രാജ്ഭവൻ ഉപരോധ സമരത്തിൽ പങ്കെടുക്കാത്ത ജയരാജനെ തിരഞ്ഞ മാധ്യങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട് ഇ പി ജയരാജൻ.അസുഖം ബാധിച്ച് ചികിത്സയിലായതിനാലാണ് ഗവർണർക്കെതിരെ ഇടതുമുന്നണി നടത്തിയ സമരത്തിൽ പങ്കെടുക്കാതിരുന്നതെന്ന് ഇടത് മുന്നണി കൺവീനർ പറഞ്ഞു. അസാന്നിധ്യം വാർത്തയായതിനെ തുടർന്ന് സ്വന്തം വീട്ടിൽ വാർത്താ സമ്മേളനം നടത്തി കാര്യം വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ചികിത്സാർത്ഥം തനിക്ക് പാർട്ടി ലീവ് അനുവദിച്ചിരിക്കുകയാണെന്നും നേരത്തെ നിശ്ചയിച്ച ചില പരിപാടികളിൽ ചികിത്സയ്ക്കിടെ പങ്കെടുത്തു എന്നു മാത്രമേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അത് ആരോഗ്യ നില കൂടുതൽ വഷളാക്കി. തിരുവനന്തപുരത്തെ പരിപാടിയിൽ പങ്കെടുക്കാൻ കഴിയുമോ എന്ന് പാർട്ടി സെക്രട്ടറി ചോദിച്ചിരുന്നു. പ്രമുഖ നേതാക്കൾ പങ്കെടുത്തിരുന്നതിനാൽ തന്റെ അസാന്നിധ്യം ഒരു പ്രശ്നമായി വരില്ല എന്ന് കരുതി.
കണ്ണൂരിലെ പ്രതിഷേധത്തിൽ പാർട്ടി പിബി അംഗം എംഎ ബേബി ഉണ്ടായിരുന്നു. അതിനാൽ കണ്ണൂരിലും പങ്കെടുത്തില്ല ,ജയരാജൻ പറഞ്ഞു. പാർട്ടി തഴയുന്നതിനാൽ താൻ ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്തില്ല എന്ന് പറയുന്നതിൽ അടിസ്ഥാനമില്ല. പി ബി അംഗം എന്ന നിലയിലുള്ള ചുമതലകൾ നിർവ്വഹിക്കാൻ കഴിയുന്നില്ല, പി ബി അംഗത്വത്തിന് അർഹൻ എം വി ഗോവിന്ദൻ തന്നെയാണ് എന്നും ജയരാജൻ കൂട്ടിച്ചേർത്തു.
തിരുവനന്തപുരം കോർപറേഷനിലെ നിയമന വിവാദം അടിസ്ഥാന രഹിതമായ ആരോപണമാണ്. കോർപ്പറേഷനിലെ ഇപ്പോഴത്തെ സമരങ്ങൾ പൊലീസിന്റെ ജോലി തടസപ്പെടുത്താനേ സഹായിക്കൂവെന്നും ജയരാജൻ പറഞ്ഞു.പാർട്ടി ജില്ല സെക്രട്ടറിക്ക് പാർട്ടി അംഗം കത്ത് അയക്കുന്നതിൽ എന്താണ് തെറ്റെന്ന് അദ്ദേഹം ചോദിച്ചു. നിയമ വിരുദ്ധമായി ഒരു കാര്യവും അവിടെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സുധാകരൻ ബിജെപിയിൽ ചേരാൻ ചർച്ചയ്ക്കായി ചെന്നൈ വരെ പോയിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. തന്നെ ആക്രമിക്കാനും സുധാകരൻ ആർ എസ് എസുകാരെയാണ് അയച്ചതെന്ന് ഇപി കുറ്റപ്പെടുത്തി. കോൺഗ്രസിനെ ആർ എസിന്റെ കയ്യിൽ എത്തിക്കലാണ് സുധാകരന്റെ ദൗത്യം. ന്യൂനപക്ഷത്തിന് കോൺഗ്രസിൽ രക്ഷയില്ല. മുസ്ലിം ലീഗ് ലീഗ് ശരിയായ നിലപാട് സ്വീകരിക്കണം എന്നാണ് പറയാനുള്ളതെന്നും ഇപി ജയരാജൻ പറഞ്ഞു.