‍സിംഗിനെതിരായ വികാരം ശക്തിപ്പെട്ടതോടെ വളരെ വിശദമായിത്തന്നെ അന്വേഷിക്കും. അതേസമയം, കലാപ മേഖലകളിലേക്ക് കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.

ഹരിയാനയിലെ ജെജെപി- ബിജെപി സഖ്യം ശക്തമായി മുന്നോട്ടു പോകുമെന്ന് ഹരിയാന ഉപ മുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല. സഖ്യത്തില്‍ അതൃപ്തിയുണ്ടെന്ന സൂചനകള്‍ക്കിടയാണ് ഈ പ്രതികരണം. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ 10 സീറ്റുകളിലും മത്സരിക്കാനുള്ള നടപടികള്‍ ജെജെപി തുടങ്ങിയെന്നും ദുഷ്യന്ത് ചൗട്ടാല പറഞ്ഞു.

ഗുസ്തി താരങ്ങളെ തെളിവെടുപ്പിന് എത്തിച്ചത് ബ്രിജ് ഭൂഷണ്‍ സമീപത്തുള്ളപ്പോഴാണെന്നു പരാതിക്കാരി. അവിടെ എത്തിയപ്പോള്‍ ബ്രിജ് ഭൂഷണെ കണ്ടു ഭയന്നു. തെളിവെടുപ്പിന് മതിയായ സ്വകാര്യതയും സുരക്ഷയും പോലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കിയില്ലെന്നും താരം പറഞ്ഞു.

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ന്യൂക്ലിയര്‍ വിവരങ്ങള്‍ അടക്കമുള്ള അമേരിക്കയുടെ രഹസ്യ രേഖകള്‍ അലക്ഷ്യമായി കുളിമുറിയിലും ഹാളിലുമാണു വച്ചിരുന്നതെന്ന് കുറ്റപത്രം. മിലിട്ടറി പ്ലാനുകളും അക്കൂട്ടത്തിലുണ്ടായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരോടെു നുണ പറഞ്ഞെന്നും അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു.

അഭയാര്‍ത്ഥി ബില്ലിനെ ചൊല്ലി ജപ്പാന്‍ പാര്‍ലമെന്റില്‍ കൈയാങ്കളി. ഇടതുപക്ഷ നിയമനിര്‍മ്മാതാക്കളാണ് കൈയാങ്കളിക്കു തുടക്കം കുറിച്ചത്. ഇമിഗ്രേഷന്‍ ചട്ടങ്ങള്‍ പരിഷ്‌കരിക്കാനും അഭയാര്‍ഥികള്‍ നേരിടുന്ന ദീര്‍ഘകാല തടങ്കല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമുള്ള ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുചെ ബില്ലിന് രണ്ട് പ്രതിപക്ഷ പാര്‍ട്ടികളായ ഡെമോക്രാറ്റിക് പാര്‍ട്ടി ഫോര്‍ ദി പീപ്പിള്‍, നിപ്പോണ്‍ ഇഷിന്‍ നോ കൈ എന്നിവ പിന്തുണച്ചിരുന്നു. എന്നാല്‍, കോണ്‍സ്റ്റിറ്റിയൂഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ജപ്പാനും ജാപ്പനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും നിയമത്തെ ശക്തമായി എതിര്‍ത്തു,

ഉത്തര കൊറിയയില്‍ ആത്മഹത്യ നിരോധിച്ചു. ഭആത്മഹത്യ ചെയ്യുന്നത് രാജ്യദ്രോഹ കുറ്റമായാണ് രണാധികാരി കിം ജോങ് ഉന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *