2023 ഏപ്രില്‍ മാസത്തിലെ രാജ്യത്തെ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയത് ഒല ഇലക്ട്രിക്ക് ആണ്. ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 21,882 യൂണിറ്റ് ഒല ടൂ വീലര്‍ ഏപ്രിലില്‍ വിറ്റഴിച്ചു. 2022 ഏപ്രിലില്‍ ഇത് 12,708 യൂണിറ്റായിരുന്നു. ഒല ഇലക്ട്രിക് ഇപ്പോള്‍ ഇന്ത്യയിലുടനീളം തങ്ങളുടെ ഓഫ്ലൈന്‍ റീട്ടെയില്‍ ശൃംഖല വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കമ്പനി രാജ്യത്തുടനീളം 500 സ്റ്റോറുകള്‍ ആരംഭിച്ചു, 2023 ഓഗസ്റ്റ് 15 ഓടെ മൊത്തം 1,000 സ്റ്റോറുകള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ കമ്പനി പദ്ധതിയിടുന്നു. റിപ്പോര്‍ട്ട് പ്രകാരം ടിവിഎസ് മോട്ടോഴ്സ് വില്‍പ്പനയില്‍ രണ്ടാം സ്ഥാനത്തായിരുന്നു. 2023 ഏപ്രിലില്‍ കമ്പനി ഐക്യൂബ് സ്‌കൂട്ടറിന്റെ 8,318 യൂണിറ്റുകള്‍ വിറ്റു. 2022 ഏപ്രിലില്‍ കമ്പനി 1,498 യൂണിറ്റുകള്‍ വിറ്റ സ്ഥാനത്താണ് ഈ വളര്‍ച്ച. ആംപിയര്‍ ഇവി ആണ് വില്‍പ്പനയില്‍ മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ മാസം കമ്പനി 8,318 യൂണിറ്റുകള്‍ വിറ്റു. അതേസമയം 2022ല്‍ ഈ കാലയളവില്‍ ഇത് 6,540 യൂണിറ്റായിരുന്നു. ഏഥര്‍ എനര്‍ജി 7,746 ഇലക്ട്രിക് സ്‌കൂട്ടറുകളും ബജാജ് ഓട്ടോ 4,013 യൂണിറ്റുകളും ഹീറോ ഇലക്ട്രിക് 3,331 യൂണിറ്റുകളും ഏപ്രിലില്‍ വിറ്റു.