വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്ഫോമിലെ സൗജന്യമായിരുന്ന ചില സന്ദേശങ്ങള്‍ക്ക് ഇനി മുതല്‍ വാണിജ്യ സ്ഥാപനങ്ങള്‍ പണം നല്‍കേണ്ടിവരും. സൊല്യൂഷന്‍ പ്രൊവൈഡര്‍മാരും നേരിട്ട് സംയോജിപ്പിച്ച ബിസിനസ്സുകളും തങ്ങളുടെ മെസ്സേജിങ് അക്കൗണ്ടുകളില്‍ 2026 സെപ്റ്റംബര്‍ 30-നകം ഒരു പേയ്‌മെന്റ് രീതി ചേര്‍ക്കണമെന്ന് മെറ്റ അറിയിച്ചു. അല്ലാത്ത പക്ഷം 2026 ഒക്ടോബര്‍ 1ന് നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ മെറ്റ ഈ സേവന സന്ദേശങ്ങള്‍ നിര്‍ത്തിവയ്ക്കും. പരിമിതമായ എണ്ണം സന്ദേശങ്ങള്‍ സൗജന്യമാവുമെങ്കിലും ഓര്‍ഡര്‍ സ്ഥിരീകരിക്കുക, ഡെലിവറി അപ്ഡേറ്റുകള്‍ അയയ്ക്കുക എന്നീ യൂട്ടിലിറ്റി സന്ദേശങ്ങള്‍ക്ക് 24 മണിക്കൂര്‍ പരിധിക്കുള്ളില്‍ അയച്ചാല്‍ പോലും മെറ്റ നിശ്ചിത തുക ഈടാക്കും. സാധാരണ വാട്സാപ്പ് ഉപയോക്താക്കളേയോ, വാട്സ്ആപ്പ് ബിസിനസ് ആപ്പ് ഉപയോക്താക്കളേയോ ബാധിക്കുന്ന മാറ്റമല്ല. മറിച്ച് വാട്‌സ്ആപ്പിന്റെ ബിസിനസ് പ്ലാറ്റ്ഫോമിന്റെ ഉപയോക്താക്കളായ വാണിജ്യസ്ഥാപനങ്ങള്‍ക്കാണ് ബാധകമാവുക.
വാട്സ്ആപ്പ് ബിസിനസ് സന്ദേശങ്ങള്‍ക്ക് പണം നല്‍കണം
