mid day hd 1

 

തൂക്കിലേറ്റിയുള്ള വധശിക്ഷ ഒഴിവാക്കുന്നതു പരിശോധിക്കാന്‍ വിദഗ്ധ സമിതിയുടെ പരിഗണനയിലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. വധശിക്ഷ നടപ്പാക്കുന്നതിന് ബദല്‍ മാര്‍ഗം ആരായണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ ഇക്കാര്യം അറിയിച്ചത്. ഹര്‍ജി സുപ്രീം കോടതി ജൂലൈയിലേക്കു മാറ്റി.

എഐ കാമറ ഇടപാടില്‍ ടെന്‍ഡര്‍ ഏറ്റെടുത്തത് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്റെ ഭാര്യാ പിതാവിന്റെ ബിനാമിയാണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍. ബിസിനസുകാരനായ പ്രകാശ് ബാബുവിന്റെ ബിനാമിയാണ് കാമറ ടെന്‍ഡര്‍ ഏറ്റെടുത്ത പ്രസാദിയോ കമ്പനിയുടെ ഡയറക്ടര്‍ രാംജിത്. ബിനാമിയാണെന്ന് തെളിയിക്കാനുള്ള രേഖകള്‍ കേന്ദ്ര ഏജന്‍സികള്‍ക്കു നല്‍കും. ഇക്കാര്യം മനസിലാക്കിയിട്ടും പ്രതിപക്ഷം മറച്ചുവയ്ക്കുന്നതു പിണറായിയെ രക്ഷിക്കാനാണെന്നും ശോഭ ആരോപിച്ചു.

എഐ ക്യാമറ ഇടപാടില്‍ 132 കോടി രൂപയുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതില്‍ മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും ഒളിച്ചുകളിക്കുകയാണ്. മുഖ്യമന്ത്രി അഴിമതിക്കാരെ സംരക്ഷിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

എ ഐ ക്യാമറ ഇടപാടില്‍ ധനവകുപ്പിന്റെ മാനദണ്ഡങ്ങള്‍ കെല്‍ട്രോണ്‍ ലംഘിച്ചോയെന്ന് ഗതാഗത വകുപ്പു കമ്മീഷണറോടു ഗതാഗത മന്ത്രി ആന്റണി രാജു വിശദീകരണം തേടി. ഉപകരാര്‍ നല്‍കിയപ്പോള്‍ അഡ്മിനിസ്‌ട്രേറ്റീവ് വകുപ്പിന്റെ അനുമതിയും കെല്‍ട്രോണ്‍ വാങ്ങിയിരുന്നില്ല. കാമറയില്‍ കണ്ടെത്തിയ കുറ്റകൃത്യങ്ങള്‍ക്കു ബോധവത്ക്കരണ നോട്ടീസ് അയക്കണമെന്ന നിര്‍ദേശം പാലിക്കാന്‍ കെല്‍ട്രോണ്‍ തയാറായിട്ടില്ല.

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ജൂലൈ 11 ലേക്കു മാറ്റി. കണ്ണൂര്‍ സര്‍വകലാശാല സെനറ്റംഗം ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി ജോസ് എന്നിവരാണ് പുനര്‍നിയമനത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്.

കക്കുകളി നാടകത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മതത്തെയോ വിശ്വാസ പ്രമാണത്തെയോ പരസ്യമായി എതിര്‍ക്കുന്ന നിലപാട് പാര്‍ട്ടിക്കില്ല. കേരള സ്റ്റോറിയിലൂടെ കേരളത്തില്‍ വിഷം കലക്കാനുള്ള ആര്‍എസ്എസ് ശ്രമം സിപിഎം അനുവദിക്കില്ലെന്നും ഗോവിന്ദന്‍.

വന്ദേ ഭാരത് ട്രെയിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ഓരോരുത്തരുടെ താല്‍പര്യത്തിന് സ്റ്റോപ് അനുവദിച്ചാല്‍ എക്‌സ്പ്രസ് ട്രെയിന്‍ എന്ന സങ്കല്‍പം ഇല്ലാതാകും. റെയില്‍വേയാണ് തീരുമാനിക്കേണ്ടതെന്നും കോടതി പറഞ്ഞു.

തിരുവനന്തപുരത്തു സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റിലായി. കരുമംകുളം സ്വദേശി ശബരിയെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

രണ്ടു ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കി പയ്യോളി സ്വദേശി മാസ്റ്റര്‍ അജിത് കുമാര്‍. കോഴിക്കോട്ട് പയ്യോളി
മാണ്ടിക്കോത്ത് കൂട്ടായ്മ വാര്‍ഷികാഘോഷത്തിലാണു റിക്കാര്‍ഡു കുറിച്ചത്. ഒരു മിനിറ്റിലെ പ്ലാങ്ക് പുഷ് അപ്പില്‍ ഒരു മിനുട്ടില്‍ 63 എന്ന റിക്കാര്‍ഡ് ഒരു മിനുട്ടില്‍ 69 എണ്ണമാക്കി ഉയര്‍ത്തി അജിത്ത് കുമാര്‍ സ്വന്തമാക്കി. ലെഗ് സ്പ്ലിറ്റില്‍ ഒരു മിനുട്ടില്‍ 17 എന്ന റെക്കോര്‍ഡ് അജിത്ത് കുമാര്‍ 33 എണ്ണമാക്കിയാണു പുതിയ റിക്കാര്‍ഡിട്ടത്.

തൃശൂര്‍ ഒരപ്പന്‍കെട്ട് വെള്ളച്ചാട്ടത്തിലെ കയത്തില്‍ അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു. കൊല്ലങ്കോട് സ്വദേശിയായ കെ ആര്‍ രോഹിത് (20) ആണ് മരിച്ചത്. രോഹിതിനൊപ്പം കാല്‍ വഴുതി കയത്തില്‍ വീണ അമല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

വര്‍ക്കലയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പതിനാറുകാരിയെ മര്‍ദിച്ച യുവാവ് പിടിയില്‍. വെട്ടൂര്‍ സ്വദേശി കൃഷ്ണ രാജ് (24) ആണ് കസ്റ്റഡിയിലായത്.

ഡല്‍ഹിയിലെ രോഹിണി കോടതി വെടിവയ്പു കേസിലെ പ്രതി തിഹാര്‍ ജയിലില്‍ കൊല്ലപ്പെട്ടു. തില്ലു താജ്പുരിയ എന്നയാളെ ജയിലിലെ എതിര്‍ ഗുണ്ടാസംഘാംഗങ്ങള്‍ തല്ലിക്കൊല്ലുകയായിരുന്നു. 2021 സെപ്റ്റംബറില്‍ രോഹിണി കോടതിയില്‍ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ടാണ് സുനില്‍ മാന്‍ എന്ന തില്ലു താജ്പുരിയ ജയിലിലായത്. രോഹിണി കോടതി വെടിവയ്പുണ്ടായതും രണ്ടു ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷംമൂലമായിരുന്നു. അന്ന് ജിതേന്ദര്‍ ഗോഗി എന്ന ഗുണ്ടാത്തലവന്‍ കൊല്ലപ്പെട്ടിരുന്നു. ഗോഗിയുടെ സംഘത്തിലെ അംഗങ്ങളാണ് ഇപ്പോള്‍ തില്ലുവിനെ കൊലപ്പെടുത്തിയത്.

കേരള സ്റ്റോറി സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യം ഹൈക്കോടതിയില്‍ ഉന്നയിക്കണമെന്ന് സുപ്രീംകോടതി. വിദ്വേഷ പ്രസംഗത്തിനെതിരായ കേസുകള്‍ പരിഗണിക്കുന്ന ജസ്റ്റിസ് കെ.എം ജോസഫിന്റെ കോടതിയിലാണ് കേസ് പരിഗണനക്ക് എത്തിയത്. വിദ്വേഷ പ്രസംഗത്തിനൊപ്പം ഈ കേസ് കേള്‍ക്കാനാവില്ലെന്ന് ജസ്റ്റിസ് കെഎം ജോസഫ് നിലപാടെടുത്തു. നാളെ വിശദമായ ഹര്‍ജി ചീഫ് ജസ്റ്റിസിനു മുമ്പാകെ നല്‍കുമെന്നും കോടതി ട്രെയിലര്‍ കാണണമെന്നും കപില്‍ സിബല്‍ ജസ്റ്റിസ് കെഎം ജോസഫിനോടു പറഞ്ഞു.

വിവാദ സിനിമയായ ‘ദ കേരള സ്റ്റോറി’ ഡല്‍ഹി ജെഎന്‍യുവില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കം തടയുമെന്ന് എസ്എഫ്‌ഐ. വൈകുന്നേരം നാല് മണിക്ക് ജെഎന്‍യുവില്‍ സെലക്ടീവ് സ്‌ക്രീനിംഗ് നടത്തുമെന്ന് എബിവിപി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യാ പാക് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക്കിസ്ഥാന്‍ സ്വദേശികളെ സൈന്യം വധിച്ചു. രാജസ്ഥാനിലെ ബാര്‍മറിന് അടുത്ത് അതിര്‍ത്തിയില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.

80 ശതമാനം സുസ്ഥിരവും പുനരുപയോഗിക്കാവുന്നതുമായ വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു പുതിയ പിസിആര്‍ ടയര്‍ വികസിപ്പിച്ച് ടയര്‍ നിര്‍മ്മാതാക്കളായ ജെകെ ടയര്‍. മൈസൂരിലെ രഘുപതി സിംഗാനിയ സെന്റര്‍ ഓഫ് എക്സലന്‍സിലാണ് ഈ ടയര്‍ വികസിപ്പിച്ചത്.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടയാള്‍ക്ക് 20 പെട്ടി മനുഷ്യശരീര ഭാഗങ്ങള്‍ വിറ്റതിന് അമേരിക്കയിലെ മോര്‍ച്ചറി മുന്‍ജീവനക്കാരി തടവില്‍. അര്‍ക്കന്‍സാസ് മോര്‍ച്ചറിയിലെ മുന്‍ ജീവനക്കാരിയായ കാന്‍ഡേസ് ചാപ്മാന്‍ സ്‌കോട്ട് ആണ് പെന്‍സില്‍വാനിയക്കാരന് 20 പെട്ടി മനുഷ്യ ശരീരഭാഗങ്ങള്‍ ഒമ്പത് ലക്ഷം രൂപയ്ക്കു വിറ്റത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *