37,700 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോ പ്ലാറ്റ്ഫോംസ് പ്രാരംഭ ഓഹരി വില്‍പ്പനയ്ക്കെത്തുന്നു. ഇതോടെ രാജ്യം കണ്ട ഏറ്റവും വലിയ ഐ.പി.ഒ.യാകും ജിയോ പ്ലാറ്റ്ഫോംസിന്റേത്. ദസറയോടനുബന്ധിച്ച് ഒക്ടോബര്‍ 21-ന് സബ്സ്ക്രിപ്ഷന് ആരംഭിക്കും. ലിസ്റ്റിങ് ഉള്‍പ്പെടെയുള്ള എല്ലാ ഐ.പി.ഒ. നടപടികളും ഒക്ടോബര്‍ 30-ന് മുമ്പ് പൂര്‍ത്തിയാക്കും. 2024ല്‍ നടന്ന ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ 27,859 കോടിയുടെ ഐ.പി.ഒ. റെക്കോഡിനെയും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ 22,562 കോടിയുടെ ഇഷ്യൂവിനെയും മറികടന്ന് ഇത് ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒ.യാകും. 2006-ല്‍ റിലയന്‍സ് പെട്രോളിയം ലിസ്റ്റ് ചെയ്തതിനുശേഷം രണ്ടു പതിറ്റാണ്ടിനിടെ റിലയന്‍സ് ഗ്രൂപ്പില്‍നിന്നുള്ള ആദ്യ പബ്ലിക് ഇഷ്യൂവാണിത്. അനുബന്ധ സ്ഥാപനമായ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിന്റെ 27,500 കോടി രൂപയോളം വരുന്ന കടം മുന്‍കൂട്ടി തിരിച്ചടയ്ക്കാനാകും തുക വിനിയോഗിക്കുക.
