◾വിവിധ സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്. ജമ്മുകാഷ്മീരില്‍ പതിനഞ്ചിടത്തും തമിഴ്നാട്ടില്‍ നാലിടത്തും ഉത്തര്‍പ്രദേശില്‍ രണ്ടിടത്തുമാണ് റെയ്ഡ് നടക്കുന്നത്. തമിഴ്നാട്ടില്‍ ചെന്നൈ, മധുര, തേനി, തിരിച്ചിറപ്പള്ളി എന്നിവിടങ്ങളില്‍ പിഎഫ്ഐ നേതാക്കളുടെ വീടുകളിലാണു പരിശോധന. മധുരയിലെ പിഎഫ്ഐ മേഖലാ തലവന്‍ മുഹമ്മദ് ഖൈസറിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. യുപിയില്‍ മറ്റൊരാളേയും അറസ്റ്റു ചെയ്തിട്ടുണ്ട്.
◾സെക്രട്ടേറിയറ്റ് നോര്‍ത്ത് സാന്‍ഡ് വിച്ച് ബ്ലോക്കില്‍ തീപിടിത്തം. വ്യവസായ മന്ത്രി പി രാജീവിന്റെ ഓഫീസിനു സമീപമാണ് ഇന്നു പുലര്‍ച്ചെയോടെ തീപിടിച്ചത്. മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറി കത്തിനശിച്ചു. പതിനഞ്ച് മിനിറ്റിനുള്ളില്‍ ഫയര്‍ഫോഴ്സ് സംഘമെത്തി തീയണച്ചു. തീപിടിത്തം ബന്ധപ്പെട്ട ഏജന്‍സികള്‍ അന്വേഷിക്കുമെന്ന് മന്ത്രി പി രാജീവ്. ഫയലുകള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
◾
*ഉത്സവാഘോഷങ്ങള്‍ ഇനി പുളിമൂട്ടില്‍ സില്‍ക്സിന്റെ പുതിയ വലിയ ഷോറൂമില്‍ തന്നെ*
പുളിമൂട്ടില്‍ സില്‍ക്സിന്റെ തൃശൂരിലെ പുതിയ വലിയ ഷോറൂമില്‍ ഇപ്പോള്‍ ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്സിനായി എക്സ്ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്ലോറില്‍ വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനോടൊപ്പം പ്രത്യേക ഗ്രൂം സ്റ്റുഡിയോയും ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരവും. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.
*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*
തൃശ്ശൂരിലെ പുളിമൂട്ടിൽ സിൽക്സിലെ വിശേഷങ്ങളറിയാം:
https://youtu.be/4-sqhUbTNeU
◾കോണ്‍ഗ്രസിന്റെ ലീഡേഴ്സ് മീറ്റ് വയനാട്ടില്‍ ആരംഭിച്ചു. കെപിസിസി ഭാരവാഹികളും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളും ഡിസിസി അധ്യക്ഷന്മാരുമാണ് പങ്കെടുക്കുന്നത്. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും. മീറ്റ് നാളെ വൈകുന്നേരം സമാപിക്കും.
◾പ്രതീക്ഷിച്ച അത്ര മുന്നോട്ടു പോകാനായില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് ലീഡേഴ്സ് മീറ്റില്‍. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലമാണത്. പുനഃസംഘടന പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് സമവായത്തിലെത്താന്‍ കഴിയാത്തതിനാലാണ്. എല്ലാവരും സഹകരിക്കണമെന്നും സുധാകരന് ആവശ്യപ്പെട്ടു.
◾സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സംഘടനായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ 1.80 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകേസില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം നല്കി. സംഘടനാ പ്രവര്‍ത്തനത്തിനുവേണ്ടി പിരിച്ച തുകയില്‍നിന്ന് മൂന്നു കോടി രൂപ തട്ടിയെടുത്തെന്നാണു പരാതി ഉയര്‍ന്നത്. എന്നാല്‍ യുഎന്‍എ ദേശീയ പ്രസിഡന്റ് ജാസ്മിന് ഷാ ഉള്‍പ്പെടെ ആറു പ്രതികള്‍ 1.80 കോടി രൂപയുടെ ക്രമക്കേടു നടത്തിയെന്നാണു കുറ്റപത്രത്തില്‍ ആരോപിച്ചിരിക്കുന്നത്.
◾താനൂരില്‍ 22 പേര് മരിച്ച ബോട്ടപകടത്തില്‍ ബോട്ട് ഓടിച്ച സ്രാങ്ക് ദിനേശനേയും സഹായിയേയും പിടികൂടാനായില്ല. അപകടത്തിനു പിറകേ, ഇരുവരും മുങ്ങിയിരുന്നു. ബോട്ടുടമയും ഒന്നാം പ്രതിയുമായ നാസറിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾സുപ്രീം കോടതി വിധി നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്സ് സഭ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. വിധി നടപ്പാക്കാന്‍ ചീഫ് സെക്രട്ടറിക്ക് ബാധ്യതയുണ്ടെന്നിരിക്കെ വൈകിപ്പിക്കുന്ന നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് സഭ കുറ്റപ്പെടുത്തി. ഓര്‍ത്തഡോക്സ് സഭ നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയും സുപ്രീം കോടതി ഇന്നു പരിഗണിക്കും.
◾അരിക്കൊമ്പന് തമിഴ്നാട് അതിര്‍ത്തിയിലെ മേഘമലയില്‍ തന്നെ. കേരള അതിര്‍ത്തിയില്‍ നിന്ന് എട്ടു കിലോമീറ്ററോളം അകലെയാണ് കൊമ്പന്. അരിക്കൊമ്പന് തിരികെ പെരിയാര്‍ കടുവ സങ്കേതത്തിലേക്ക് നീങ്ങുന്നുണ്ടെന്നാണ് സൂചന.
◾ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറുന്നു. നാളെയോടെ ‘മോക്ക’ ചുഴലിക്കാറ്റാകും. വടക്ക് – വടക്ക്പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുന്ന മോക്കാ ചുഴലിക്കാറ്റ് മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍കടന്ന് ബംഗ്ലാദേശ്- മ്യാന്മാര് തീരത്തേക്ക് നീങ്ങും. കേരളത്തെ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും മഴയ്ക്കു കാരണമാകും.
◾വൈദേകം റിസോര്‍ട്ട് കേസില്‍ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ അന്വേഷണ പുരോഗതി വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതി എന്‍ഫോഴ്സ്മെന്റിനു നോട്ടീസ് അയച്ചു. വൈദേകം റിസോര്‍ട്ടില്‍ കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് അഷ്റഫിന് കള്ളപ്പണ നിക്ഷേപമുണ്ടെന്നാണു ഹര്‍ജിയിലെ ആരോപണം.
◾കൊച്ചി നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടി. കോണ്‍ഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായതോടെ മൂന്നിനെതിരെ നാലു വോട്ടിന് സിപിഎം സ്ഥാനാര്‍ത്ഥി ജയിച്ചു. സിപിഎമ്മിലെ വിഎ ശ്രീജിത്താണ് തെരഞ്ഞെടുക്കപ്പെട്ടത്.
◾കണ്ണൂരില്‍ ലോറി ഡ്രൈവര്‍ ക്ലീനറെ തലക്കടിച്ച് കൊന്നു. കൊല്ലം സ്വദേശി സിദ്ദിഖ് (28)ആണ് കൊല്ലപ്പെട്ടത്. ഡ്രൈവര്‍ നിഷാദ് കണ്ണവം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. തര്‍ക്കം മൂത്ത് നിടുംപൊയില്‍ ചുരത്തില്‍ കൊലപ്പെടുത്തിയെന്നാണു കേസ്.
◾പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ചുപോയ യുവാവിനെയും യുവതിയെയും പൊലീസ് അറസ്റ്റു ചെയ്തു. തൊടുപുഴ സ്വദേശി മുപ്പതുകാരനായ യുവാവിനെയും തങ്കമണി സ്വദേശിനി ഇരുപത്തിയെട്ടുകാരിയേയുമാണ് അറസ്റ്റു ചെയ്തത്. യുവാവിന് ഭാര്യയും എഴും ഒന്‍പതും വയസുള്ള രണ്ടു മക്കളുമുണ്ട്. യുവതിക്ക് ഭര്‍ത്താവും നാലുവയസുള്ള മകളുമുണ്ട്.
◾നഗ്നരായി കാണാന്‍ സാധിക്കുന്ന കണ്ണട എന്നു പ്രചരിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ മലയാളികളടങ്ങുന്ന സംഘത്തെ ചെന്നൈയില്‍ പിടികൂടി. തൃശൂര്‍ സ്വദേശിയായ ഗുബൈബ്, വൈക്കം സ്വദേശി ജിത്തു, മലപ്പുറം സ്വദേശി ഇര്‍ഷാദ്, ബെംഗളൂരു സ്വദേശിയായ സൂര്യ എന്നിവരാണ് പിടിയാലയത്.
◾കല്യാണം കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയ വധു വരന്റെ വീടു കണ്ടതോടെ അകത്തേക്കു കയറാതെ വിവാഹത്തില്‍ നിന്ന് പിന്മാറി. തൃശൂര്‍ ജില്ലയിലെ കുന്നംകുളം തെക്കേപുറത്താണ് സംഭവം. ഓടും ഓലയുംകൊണ്ടുള്ള വീട്ടില്‍ ഒരു പെണ്‍കുട്ടിക്കു വേണ്ട മിനിമം സ്വകാര്യതപോലും ലഭിക്കില്ലെന്നാണു വധുവിന്റെ പരാതി. വരന്റേയും വധുവിന്റേയും വീട്ടുകാര്‍ തമ്മില്‍ സംഘര്‍ഷാവസ്ഥയായതോടെ പൊലീസ് സ്ഥലത്തെത്തി ഇരുകൂട്ടരോടും തത്കാലം പിരിഞ്ഞുപോകാന്‍ നിര്‍ദേശിച്ചു.
◾കര്‍ണാടകത്തില്‍ നാളെ നിയമസഭാ തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാറിനെതിരെ താന്‍ എഴുതിയതെന്ന പേരില്‍ പ്രചരിക്കുന്ന കത്ത് ബിജെപിയുടെ വ്യാജപ്രചാരണമാണെന്ന് കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് എഴുതിയതെന്ന പേരില്‍ പ്രചരിക്കുന്ന കത്ത് ആര്‍എസ്എസ് ഗൂഢാലോചനയാണെന്നു സിദ്ധരാമയ്യ ആരോപിച്ചു.
◾കര്‍ണാടകത്തിലെ തെരഞ്ഞെടുപ്പു റാലിയില്‍, മുസ്ലിം സംവരണം റദ്ദാക്കിയ ബിജെപി സര്‍ക്കാരിന്റെ നിലപാടിനെ അനുകൂലിച്ച്, ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസംഗത്തിനു സുപ്രീം കോടതിയുടെ വിമര്‍ശനം. മുസ്ലിം സംരവണം റദ്ദാക്കിയ ബിജെപി സര്‍ക്കാരിന്റെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ ഇത്തരം പ്രസ്താവനകള്‍ അരുതെന്ന് ജസ്റ്റിസ് നാഗരത്ന പറഞ്ഞു. കേസ് ജൂലൈ 25 ന് പരിഗണിക്കും.
◾മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ ബസ് പാലത്തില്‍നിന്നു താഴേക്കു പതിച്ച് 22 പേര് മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. ബസില്‍ അമ്പതോളം യാത്രക്കാരുണ്ടായിരുന്നു.
◾ദ കേരള സ്റ്റോറി സിനിമക്ക് നികുതി ഒഴിവാക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വെള്ളിയാഴ്ച ലഖ്നോവില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും പ്രത്യേക സ്ക്രീനിംഗ് നടത്തി സിനിമ കാണും. നേരത്തെ മധ്യപ്രദേശ് സര്‍ക്കാറും നികുതി ഒഴിവാക്കിയിരുന്നു.
◾പ്രായമായ വനിതാ രോഗികളെ പീഡിപ്പിച്ചതിന് ഇന്ത്യന്‍ വംശജനായ 68 കാരനായ ഡോക്ടര്‍ക്കെതിരെ കുറ്റപത്രം. അമേരിക്കയിലെ ജോര്‍ജിയയിലാണ് സംഭവം. രാജേഷ് മോട്ടിഭായ് പട്ടേല്‍ എന്ന ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്കെതിരെയാണു കേസ്.
◾അമേരിക്കയിലെ ടെക്സാസിലെ അലന് മാളിലുണ്ടായ വെടിവയ്പില്‍ ഇന്ത്യക്കാരിയും കൊല്ലപ്പെട്ടു. ഹൈദരബാദ് സരൂര് നഗര്‍ സ്വദേശി ജില്ലാ ജഡ്ജി നര്‍സി റെഡ്ഡിയുടെ മകള്‍ ഐശ്വര്യ തട്ടിഖോണ്ട എന്ന 27 കാരിയാണ് ടെക്സാസ് മാളിലെ വെടിവയ്പില്‍ കൊല്ലപ്പെട്ടത്. ഐശ്വര്യയുടെ സുഹൃത്തിനും വെടിയേറ്റിട്ടുണ്ട്.
◾പെറുവിലെ സ്വര്‍ണ ഖനിയിലുണ്ടായ സ്ഫോടനത്തില്‍ 27 പേര് മരിച്ചു. അരെക്വിപ മേഖലയിലെ ലാ എസ്പറന്‍സ 1 ഖനിക്കുള്ളിലാണ് തീപിടുത്തമുണ്ടായത്. സ്ഫോടനം നടക്കുമ്പോള്‍ തൊഴിലാളികള്‍ ഏതാണ്ട് 100 മീറ്റര്‍ താഴ്ചയിലായിരുന്നു. അപകടത്തെ തുടര്‍ന്ന് 175 തൊഴിലാളികളെ ഒഴിപ്പിച്ചു.
◾2023 ഏഷ്യ കപ്പ് ക്രിക്കറ്റ് ആതിഥേയത്വം ശ്രീലങ്കക്കെന്ന് സൂചന. ആതിഥേയത്വം വഹിക്കാനിരുന്ന പാകിസ്താന് തിരിച്ചടി. പാക്കിസ്ഥാനിലാണെങ്കില്‍ സുരക്ഷാ കാരണങ്ങളാല്‍ ഏഷ്യാ കപ്പില്‍ പങ്കെടുക്കില്ലെന്ന ഇന്ത്യന്‍ നിലപാടിനോട് ശ്രീലങ്കയും ബംഗ്ലാദേശും യോജിച്ചതോടെയാണ് വിഷയത്തില്‍ പാക്കിസ്ഥാന് ഒറ്റപ്പെട്ടത്.
◾ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സും റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മില്‍ ഏറ്റുമുട്ടും. വൈകീട്ട് 7.30നാണ് മത്സരം.
◾റിസര്‍വ് ബാങ്കിന്റെ കരുതല്‍ സ്വര്‍ണ ശേഖരം 2023 മാര്‍ച്ച് അവസാനത്തോടെ 34.22 ടണ്‍ വര്‍ധിച്ച് 794.64 ടണ്ണില്‍ എത്തി. 2022 മാര്‍ച്ചില്‍ ഇത് 760.42 ടണ്ണായിരുന്നുവെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. മൊത്തം വിദേശനാണ്യ കരുതല്‍ ശേഖരത്തിലെ സ്വര്‍ണത്തിന്റെ വിഹിതം 2022 സെപ്റ്റംബറിലെ 7.06 ശതമാനത്തില്‍ നിന്ന് 2023 മാര്‍ച്ചില്‍ 7.81 ശതമാനമായി ഉയര്‍ന്നു. കരുതല്‍ ശേഖരം 2022 സെപ്റ്റംബര്‍ വരെ രേഖപ്പെടുത്തിയ 532.66 ബില്യണ്‍ ഡോളറില്‍ നിന്ന് 2023 മാര്‍ച്ച് അവസാനത്തോടെ 578.45 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. കരുതല്‍ സ്വര്‍ണ ശേഖരത്തില്‍ 437.22 ടണ്‍ സ്വര്‍ണം വിദേശത്ത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും ബാങ്ക് ഓഫ് ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ്സിലും സൂക്ഷിച്ചിട്ടുള്ളതായി റിസര്‍വ് ബാങ്ക് കണക്കുകളില്‍ പറയുന്നു. ആഭ്യന്തരമായി രാജ്യം സൂക്ഷിച്ചിരിക്കുന്നത് 301.10 ടണ്‍ സ്വര്‍ണമാണെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. 2023 മാര്‍ച്ച് വരെ മൊത്ത വിദേശ കറന്‍സി ആസ്തി 509.69 ബില്യണ്‍ ഡോളറാണ്. ഇതില്‍ 411.65 ബില്യണ്‍ യു.എസ് ഡോളര്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിച്ചിട്ടുണ്ട്. 75.51 ബില്യണ്‍ യു.എസ് ഡോളര്‍ മറ്റ് സെന്‍ട്രല്‍ ബാങ്കുകളിലും ബാങ്ക് ഓഫ് ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റുകളിലും നിക്ഷേപിച്ചു. ബാക്കി 22.52 ഡോളര്‍ വിദേശത്തുള്ള വാണിജ്യ ബാങ്കുകളിലും നിക്ഷേപിച്ചു.
◾സാംസങ്ങിന്റെ പുതിയ ഹാന്‍ഡ്സെറ്റ് ഗ്യാലക്സി എസ് 23 ലൈം നിറത്തില്‍. നിലവില്‍ ഫാന്റം ബ്ലാക്ക്, ക്രീം, ഗ്രീന്‍, ലാവെന്‍ഡര്‍ എന്നീ മൂന്നു നിറങ്ങളില്‍ ലഭ്യമാണ്. വളരെ ഒതുക്കമുള്ള ഡിസൈനാണ് ഗ്യാലക്സി എസ് 23 യുടെ പ്രധാന ആകര്‍ഷണീയത. കേവലം 6.1 ഇഞ്ചാണ് സ്ക്രീനിലെ വലുപ്പം. 168 ഗ്രാമാണ് ഭാരം. ഗ്യാലക്സി എസ് 23യുടെ മുന്നിലും പിന്നിലും ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പാനലുണ്ട്. ഇത് ഹാന്‍ഡ്സെറ്റിന്റെ പിന്‍ഭാഗത്തെ സ്മഡ്ജും വിരലടയാളവും പ്രതിരോധിക്കും. ഗ്യാലക്സി എസ് 23ല്‍ 6.1 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ഡൈനാമിക് അമോലെഡ് 2എക്സ് ഡിസ്പ്ലേ ഉണ്ട്. 120ഹെര്‍ട്സ് ആണ് സ്ക്രീനിന്റെ റിഫ്രഷ് റേറ്റ്. ഗെയിമിങ് മോഡില്‍ ഇതിന് 240ഹെര്‍ട്സ് വരെ ടച്ച് സാംപിള്‍ റേറ്റും ഉണ്ട്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 ആണ് പ്രോസസര്‍. ഗ്യാലക്സി എസ് 23 അള്‍ട്രായിലും ഈ പ്രോസസര്‍ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 5.1 ലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഗ്യാലക്സി എസ് 23 ല്‍ ട്രിപ്പിള്‍ ക്യാമറ സജ്ജീകരണമുണ്ട്. 50 മെഗാപിക്സലിന്റേതാണ് പ്രൈമറി ക്യാമറ. കൂടെ 10 എംപി ടെലിഫോട്ടോ ലെന്‍സും 12എംപി അള്‍ട്രാവൈഡ് ലെന്‍സും ഉണ്ട്.
◾വിദ്യാ ബാലന് വീണ്ടും വെള്ളിത്തിരയിലേക്ക്. ‘നീയത്’ എന്ന ചിത്രത്തിലാണ് വിദ്യാ ബാലന് നായികയായി എത്തുന്നത്. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ജൂലൈ ഏഴിനാണ് ചിത്രത്തിന്റെ റിലീസ്. ‘ശകുന്തളാ ദേവി’ സംവിധായിക അനു മേനോന് ആണ് ‘നീയത്’ ഒരുക്കുന്നത്. അദ്വൈത കല, ഗിര്‍വാണി ധയാനി എന്നിവര്‍ക്കൊപ്പം അനുവിന്റേതുമാണ് ‘നീയതി’ന്റെ കഥ. ഒരു ഡിറ്റക്ടീവായിട്ടാണ് ചിത്രത്തില്‍ വിദ്യാ ബാലന് വേഷമിടുന്നത്. രാം കപൂര്‍, രാഹുല്‍ ബോസേ, മിത വസിഷ്ഠ്, നീരജ കബി, ഷഹാന ഗോസ്വാമി, അമൃത പുരി, ശശാങ്ക് അറോറ, പ്രജക്ത കോലി, ഡാനേഷ് റസ്വി എന്നിവരും നീയതില് വേഷമിടുന്നു. വിദ്യാ ബാലന്റേതായി ‘ജല്‍സ’ എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. സുരേഷ് ത്രിവേണിയാണ് ചിത്രത്തിന്റെ സംവിധാനം.
◾മറ്റു ഭാഷകളിലേക്ക് നിരവധി മലയാള ചിത്രങ്ങളാണ് സമീപകാലത്ത് റീമേക്ക് ചെയ്യപ്പെട്ടത്. അതിലൊന്നായിരുന്നു ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആയ ഗോഡ്ഫാദര്. മോഹന്‍ രാജ ആയിരുന്നു റീമേക്കിന്റെ സംവിധാനം. ഇപ്പോഴിതാ പൃഥ്വിരാജ്- മോഹന്‍ലാല്‍ ടീമിന്റെ അടുത്ത ചിത്രവും തെലുങ്കിലേക്ക് എത്തുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ബ്രോ ഡാഡിയാണ് തെലുങ്ക് റീമേക്കിന് ഒരുങ്ങുന്നത്. ചിരഞ്ജീവി ആയിരിക്കും ഇതിലും നായകന്. ചിരഞ്ജീവിയുടെ കരിയറിലെ 156-ാം ചിത്രം വെങ്കി കുടുമുല സംവിധാനം ചെയ്യുമെന്നാണ് നേരത്തേ കേട്ടിരുന്നത്. എന്നാല്‍ ഈ പ്രോജക്റ്റ് നടന്നില്ല. ഇതിനു പിന്നാലെയാണ് ചിരു- 156 ബ്രോ ഡാഡിയുടെ റീമേക്ക് ആയിരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ എത്തിത്തുടങ്ങിയത്. ബംഗരാജു അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയ കല്യാണ്‍ കൃഷ്ണയുടെ പേരാണ് ചിത്രത്തിന്റെ സംവിധായകനായി പറഞ്ഞുകേള്‍ക്കുന്നത്. ബ്രോ ഡാഡിയില്‍ പൃഥ്വിരാജും കല്യാണി പ്രിയദര്‍ശനും അവതരിപ്പിച്ച കഥാപാത്രങ്ങളായി സിദ്ദു ജൊണ്ണലഗഡ്ഡയും ശ്രീ ലീലയും എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
◾പുറത്തിറങ്ങി നാലു മാസം കൊണ്ട് 10000 ടിയാഗോ ഇവികള്‍ ഉപഭോക്താക്കളിലേക്ക് എത്തിച്ച് ടാറ്റ മോട്ടോഴ്സ്. ഇതോടെ ഏറ്റവും വേഗത്തില്‍ 10000 ഇലക്ട്രിക് കാറുകള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന ആദ്യ ഇന്ത്യന്‍ വാഹന നിര്‍മാതാവ് എന്ന നേട്ടവും ടാറ്റയെ തേടി എത്തി. രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഇലക്ട്രിക് കാറുകളിലൊന്നാണ് ടിയോഗാ ഇവി. വെറും 24 മണിക്കൂറിനുള്ളില്‍ 10,000 ബുക്കിങ്ങ് നേടിയെടുത്ത കാറിന് 2022 ഡിസംബര്‍ ആയപ്പോഴേക്കും 20,000 ബുക്കിങ്ങ് ആണ് ലഭിച്ചത്. വിവിധ വകഭേദങ്ങളിലായി 8.69 ലക്ഷം രൂപ മുതല്‍ 11.99 ലക്ഷം രൂപ വരെയാണ് ടിയാഗോ ഇലക്ട്രിക്കിന്റെ എക്സ്ഷോറൂം വില. 19.2കിലോവാട്ട്അവര്‍, 24 കിലോവാട്ട്അവര്‍ എന്നിങ്ങനെ രണ്ടു ബാറ്ററി പാക്ക് ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്. 24കിലോവാട്ട്അവര്‍ ബാറ്ററി ഉപയോഗിക്കുന്ന മോഡലിന് 315 കിലോമീറ്റര്‍ റേഞ്ചും 19.2 കിലോവാട്ട്അവര്‍ ബാറ്ററി ഉപയോഗിക്കുന്ന മോഡലിന് 250 കിലോമീറ്റര്‍ റേഞ്ചുമാണ് കമ്പനി അവകാശപ്പെടുന്നത്. ഏഴ് വിവിധ മോഡലുകളിലാണ് വാഹനം ലഭ്യമാകുന്നത്. ടാറ്റയുടെ സിപ്രോണ്‍ ടെക്നോളജിയാണ് ടിയാഗോയുടെയും അടിസ്ഥാനം. നോര്‍മല്‍ മോഡും സ്പോര്‍ട്സ് മോഡും എന്നിങ്ങനെ രണ്ട് ഡ്രൈവ് മോഡുകളും വാഹനത്തിലുണ്ട്. ടിയാഗോയ്ക്ക് 60 കിലോമീറ്റര്‍ വേഗത്തില്‍ എത്താന്‍ 5.7 സെക്കന്‍ഡ് മാത്രം മതി.
◾സാഹിത്യവിമര്ശനമണ്ഡലം മഹാമനീഷികള്‍ വ്യാപരിച്ച ഒരിടമാണ്. വ്യത്യസ്ത ചിന്താധാരകള്‍ തലനാരിഴകീറി പരിശോധിക്കുന്നതിന് പ്രാഗത്ഭ്യമുള്ളവരുടെ മണ്ഡലം. അത്തരമൊരിടത്ത് ഏറെയും പുരുഷക്കോയ്മയാണ് പ്രതിഫലിച്ചിട്ടുള്ളത്. എന്നാല്‍, ഇവിടെ സ്ത്രീത്വത്തിന്റെ ശബ്ദം മുഴക്കിയ പണ്ഡിതയാണ് ലീലാവതി. അധ്യാപിക എന്ന നിലയിലും പ്രഭാഷക എന്ന നിലയിലും സാഹിത്യത്തിലെ സര്‍ഗ-സര്‍ഗേതര മേഖലകളിലും അവരുടെ സാന്നിധ്യം വളരെ ശ്രദ്ധേയമാണ്. ആ സാഹിത്യജീവിതത്തിന്റെ വൈപുല്യത്തെയും നിപുണതയെയും അടയാളപ്പെടുത്തുന്നതാണ്. അസംഖ്യം അവതാരികകള്‍, അതില്‍നിന്ന് തെരഞ്ഞെടുത്ത പ്രൗഢമായ രചനകളുടെ സമാഹാരമാണിത്. ‘ലീലാവതിയുടെ കയ്യൊപ്പ്’. ഡോ എം ലീലാവതി. കേരള സാഹിത്യ അക്കാദമി. വില 646 രൂപ.
◾ലോകത്തിലെ ഏറ്റവും സര്‍വസാധാരണമായ അര്‍ബുദങ്ങളില്‍ ഒന്നാണ് പാന്‍ക്രിയാറ്റിക് അര്‍ബുദം. അര്‍ബുദം മൂലമുള്ള മരണങ്ങളുടെ എണ്ണമെടുത്താല്‍ നാലാം സ്ഥാനത്താണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍. ഏത് ഘട്ടത്തിലെ രോഗനിര്‍ണയമാണെങ്കിലും ഒരു വര്‍ഷ അതിജീവന നിരക്ക് 29 ശതമാനവും അഞ്ച് വര്‍ഷ അതിജീവന നിരക്ക് ഏഴ് ശതമാനവുമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വര്‍ധിച്ച ദാഹവും മൂത്രത്തിന് കടും മഞ്ഞ നിറവും പാന്‍ക്രിയാറ്റിക് അര്‍ബുദത്തെ കുറിച്ച് മുന്നറിയിപ്പ് നല്കുന്ന രണ്ട് പ്രധാനപ്പെട്ട ലക്ഷണങ്ങളാണെന്ന് ഇംഗ്ലണ്ടിലെ നുഫീല്‍ഡ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പ്രൈമറി ഹെല്‍ത്ത് കെയര്‍ സയന്‍സസ് അടുത്തിടെ നടത്തിയ ഒരു പഠനം വെളിപ്പെടുത്തുന്നു. എന്നാല്‍ പലരും ഈ ലക്ഷണങ്ങള്‍ അവഗണിക്കാറാണ് പതിവെന്നും ഇവിടുത്തെ ഗവേഷകര്‍ പറയുന്നു. ഭാരനഷ്ടം, അടിവയറ്റില്‍ വേദന, ഓക്കാനം, ദഹനക്കേട് എന്നിവയാണ് പാന്‍ക്രിയാറ്റിക് അര്‍ബുദത്തിന്റെ മറ്റ് ലക്ഷണങ്ങള്‍. 60 ശതമാനം അര്‍ബുദവളര്‍ച്ചയും പാന്‍ക്രിയാസിന്റെ തലഭാഗത്താണ് ആരംഭിക്കുകയെന്നും മഞ്ഞപിത്തവും നിറം മങ്ങിയ മലവും ചൊറിച്ചിലുമെല്ലാം ഇതിന്റെ ഭാഗമായി പ്രത്യക്ഷപ്പെടാമെന്നും ഐസിഎംആര്‍ പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ട് പറയുന്നു. പ്രമേഹവും ഇതുമായി ബന്ധപ്പെട്ട മറ്റൊരു ലക്ഷണമാണ്. പാന്‍ക്രിയാസിസിലെ അര്‍ബുദ വളര്‍ച്ച ശരീരത്തില്‍ ഇന്‍സുലിന്‍ പ്രതിരോധം വളര്‍ത്തും. ജനിതക കാരണങ്ങള്‍, ദഹനനാളിയില്‍ ഉണ്ടാകുന്ന മുഴകള്‍, ജനിതകപരമായി വരുന്ന സ്തനാര്‍ബുദം, അണ്ഡാശയ അര്‍ബുദം, പുകവലി, അമിതവണ്ണം, പ്രമേഹം, മദ്യപാനം, അലസ ജീവിതശൈലി, ക്രമം തെറ്റിയ ഭക്ഷണശീലങ്ങള്‍ എന്നിവയെല്ലാം പാന്‍ക്രിയാറ്റിക് അര്‍ബുദത്തിലേക്ക് നയിക്കാവുന്ന ഘടകങ്ങളാണ്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.09, പൗണ്ട് – 103.53, യൂറോ – 90.12, സ്വിസ് ഫ്രാങ്ക് – 92.02, ഓസ്ട്രേലിയന്‍ ഡോളര്‍ – 55.47, ബഹറിന്‍ ദിനാര്‍ – 217.77, കുവൈത്ത് ദിനാര്‍ -267.88, ഒമാനി റിയാല്‍ – 213.26, സൗദി റിയാല്‍ – 21.89, യു.എ.ഇ ദിര്‍ഹം – 22.36, ഖത്തര്‍ റിയാല്‍ – 22.55, കനേഡിയന്‍ ഡോളര്‍ – 61.38.