yt cover 47

 

പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസില്‍ പി.എസ്.സി ചെയര്‍മാന്‍ ഡോ. എം.ആര്‍. ബൈജു ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. ഇതേസമയം, പി.എസ്.സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഇതുവരെ 180 പരാതികള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. മൂന്ന് പരാതികളില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും അഞ്ച് പരാതികളില്‍ പി.എസ്.സി ആഭ്യന്തര വിജിലന്‍സ് അന്വേഷണവും പുരോഗമിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

മാസപ്പടി കേസില്‍ എസ്.എഫ്.ഐ.ഒ അന്വേഷണമുള്ള കേസില്‍ മറ്റ് ഏജന്‍സികള്‍ക്ക് അതേ കുറ്റത്തില്‍ അന്വേഷണം തുടരാനാകില്ലെന്ന് ഹൈക്കോടതിയില്‍ പിണറായി വിജയന്റെ അഭിഭാഷകന്‍. എന്ത് കുറ്റം ചെയ്‌തെന്ന് ഇഡി പറഞ്ഞിട്ടില്ല. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യം ഇല്ലെന്ന കാര്യം സിംഗിള്‍ ബെഞ്ച് പരിശോധിക്കേണ്ടതായിരുന്നെന്നും വാദം. പ്രമുഖ അഭിഭാഷകരുടെ നിരയാണ് കോടതിയില്‍ ഹാജരായത്. പിണറായി വിജയനുവേണ്ടി സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലൂത്ര ഓണ്‍ലൈനായാണ് ഹാജരായത്. വീണ, മുഹമ്മദ് റിയാസ് എന്നിവര്‍ക്കായി അഡ്വ. എന്‍ ഹരിഹരനാണ് ഹാജരായത്.

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി വോട്ടര്‍ പട്ടികയിലെ അപാകതകള്‍ കണ്ടെത്താന്‍ ഉപയോഗിച്ച സോഫ്‌റ്റ്വെയറിന്റെ പേരും പതിപ്പും വെളിപ്പെടുത്തില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഈ വിവരങ്ങള്‍ വ്യാപാര രഹസ്യം, ബൗദ്ധിക സ്വത്ത്, വാണിജ്യ ആത്മവിശ്വാസം എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചത്.

സംസ്ഥാന പി എസ് സിയുടെ ഘടനയിലോ അംഗങ്ങളുടെ എണ്ണമോ അവരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളോ കുറയ്ക്കില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ നിയമസഭയില്‍. മുഴുവന്‍ സമയ രാഷ്ട്രീയക്കാര്‍ പി എസ് സി അംഗങ്ങളാകുന്നത് തടയേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം സഭയില്‍ ചൂണ്ടിക്കാട്ടി.

നിയമസഭയില്‍ ആരെ നോക്കി സംസാരിക്കണം? മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മില്‍ നേര്‍ക്കുനേര്‍ വാക് പോര്. വിവിധ വിഷയങ്ങളില്‍ ചര്‍ച്ചയ്ക്കിടെയാണു തര്‍ക്കം. മുഖ്യമന്ത്രി പറഞ്ഞതുതന്നെ പറയുന്നതിനാല്‍ ഇനി പ്രതിപക്ഷത്തെ നോക്കി സംസാരിക്കാമെന്ന് പറഞ്ഞ് പിണറായിയാണ് തുടക്കമിട്ടത്. ഓരോരുത്തര്‍ക്കും ഓരോ ശൈലിയുണ്ടെന്നും പരിഹസരിക്കരുതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ തിരിച്ചടി. 102 പേരുള്ളതിനാല്‍ ഭരണ നിരയെ നോക്കാന്‍ അഭിമാനമേ ഉള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 35 പേരിലേക്ക് ഒതുക്കിയതിന്റെ ഉത്തരവാദിയായതിനാല്‍ സ്വന്തം പക്ഷത്തേക്കു നോക്കാന്‍ പ്രതിപക്ഷനേതാവിന് ചിലപ്പോ മടികാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്പീക്കറെ നോക്കിയാണു സംസാരിക്കേണ്ടതെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇടപെട്ടാണ് തര്‍ക്കം പരിഹരിച്ചത്.

സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ ഉദ്ഘാടനച്ചടങ്ങില്‍ ദീപിശിഖ കൊളുത്തേണ്ടിയിരുന്നതു മുഖ്യമന്ത്രിയല്ല, ഒളിമ്പ്യന്‍ പി.ടി. ഉഷയായിരുന്നെന്ന് വിമര്‍ശനം. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റായ പി ടി ഉഷയെ അപമാനിച്ചെന്നാണ് ആരോപണം. മുന്‍നിശ്ചയിച്ചതിന് വിഭിന്നമായി പി ടി ഉഷയ്ക്കു പകരം മുഖ്യമന്ത്രി ദീപം തെളിച്ചതില്‍ ഉഷയുടെ ഓഫീസ് പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

ആരോഗ്യമേഖലയിലെ ടാസ്‌ക്ഫോഴ്സ് രൂപീകരണവും എസ്എംഎ രോഗികള്‍ക്കുള്ള ഇന്ത്യന്‍ ജനറിക് മരുന്ന് നല്‍കാനുള്ള തീരുമാനവും ആര് എതിര്‍ത്താലും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ നിയമസഭയില്‍. രണ്ട് തീരുമാനത്തിന് പിന്നിലും അഴിമതി ഉണ്ടെന്നും കച്ചവട താല്‍പര്യം മാത്രമാണെന്നും പ്രതിപക്ഷം ആരോപിച്ചു.

കണ്ണൂര്‍ പയ്യാമ്പലത്തെ റെയിന്‍ബോ ഫ്ലാറ്റില്‍ ഒന്‍പതാം നിലയില്‍ തീപ്പിടിത്തം. 13 നിലകളുള്ള കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്.

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള പ്രതിരോധ ബന്ധം കൂടുതല്‍ ശക്തമാക്കുന്ന നിര്‍ണായക സൈനികാഭ്യാസം തലസ്ഥാനത്ത്. സൈനികാഭ്യാസം തിരുവനന്തപുരത്തെ ഫോറിന്‍ ട്രെയിനിങ് നോഡില്‍ നവംബര്‍ ഒന്നിനു സമാപിക്കും. അഞ്ചാമത് ഇന്ത്യഓസ്‌ട്രേലിയ സംയുക്ത സൈനികാഭ്യാസമായ ഓസ്ട്രാഹിന്ദ് 2026 ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷണര്‍ ഫിലിപ്പ് ഗ്രീന്‍ സന്ദര്‍ശിച്ചു.

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ മധുവിന്റെ അമ്മ മല്ലിയമ്മയും സഹോദരി സരസുവും നിയമസഭാ സമുച്ചയത്തില്‍ മുഖ്യമന്ത്രി വി. ഡി സതീശനെ സന്ദര്‍ശിച്ചു. വീട് അനുവദിക്കണമെന്നും സരസുവിന് ജോലി വേണമെന്നും ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയെ സമീപിച്ചത്. സ്ഥലം കണ്ടെത്തിയാല്‍ ഒരു മാസത്തിനകം വീട് നിര്‍മിച്ച് നല്‍കുമെന്നും സരസുവിന് എത്രയും വേഗം ജോലി ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂനമര്‍ദം ‘അര്‍ണബ്’ ചുഴലിക്കാറ്റായി മാറി. അര്‍ണബ് മറ്റന്നാള്‍ ആന്ധ്രാ തീരത്ത് കരതൊടുമെന്നാണ് പ്രവചനം. ആന്ധ്ര പ്രദേശ്, പശ്ചിമ ബംഗാള്‍, ഒഡീഷ, തമിഴ്നാട് സംസ്ഥാനങ്ങളില്‍ അര്‍ണബ് ആഞ്ഞടിക്കാനാണ് സാധ്യതയെന്നാണ് പ്രവചനം. കേരളത്തിലും കനത്ത മഴക്ക് സാധ്യത.

ശബരിമലയിലെ ഹോട്ടല്‍ ജീവനക്കാര്‍ക്ക് വ്യാജ ഹെല്‍ത്ത് കാര്‍ഡ് നല്‍കിയ സംഭവത്തില്‍ നടപടി. കാര്‍ഡില്‍ ഒപ്പിട്ട സീതത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന റിട്ടയേഡ് ഡോക്ടര്‍ ജെ വിന്‍സന്റ് സേവ്യറെ സസ്പെന്റ് ചെയ്തു. സീതത്തോട് അമ്മ ക്ലിനിക് വഴി നല്‍കിയ വ്യാജ ഹെല്‍ത്ത് കാര്‍ഡുകളില്‍ ഈ ഡോക്ടറാണ് ഒപ്പിട്ടത്.

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിക്കുന്നത് നീളും. അസിസ്റ്റന്റ് ലീഗല്‍ അഡൈ്വസര്‍ ചാര്‍ജ് ഏറ്റെടുക്കാത്തതാണു കാരണം. പ്രോസിക്യൂഷന്‍ അനുമതിയ്ക്കായി അസിസ്റ്റന്റ് ലീഗല്‍ അഡൈ്വസര്‍ തുടര്‍ നടപടി സ്വീകരിക്കണമെന്ന് എസ്ഐടി കോടതിയോട് ആവശ്യപ്പെട്ടു. അസിസ്റ്റന്റ് ലീഗല്‍ അഡൈ്വസറെ നിയമിച്ചെങ്കിലും ചാര്‍ജ് ഏറ്റെടുത്തിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

ചേരാനല്ലൂരില്‍ 17 കാരന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പ്രതികള്‍ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്ന് നിയമസഭയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പ്രതിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ ഉടന്‍ ജാമ്യം അനുവദിച്ചത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ചേരാനല്ലൂരില്‍ 17കാരനോടിച്ച കാറിടിച്ച് ഒരാള്‍ മരിച്ച കേസില്‍ വാഹന ഉടമയായ ജഡ്ജിക്കെതിരെ കേസെടുത്ത് പൊലീസ്. ഹൈക്കോടതിയുടെ അനുമതി തേടിയ ശേഷമാണ് 17 കാരന്റെ പിതാവും വാഹന ഉടമയുമായ ജഡ്ജിക്കെതിരെ പൊലീസ് കേസെടുത്തത്. അതേസമയം ജഡ്ജിയുടെ പേര് പോലിസ് ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല.

ചേരാനെല്ലൂരില്‍ അമിതവേഗത്തില്‍ കാര്‍ ഓടിച്ച് ഒരാളുടെ മരണത്തിന് ഇടയാക്കിയ 17കാരന്‍ സ്ഥിരമായി വാഹനം ഓടിക്കുന്നയാളെന്ന് പൊലീസ്. അതിവേഗതയില്‍ കാര്‍ ഓടിക്കുന്നതിന്റെ റീല്‍ ചിത്രീകരിക്കാനായിരുന്നു രാത്രി വൈകി വാഹനവുമായി ഇറങ്ങിയതെന്ന് പൊലീസ് പറയുന്നു.

മില്‍മ ക്വാളിറ്റി കണ്‍ട്രോള്‍ മാനേജര്‍ തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് പി എസ് സിയില്‍ വീണ്ടും ദുരൂഹതയും വിചിത്രമായ നടപടികളും. 2024 ല്‍ നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തില്‍ 2026 സെപ്റ്റംബറില്‍ ഒരു ഉദ്യോഗാര്‍ത്ഥിക്ക് നിയമന ഉത്തരവു നല്‍കി. എന്നാല്‍, ഉത്തരവുമായി ജോലിയില്‍ പ്രവേശിക്കാന്‍ എത്തിയ ഉദ്യോഗാര്‍ത്ഥിയെ മില്‍മ അധികൃതര്‍ തടഞ്ഞു.

കോട്ടയം മെഡിക്കല്‍ കോളേജിലെ പുതിയ കെട്ടിടത്തില്‍ സീലിംഗ് അടര്‍ന്നുവീണ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് ഏറ്റുമാനൂര്‍ എം.എല്‍.എ നാട്ടകം സുരേഷ് ആവശ്യപ്പെട്ടു. പുതിയ സര്‍ജിക്കല്‍ ബ്ലോക്കിന്റെ നിര്‍മ്മാണത്തില്‍ അടിമുടി ക്രമക്കേട് നടന്നിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

തിരുവനന്തപുരത്ത് മതില്‍ ഇടിഞ്ഞുവീണ് അപകടം. പള്ളിച്ചല്‍ വെടിവച്ചാം കോവിലിന് സമീപം അയണിമൂട്ടിലാണ് സംഭവം. പള്ളിച്ചല്‍ പഞ്ചായത്തിലെ നാലു തൊഴിലുറപ്പ് തൊഴിലാളികള്‍ക്കു പരിക്കേറ്റു.

സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി തിരുവനന്തപുരത്ത് സ്ഥാപിച്ച സുരക്ഷ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ല. തലസ്ഥാനത്തെ 108 ക്യാമറകളില്‍ നാല്‍പതിലധികം ക്യാമറകള്‍ പ്രവര്‍ത്തന രഹിതമാണ്. സെക്രട്ടറിയേറ്റിന് ചുറ്റുമുള്ള ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ല. എംഎസ്പി എന്ന കമ്പനിക്ക് പണം നല്‍കാത്തതിനാല്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചതാണു കാരണം.

മലപ്പുറം ഒതുക്കങ്ങലില്‍ മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന്‍ മരിച്ചു. ഒതുക്കുങ്ങല്‍ കുഴിപ്പുറം പാലേമാട് സ്വദേശി ഷറഫുദ്ദീന്‍ ആണ് മരിച്ചത്. കാര്‍ ഡ്രൈവര്‍ അക്ബര്‍ അലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ നടത്തിയ വിവാദ പരാമര്‍ശത്തിന് കാരണക്കാരനായ സന്തോഷ് കുമാര്‍ പ്രതികരണവുമായി രംഗത്ത്. താന്‍ ഖര്‍ഗെയുടെ പ്രസംഗം തടസ്സപ്പെടുത്തിയതല്ലെന്നും ജനകീയ പ്രക്ഷോഭമില്ലാതെ മോദി അധികാരം ഒഴിയില്ലെന്നാണ് താന്‍ സദസ്സില്‍ നിന്നും പറയാന്‍ ശ്രമിച്ചതെന്നും സന്തോഷ് വ്യക്തമാക്കി.

പ്രധാനമന്ത്രിക്കെതിരെ ഖര്‍ഗെ നടത്തിയ പരാമര്‍ശത്തില്‍ വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ബി ജെ പി. മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടി വരുമെന്ന ഖര്‍ഗെയുടെ പരാമര്‍ശത്തിനെതിരെ പട്ന പൊലീസില്‍ ബി ജെ പി നേതാക്കള്‍ പരാതി നല്‍കി.

അമിത് ഷാക്കെതിരേ ‘കൊലയാളി’ പരാമര്‍ശം നടത്തിയതിനു ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേയുള്ള അപകീര്‍ത്തി കേസില്‍ വെറുതെവിട്ട് സുല്‍ത്താന്‍പൂര്‍ കോടതി. പരാമര്‍ശം മാനനഷ്ടമുണ്ടാക്കുന്ന സ്വഭാവമുള്ളതല്ലെന്നും അമിത് ഷാക്കെതിരെ നിലനിന്നിരുന്ന ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് രാഹുല്‍ ഗാന്ധി ചെയ്തതെന്നായിരുന്നു രാഹുലിന്റെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചത്.

തമിഴ്‌നാട്ടില്‍ ഡിഎംകെ നേതാക്കള്‍ക്ക് മദ്രാസ് ഹൈക്കോടതിയില്‍ കനത്ത തിരിച്ചടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദേശപ്രകാരം വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത ജോലിക്ക് കോഴ കേസില്‍ മുന്‍ മന്ത്രി കെ.എന്‍. നെഹ്‌റു നല്‍കിയ റിവ്യൂ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. സ്വകാര്യ സ്‌കൂളുകളില്‍ നിന്ന് കോടികള്‍ പിരിച്ചെടുത്ത കേസില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി അന്‍പില്‍ മഹേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി അനുവദിച്ചില്ല. മുന്‍ വിദ്യാഭ്യാസ മന്ത്രിയും മുതിര്‍ന്ന നേതാവുമായ അന്‍പില്‍ മഹേഷ് പൊയ്യാമൊഴിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും മദ്രാസ് ഹൈക്കോടതി തള്ളി.

സൈനിക രഹസ്യങ്ങള്‍ വനിതാ സുഹൃത്തിന് വാട്ട്സ്ആപ്പിലൂടെ കൈമാറിയതിന് കരസേനാ മുന്‍ ക്യാപ്റ്റന്‍ അറസ്റ്റില്‍. വെല്ലൂര്‍ ജില്ലയിലെ കീഴ്വെള്ളം സ്വദേശിയും കരസേനയില്‍ 28 വര്‍ഷം സേവനമനുഷ്ടിക്കുകയും ചെയ്ത ബാബു പി (52) ആണ് ശനിയാഴ്ച രാത്രി അറസ്റ്റിലായത്.

ദസറത്തലേന്ന് ബെംഗളൂരു നഗരത്തെ നടുക്കിയ പുലികേശി നഗര്‍ സ്ഫോടനത്തിന് പിന്നില്‍ തീവ്രവാദ ബന്ധമില്ലെന്ന് കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം. സ്ഫോടനത്തിന് പിന്നില്‍ ഭീകരാക്രമണ ബന്ധമില്ലെന്നും വ്യക്തിവൈരാഗ്യമാണ് കാരണമെന്നും പൊലീസ് കമ്മീഷണര്‍ സീമന്ത് കുമാര്‍ സിംഗ് അറിയിച്ചു.

മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയിലുള്ള മണ്ഡലേശ്വറില്‍ നര്‍മ്മദ നദീതീരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ 343 വോട്ടര്‍ ഐഡി കാര്‍ഡുകള്‍ കണ്ടെത്തി. ഞായറാഴ്ച നദീതീരത്ത് നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് കാര്‍ഡുകള്‍ കണ്ടെടുത്തത്.

കരുത്തനായ ഇടതുപക്ഷ നേതാവും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത വിമര്‍ശകനുമായ ലുല ഡ സില്‍വ ബ്രസീല്‍ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 51.8 ശതമാനം വോട്ട് ലുല നേടി.

സൂപ്പര്‍ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിന് ബാഴ്സയുടെ ഹോം ഗ്രൗണ്ടായ ക്യാപ്നൗവില്‍ നടന്ന മത്സരത്തില്‍ ആവേശജയം. കിലിയന്‍ എംബാപ്പെയുടെ ഇരട്ടഗോള്‍ മികവില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റയല്‍ ജയിച്ചു കയറിയത്.

രണ്ടാഴ്ചയ്ക്കിടെ ഏകദേശം 7000 രൂപ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ മുന്നേറ്റം. പവന് 120 രൂപയാണ് വര്‍ധിച്ചത്. 1,04,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപയാണ് വര്‍ധിച്ചത്. 13,085 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം പവന് 80 രൂപയാണ് കൂടിയത്. ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ഇപ്പോഴും ബാരലിന് 114 ഡോളറിന് മുകളിലാണ്. ഇതിന്റെ ഫലമായി പണപ്പെരുപ്പ നിരക്ക് കൂടുമെന്നതിനാല്‍ വീണ്ടും പലിശനിരക്ക് വര്‍ധിപ്പിക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് തയ്യാറായേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വിപണിയില്‍ പ്രതിഫലിച്ചത്.

ഉപകരണ നിര്‍മാണത്തില്‍ മാത്രമല്ല ഇന്ത്യയില്‍ സോഫ്‌റ്റ്വെയര്‍ വികസനരംഗത്തും നേട്ടം കൊയ്യുകയാണ് ആപ്പിള്‍. പുതുതായി ആരംഭിച്ച അനുബന്ധ സ്ഥാപനമായ ‘ആപ്പിള്‍ ഓപ്പറേഷന്‍സ് ഇന്ത്യ’ വഴി 2026 സാമ്പത്തിക വര്‍ഷത്തില്‍ സോഫ്‌റ്റ്വെയര്‍ വികസനത്തിലൂടെ കമ്പനി 650 കോടി വരുമാനം നേടി.
രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് നല്‍കിയ രേഖകള്‍ പ്രകാരം, ആപ്പിള്‍ ഓപ്പറേഷന്‍സ് ഇന്ത്യയുടെ ആകെ വരുമാനം 2025 സാമ്പത്തിക വര്‍ഷത്തിലെ 318 കോടി രൂപയില്‍നിന്ന് 2026 സാമ്പത്തിക വര്‍ഷത്തില്‍ 1,400 കോടി രൂപയിലധികമായി ഉയര്‍ന്നു. ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം മുന്‍വര്‍ഷത്തെ 28 കോടിയില്‍നിന്ന് നാലിരട്ടിയോളം വര്‍ധിച്ച് 103 കോടിയായി മാറി. ഇതില്‍ നിര്‍മാണ മേഖലയില്‍നിന്നുള്ള വരുമാനം മുന്‍വര്‍ഷത്തെ 282 കോടി രൂപയില്‍നിന്ന് ഇരട്ടിയോളം വര്‍ധിച്ച് 2026 സാമ്പത്തിക വര്‍ഷത്തില്‍ 520 കോടി രൂപയായി.

തമിഴ് നടന്‍ ആര്യയും മലയാളികളുടെ പ്രിയതാരം നിഖില വിമലും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘ഹലോ കാതല്‍’ എന്ന സിനിമയിലെ വീഡിയോ ഗാനം റിലീസ് ചെയ്തു. കണ്ണും കണ്ണും.. എന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ജിവി പ്രകാശ് ആണ്. ശിവാങ്കിയും കപില്‍ കപിലനും ചേര്‍ന്ന് ആലപിച്ച ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിവേക് ആണ്. ആര്യയുടെ നാല്പതാമത് ചിത്രമാണ് ‘ഹലോ കാതല്‍’. മലയാളി സംവിധായകന്‍ നിഖില്‍ മുരളിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. നിഖില വിമലും വൈഷ്ണവി ചൈതന്യയുമാണ് ചിത്രത്തില്‍ നായികമാര്‍. ആര്യയുടെ സ്വന്തം നിര്‍മ്മാണ കമ്പനിയായ ‘ദി ഷോ പീപ്പിള്‍’ ആണ് നിര്‍മ്മാണം. ‘ഹലോ കാതല്‍’ ഈ വര്‍ഷം ഡിസംബര്‍ 4-ന് റിലീസ് ചെയ്യും.

ഇന്ദ്രജിത്ത് സുകുമാരനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ‘നായകന്‍’ റീ റിലീസിന്. 2010ല്‍ റിലീസ് ചെയ്ത ചിത്രം പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം 4കെ ദൃശ്യമികവില്‍ ഒക്ടോബര്‍ 30ന് ആണ് റീ റിലീസ്. ട്രെയിലര്‍ പുറത്തുവിട്ടു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആദ്യ ചിത്രമാണിത്. തന്റെ കുടുംബത്തെ ഇല്ലാതാക്കിയവരോട് പ്രതികാരം ചെയ്യാന്‍ എത്തുന്ന, വരദനുണ്ണി എന്ന കഥകളി കലാകാരനെയാണ് ഇന്ദ്രജിത്ത് ചിത്രത്തില്‍ അവതരിപ്പിച്ചത്. പി.എസ് റഫീക്കിന്റെ രചനയില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ഇന്ദ്രജിത്തിന് പുറമെ തിലകന്‍, ജഗതി ശ്രീകുമാര്‍, ധന്യ മേരി വര്‍ഗീസ്, സിദ്ദിഖ്, വിജയരാഘവന്‍, ലാലു അലക്‌സ്, കലാശാല ബാബു, ചെമ്പന്‍ വിനോദ് ജോസ്, ശ്രീജിത്ത് രവി, അനില്‍ മുരളി, സാലു കെ ജോര്‍ജ്ജ്, ശിവജ്, കിരണ്‍രാജ്, ടോഷ് ക്രിസ്റ്റി, മജീദ്, രാജീവ് കളമശ്ശേരി, അംബിക മോഹന്‍ എന്നിവരുമുണ്ട്.

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ എസ് യുവി മോഡലായ വിക്ടോറിസിന്റെ അപ്‌ഡേറ്റ് മോഡല്‍ വരുന്നു. ഇത് ടര്‍ബോ മോഡല്‍ ആണോ, ഫ്‌ളെക്‌സ് ഫ്യുവല്‍ ആണോ, ഫെയ്‌സ് ലിഫ്റ്റ് ആണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. പുതിയ മോഡല്‍ ഒരു ഫ്‌ളെക്‌സ് ഫ്യുവല്‍ മോഡല്‍ അല്ലെങ്കില്‍ സിബിജി മോഡല്‍ ആകാനാണ് സാധ്യത. കംപ്രസ്ഡ് ബയോഗ്യാസ് മോഡലിന് വേണ്ടി മാരുതി മുന്‍കൈയെടുക്കുകയാണ്. അതിനാല്‍ ഒരു സിബിജി പതിപ്പും പരീക്ഷണ ഘട്ടത്തിലുണ്ടാകാം. വിക്ടോറിസിനെ സംബന്ധിച്ചിടത്തോളം, ഈ മിഡ് സൈസ് എസ് യുവി 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രാള്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. 102 ബിഎച്ച്പി കരുത്തും 139 എന്‍എം ടോര്‍ക്കുമാണ് ഇത് ഉല്‍പ്പാദിപ്പിക്കുന്നത്. 10.5 ഇഞ്ച് സെന്റര്‍ സ്‌ക്രീന്‍, ഡോല്‍ബി അറ്റ്‌മോസ് ഓഡിയോ, പനോരമിക് സണ്‍റൂഫ്, ലെവല്‍ 2 അഡാസ്, എന്നിവയാണ് ഇതിന്റെ പ്രധാന ഫീച്ചറുകള്‍.

1983ല്‍ തുര്‍ക്കിഷ് ഭാഷയില്‍ ആദ്യമായി പ്രസിദ്ധീകരിച്ച പുസ്തകം ടെസര്‍ ഓസ്ലുവിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. യൂറോപ്പിലൂടനീളം ഒറ്റയ്ക്ക് അലയുന്ന സ്ത്രീ അവരുടെ ജീവിതത്തെയും എഴുത്തിനെയും ഏറ്റവും ആഴത്തില്‍ സ്വാധീനിച്ച ഇറ്റാലോ സെവോ, ഫ്രാന്‍സ് കാഫ്ക, സിസേര്‍ പവേസ് എന്നി എഴുത്തുകാരുടെ കാലടിപ്പാടുകളെ പിന്തുടരുകയാണ്. മാത്രമല്ല, ബെര്‍ലിന്‍, ഹാംബര്‍ഗ്, പ്രാഗ്, വിയന്ന, സാഗ്രെബ്, ബെല്‍ഗ്രേഡ് എന്നീ നഗരങ്ങളിലേക്കുള്ള യാത്രയുമുണ്ട്. സിസേര്‍ പവേസ് ജനിച്ച അതേ ദിവസമാണ് താന്‍ ജനിച്ചതെന്ന് ഒരു വേള അവര്‍ മനസ്സിലാക്കുന്നതോടെയാണ് നോവല്‍ ആരംഭിക്കുന്നത്. എഴുത്തുകാരിയുടെ സങ്കീര്‍ണമായ ആത്മസഞ്ചാരത്തിലൂടെയാണ് ഈ രചന വികസിക്കുന്നത്. യാത്രയും ഫിക്ഷനുമായി രൂപപ്പെടുത്തിയ ആത്മകഥാപരമായ നോവല്‍. ‘യാത്ര ജീവിതത്തിന്റെ അങ്ങേയറ്റത്തേക്ക്’. വിവര്‍ത്തനം – കരുണാകരന്‍. ഗ്രീന്‍ ബുക്സ്. വില 247 രൂപ.

ഇന്ത്യയിലെ കുട്ടികളിലെ അപര്യാപ്തമായ ശാരീരിക വളര്‍ച്ചയും മോശം ജീവിതശൈലിയും അവരുടെ അസ്ഥികളുടെ ബലത്തെ സാരമായി ബാധിക്കുന്നതായി ആരോഗ്യ വിദഗ്ധര്‍. കുട്ടികള്‍ പുറത്തിറങ്ങി കളിക്കുന്നതിന് പകരം പൂര്‍ണമായും വീടിനുള്ളില്‍ തന്നെ ഒതുങ്ങിക്കൂടുന്നതും സ്‌ക്രീന്‍ ഉപയോഗം വര്‍ധിക്കുന്നതുമാണ് പുതിയ തലമുറയെ ഗുരുതരമായ അസ്ഥിപ്രശ്നങ്ങളിലേക്ക് നയിക്കുന്നത്. നഗരങ്ങളിലെ കുട്ടികള്‍ കൂടുതല്‍ സമയവും ടാബ്ലെറ്റുകളിലും ഫോണുകളിലുമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇത് മൂലം കുട്ടികള്‍ ചെറുപ്പത്തിലെ തന്നെ അസ്ഥിക്ഷയം പോലെയുള്ള പ്രശ്നങ്ങളുടെ വക്കിലാണെന്നും 30കളില്‍ ഇവര്‍ 60 വയസുള്ളവരുടെ അസ്ഥികളുടെ അവസ്ഥയിലേക്ക് എത്തിപ്പെടുന്നുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 18 വയസിനുള്ളിലാണ് ഒരു വ്യക്തിയുടെ അസ്ഥികളുടെ ഭൂരിഭാഗം വളര്‍ച്ചയും കരുത്തും രൂപപ്പെടുന്നത്. എന്നാല്‍ അഞ്ച് മണിക്കൂറിലധികം നീളുന്ന സ്‌ക്രീന്‍ ടൈമും വെളിച്ചം കുറഞ്ഞ മുറികളിലെ ജീവിതവും കാരണം കുട്ടികള്‍ക്ക് നിര്‍ണായകമായ ഈ വളര്‍ച്ചാ ഘട്ടം നഷ്ടമാകുന്നു. വിറ്റാമിന്‍ ഡിയുടെ കുറവും ഇതിനൊരു പ്രധാന കാരണമായി ഡോക്ടര്‍മാര്‍ പറയുന്നു. കുട്ടിക്കാലത്ത് അസ്ഥികളുടെ ബലം കൃത്യമായി ഉറപ്പുവരുത്തേണ്ടത് ഭാവിയിലെ ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. അതിനാല്‍ മാതാപിതാക്കള്‍ കുട്ടികളെ ഔട്ട്ഡോര്‍ ഗെയിമുകളിലേക്കും ശാരീരിക വ്യായാമങ്ങളിലേക്കും തിരികെ കൊണ്ടുവരണം.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 95.15, പൗണ്ട് – 127.10, യൂറോ – 106.68, സ്വിസ് ഫ്രാങ്ക് – 115.35, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 66.90, ബഹറിന്‍ ദിനാര്‍ – 252.94, കുവൈത്ത് ദിനാര്‍ -306.23, ഒമാനി റിയാല്‍ – 247.48, സൗദി റിയാല്‍ – 25.41, യു.എ.ഇ ദിര്‍ഹം – 25.91, ഖത്തര്‍ റിയാല്‍ – 26.17, കനേഡിയന്‍ ഡോളര്‍ – 67.91.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *