സംസ്ഥാനത്ത് മഴ കനക്കുന്നു. അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്ക് ഇടുക്കി കോട്ടയം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇവിടെ തീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.മണിക്കൂറിൽ നാൽപ്പത് കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്.
വൈദ്യുതി ഉപഭോഗം വർധിച്ചതിനാൽ കേരളത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. മധ്യപ്രദേശിൽ നിന്നുള്ള 200 മെഗാവാട്ട് വൈദ്യുതി ലഭിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. വൈകുന്നേരം 6:15 മുതൽ രാത്രി 12:45 വരെയുള്ള സമയത്ത് വൈദ്യുതി നിയന്ത്രണ ഉണ്ടായേക്കും
കേരള സർവകലാശാലയിൽ കലാലയ രാഷ്ട്രീയം നിരോധിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി റോജി വ്യക്തമാക്കി. പുറത്തുവന്നത് ചർച്ചകൾക്കായി തയ്യാറാക്കിയ കരട് രേഖ മാത്രമാണെന്നും വിദ്യാർഥി രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ നയമെന്നും മന്ത്രി പറഞ്ഞു
8, 9, 10 ക്ലാസുകളിലെ സബ്ജക്ട് മിനിമം മാർക്ക് ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനെതിരെ വി. ശിവൻകുട്ടി രംഗത്ത്. അക്കാഡമിക് ചർച്ചകളില്ലാതെയുള്ള ഈ നീക്കം പൊതുവിദ്യാഭ്യാസത്തെ തകർക്കുമെന്നും വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് സ്മാർട്ട് പി ഡി എസ് പദ്ധതിയുടെ ഭാഗമായി ആറുമാസമായി റേഷൻ വാങ്ങാത്ത കാർഡുകൾ ഡീആക്ടിവേറ്റ് ചെയ്യാൻ സിവിൽ സപ്ലൈസ് വകുപ്പ് തീരുമാനിച്ചു. ഡീആക്ടിവേറ്റ് ചെയ്ത കാർഡുകൾ വീണ്ടും സജീവമാക്കാൻ മൂന്ന് മാസത്തിനകം ഇ-കെവൈസി പൂർത്തിയാക്കേണ്ടതുണ്ട്. ഒന്നിലധികം കാർഡുകളിൽ പേരുള്ളവരെയും ആധാർ പരിശോധനയിലൂടെ കണ്ടെത്തി ഒഴിവാക്കും.
ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിനായി കെഎസ്ആർടിസി കാർഗോ സേവനങ്ങൾ ആരംഭിക്കുന്നു. ഇതിന്റെ ആദ്യഘട്ടമായി 7-8 ടൺ ശേഷിയുള്ള അഞ്ച് വാഹനങ്ങൾ ലീസ് വ്യവസ്ഥയിൽ ലഭ്യമാക്കാൻ ടെൻഡർ ക്ഷണിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ മാതൃക പഠിച്ചാണ് ഈ പുതിയ പദ്ധതി നടപ്പിലാക്കുന്നത്.
കനത്ത മഴയെ തുടർന്ന് ഇടുക്കി വട്ടവടയിൽ മണ്ണിടിച്ചിൽ. സംഭവത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. കൊട്ടക്കമ്പൂർ അമ്മൻ കോവിലിന് സമീപമാണ് അപകടം ഉണ്ടായത്. കൊട്ടക്കമ്പൂർ സ്വദേശിയായ ബാലകൃഷ്ണൻ, സഹോദരി എന്നിവരാണ് മരിച്ചത്. ഇവരുടെ വീടിൻ്റെ ഷെഡിന് മുകളിലേയ്ക്ക് മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു.
ചവറയിലെ സ്കൂളിൽ കുട്ടികളെക്കൊണ്ട് എസ്എഫ്ഐ ‘പൂക്കി’ ബാനർ പിടിപ്പിച്ചതിൽ വിവാദം. മുഖ്യമന്ത്രിയെ അപമാനിച്ചെന്ന് ആരോപിച്ച് കെഎസ്‌യു പൊലീസിൽ പരാതി നൽകി. എന്നാൽ ‘പൂക്കി’ എന്നത് പോസിറ്റീവായ വാക്കാണെന്ന് പറഞ്ഞ് ഡിവൈഎഫ്ഐയും എസ്എഫ്ഐയും ഇതിനെ ന്യായീകരിച്ചു
കൊല്ലം കരുനാഗപ്പള്ളിയിൽ മഫ്തിയിൽ പ്രതിയെ പിടികൂടാനെത്തിയ പോലീസുകാർക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ കാപ്പ പ്രതിയെയും കൂട്ടിയാണ് അടൂരിലെ പോലീസ് സംഘം പ്രതിയെ പിടികൂടാൻ പോയതെന്ന് രഹസ്യാന്വേഷണ വിഭാഗം. ഇതുമായി ബന്ധപ്പെട്ട് പത്തനംതിട്ട എസ്പിക്ക് റിപ്പോർട്ട് നൽകി.
കടം കൊടുത്ത ലോട്ടറി ടിക്കറ്റിന്‍റെ പണം ആവശ്യപ്പെട്ടതിലുള്ള വിരോധത്തെ തുടർന്ന് ലോട്ടറി വിൽപ്പനക്കാരനെ കത്രികകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. ചേന്ദമംഗലം തെക്കുംപുറം പോട്ടശ്ശേരി സുമേഷ് (49) ആണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ പറവൂർ തെക്കുംപുറം ആറുകണ്ടത്തിൽ എആർ രാജേഷ് (58) പിടിയിലായി.
പത്തനംതിട്ട മല്ലപ്പള്ളി മേഖലയിൽ സെമിത്തേരിയിൽ നിന്ന് ഗ്രാനൈറ്റ് മോഷണം നടത്തിയ കള്ളന്മാർ ഒടുവിൽ പിടിയിൽ. മല്ലപ്പള്ളിയിൽ ഗ്രാനൈറ്റ് വില്പന നടത്തുന്നവർ ആണ് പിടിയിലായവർ. തമിഴ്നാട് സ്വദേശി ജലാൽ സുന്ദർ, പശ്ചിമ ബംഗാൾ സ്വദേശി സുർജിത് , മല്ലപ്പള്ളി പാടിമൺ സ്വദേശി സജിത്ത് എന്നിവരാണ് പിടിയിലായത്.
മുഖ്യമന്ത്രിയടക്കം പല പ്രമുഖർക്കും എസ്ഐആർ നടപടി പ്രകാരം നോട്ടീസയച്ചത് വലിയ ചർച്ചയായ പശ്ചാത്തലത്തിൽ പ്രതികരണവുമായി ദില്ലി തെരഞ്ഞെടുപ്പ് കമ്മീഷൻ. അർഹതയുള്ള ആരും എസ്ഐആറിലൂടെ പുറത്താവില്ലെന്ന് കമ്മീഷൻ പ്രസ്താവനയിലൂടെ അറിയിച്ചു.
ഹൈദരാബാദിലെ മൻസൂറാബാദിൽ റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച മൂന്ന് വയസ്സുകാരൻ കാറിടിച്ച് മരിച്ചു. സെപ്റ്റംബർ 13-ന് നടന്ന ഈ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ജുവനൈൽ ജസ്റ്റിസ് ആക്ട് 2015ലെ സെക്ഷൻ 21 ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിവേദനം. സി എം ശ്രീ സ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മാളവിക ആർ തീക്കാടൻ ആണ് നിവേദനം നൽകിയത്.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം തീരുവ ഏർപ്പെടുത്താനുള്ള അമേരിക്കൻ നീക്കത്തിൽ ആശങ്കയോടെ ഇന്ത്യൻ കയറ്റുമതി രംഗം. ഉയർന്ന തീരുവ താങ്ങാനാവില്ലെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ അറിയിച്ചു.
