വിവാദ പ്രസ്താവനകൾക്ക് വിശദീകരണം നൽകിയിട്ടും പിന്തുണ കിട്ടാത്തതിനാൽ രാജി സന്നദ്ധത അറിയിച്ച് രാഹുൽ ഗാന്ധിക്ക് സുധാകരൻ കത്തയച്ചു എന്ന വാർത്ത നിഷേധിച്ച് രമേശ് ചെന്നിത്തല. താൻ സുധാകരനുമായി സംസാരിച്ചെന്ന് അദ്ദേഹം പറഞ്ഞു. കറ കളഞ്ഞ മതേതരവാദിയായ സുധാകരന് അതിൽ ബിജെപിയുടെയോ സിപിഎമ്മിന്റെയോ സർട്ടിഫിക്കറ്റ് വേണ്ടെന്ന് ചെന്നിത്തല പറഞ്ഞു.’കോൺഗ്രസിന്റെ അടിസ്ഥാന നയം മതേതരത്വമാണ്. ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിലെ ഒരു വാചകത്തിലുണ്ടായ നാക്കുപിഴയാണിവിടെ വിവാദമായത്. പിഴവുണ്ടായെന്ന കാര്യം ഏറ്റുപറയുമ്പോൾ പിന്നെ വിവാദം ആവശ്യമില്ല.
കറ തീർന്ന മതേതരവാദിയായാണ് സുധാകരൻ ഇതുവരെയും കോൺഗ്രസിൽ പ്രവർത്തിച്ചതും നിലപാടുകൾ സ്വീകരിച്ചതും. മാധ്യമങ്ങൾ കുത്തി ചോദിക്കുമ്പോൾ അദ്ദേഹം ക്ഷുഭിതനായി കാണാം. പ്രസ്താവനയിൽ ചില ആശങ്കകളുണ്ട്. അക്കാര്യം സംസാരിക്കുന്നുണ്ട്. വിഷയത്തിൽ മുസ്ലിം ലീഗിന്റെ ആശങ്കയിൽ തെറ്റുപറയാനാകില്ല. ഇക്കാര്യം ചർച്ച ചെയ്യും. പ്രതിപക്ഷ നേതാവിനും ഇക്കാര്യത്തിൽ മറ്റൊരഭിപ്രായം ഉണ്ടെന്ന് തോന്നുന്നില്ല എന്നും രമേശ് പറഞ്ഞു.