മദ്ധ്യാഹ്ന വാർത്തകൾ 20260910 125119 0000

 

 

മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കണമെന്ന് ഇഡിയുടെ ശുപാർശ കത്തിൽ ഹവാല ഇടപാടിൻ്റെ വിവരങ്ങളും. വീണ 20.5 കോടിയുടെ ഇടപാട് നടത്തിയെന്നും വിദേശത്തേക്ക് പണം അയച്ചെന്നും ഇഡി നൽകിയ വിവരങ്ങളിൽ പറയുന്നു. ഇടപാട് നടന്നത് റിയാസുമായുള്ള വിവാഹശേഷമാണ്. ബാങ്ക് രേഖകൾ സഹിതമുള്ള തെളിവുകൾ ആണ് ഇഡി ഡിജിപിക്ക് കൈമാറിയത്.

 

ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട ഹവാല തെളിവുകളെക്കുറിച്ചുള്ള വിവരങ്ങളിൽ പ്രതികരണവുമായി മുൻ മന്ത്രി മുഹമ്മദ് റിയാസ്. ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട മാധ്യമവാർത്ത തള്ളിയ മുഹമ്മദ് റിയാസ്, തന്നെ വ്യക്തിഹത്യ ചെയ്യാൻ ഇഡി മെനഞ്ഞ കള്ളക്കഥയാണിതെന്നും ഇത്തരം കാര്യങ്ങൾ ഇഡിക്ക് മുന്നിൽ വീണ സമ്മതിച്ചുവെന്നത് പച്ചക്കള്ളമാണെന്നും വ്യക്തമാക്കി.

 

കേരളം കണ്ട ഏറ്റവും വലിയ അഴിമതിയും കൊള്ളയുമാണ് മാസപ്പടി കേസിൽ പുറത്തുവരാനിരിക്കുന്നതെന്ന് മാത്യു കുഴൽനാടൻ. അധികാരത്തിന്റെ തണലിൽ എന്തും ചെയ്യാമെന്ന് ധരിച്ചവർക്കുള്ള ശക്തമായ പാഠമായിരിക്കും ഈ കേസ്. അഴിമതിപ്പണം കടത്താനും കള്ളപ്പണം വെളുപ്പിക്കാനുമുള്ള ശ്രമങ്ങളുടെ കൂടുതൽ വിവരങ്ങൾ ഉചിതമായ സമയത്ത് പുറത്തുവരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

 

മുൻ മന്ത്രി മുഹമ്മദ് റിയാസിനെതിരായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) കണ്ടെത്തലിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും എൽഡിഎഫിനെ ബാധിക്കില്ലെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.

 

മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിൽ പ്രതികരിച്ച് മുഹമ്മദ് റിയാസ് എംഎൽഎ. സിഎംആർഎല്ലും വീണയും തമ്മിലുള്ളത് നിയമപരമായ പണമിടപാട് ആണെന്നും വീണയിൽ നിന്ന് സേവനം കിട്ടിയിട്ടില്ല എന്ന് സിഎംആർഎൽ എംഡിയോ ഉദ്യോഗസ്ഥരോ മൊഴി നൽകിയിട്ടില്ലെന്നും മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 

ഇഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് മുഹമ്മദ് റിയാസിനെതിരെ മൊഴി നൽകിയതെന്ന് സുഹൃത്തായ ഹസ്സൻ വാരിസ്. ഇഡിക്ക് നൽകിയ മൊഴി പിൻവലിക്കാൻ വാരിസ് സത്യവാങ് മൂലം നൽകി. മകളെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് മൊഴി നൽകിയെന്ന് ഹസ്സൻ വാരിസ് സത്യവാങ്മൂലത്തിൽ പറയുന്നു.

 

മെസിയെ എത്തിക്കാനെന്ന പേരിൽ നടന്ന ഇടപാടുകളിൽ 25.78 കോടിയുടെ നികുതി വെട്ടിപ്പെന്ന് ജിഎസ്ടി പ്രത്യേക സംഘത്തിന്റെ റിപ്പോർട്ട്. സ്പോൺസറിൽ നിന്ന് നികുതി ഈടാക്കുന്നത് ഉദ്യോഗസ്ഥർ മനപ്പൂർവം വൈകിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. സ്പോണ്‍സറിൽ നിന്ന് നികുതി ഉടൻ ഈടാക്കണമെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്.

 

മെസിയെ കേരളത്തിൽ കൊണ്ടുവരാനെന്ന പേരിൽ നടന്ന തട്ടിപ്പിൽ പ്രാഥമിക അന്വേഷണം രജിസ്റ്റർ ചെയ്ത് എസ്ഐടി. എഡിജിപി പി വിജയൻെറ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രാഥമിക അന്വേഷണം രജിസ്റ്റർ ചെയ്തത്. മെസിയുടെ കൊണ്ടുവരാനെന്ന പേരിൽ നടന്ന എല്ലാ കാര്യങ്ങളും അന്വേഷിക്കുന്നതിന് വേണ്ടി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ടെന്നും അതിൻ്റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം രജിസ്റ്റർ ചെയ്യുന്നുവെന്നാണ് എസ്ഐടി നിലപാട്.

 

പി.എം. ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീൻ പിലാക്കൽ വ്യക്തമാക്കി. മുൻ നിലപാടുകളിൽനിന്ന് സംഘടന പിന്നോട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

 

നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി യുവാവ് ഗൗതം കൃഷ്‌ണൻ്റെ അമ്മ രേഷ്മ സര്‍ക്കാരിനെതിരെ രംഗത്ത്. ജോലി നൽകണമെന്ന ആവശ്യത്തിൽ തുടർ നടപടികൾ ഉണ്ടായില്ലെന്നും നിരന്തര അവഗനയാണ് സർക്കാരിൽ നിന്ന് ഉണ്ടാകുന്നതെന്നും രേഷ്മ പറഞ്ഞു.

 

വൈദ്യുതി പ്രതിസന്ധി ഈ മാസം 15ന് പരിഹാരം എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പാകാൻ സാധ്യതയില്ല.സംസ്ഥാനത്ത് മഴ ലഭിക്കുന്നതോടെ വൈദ്യുതി ഉപയോഗത്തിലും കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ.

 

സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ലെന്ന് റിപ്പോർട്ട്. പതിനായിരത്തിന് മുകളി‌ലാണ് പ്രതിദിന രോഗികളെന്നാണ് കണക്ക്. ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണവും കുത്തനെ ഉയർന്നു. ചൊവാഴ്ച മാത്രം 147 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഈ മാസം ഇതുവരെ 1014 രോഗികളെയാണ് കണ്ടെത്തിയത്. 6 മരണവും റിപ്പോർട്ട് ചെയ്തു.

 

മുൻ വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടിയെ പരിഹസിച്ച് മന്ത്രി സണ്ണി ജോസഫ്. ദീർഘകാല കരാറുകൾ നഷ്ടമായത് ഏകോപനത്തിന്റെ കുറവായിരിക്കുമെന്നും ഏകോപനം ഇല്ലെന്ന് പറഞ്ഞതിന് നന്ദിയെന്നും സണ്ണി ജോസഫ് പരിഹസിച്ചു.

 

ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത. എംഎൽഎ ആയതിനാൽ കൂടുതൽ നടപടികൾ ഒഴിവാക്കും. ചിറയിൻകീഴിലെ പ്രാദേശിക നേതൃത്വവുമായി യോജിച്ചു പോകാനും പാർട്ടി നിർദേശം നൽകും. അതേസമയം, എം എം ഹസ്സൻ അധ്യക്ഷനായ സമിതി കെപിസിസിക്ക് ഇന്ന് റിപ്പോർട്ട് നൽകും.

 

പി എസ് സി ക്രമക്കേടിൽ ഉദ്യോ​ഗസ്ഥർക്ക് സംഭവിച്ചത് ​ഗുരുതര വീഴ്ചയെന്ന് ക്രൈംബ്രാഞ്ച്. മൂല്യനിർണയ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോ​ഗസ്ഥരുടെ ഭാ​ഗത്തുനിന്നും വീഴ്ചയുണ്ടായതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഈ ഉദ്യോ​ഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്ക് ക്രൈംബ്രാഞ്ച് ശുപാർശ ചെയ്തിട്ടുണ്ട്.

 

മൈക്രോ ഫിനാൻസ് കേസിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരാകാത്തതിൽ അതൃപ്തി പ്രകടമാക്കി ഹൈക്കോടതി. അഡീഷണൽ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരായി പ്രോസിക്യൂഷൻ അനുമതി തീരുമാനം അറിയിക്കാത്തതിലാണ് വിമർശനം. അഡീഷണൽ ചീഫ് സെക്രട്ടറിയോട് നാളെ ഹാജരാകാൻ കോടതി നിർദേശം നൽകി.

 

18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന ഹർജിയിൽ കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടീസ്. കുട്ടികൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ അക്കൗണ്ട് തുറക്കുമ്പോൾ മാതാപിതാവിന്റെ നിർബന്ധിത സമ്മതവും ഇ-കെവൈസി (e-KYC) ഉൾപ്പെടെയുള്ള സ്ഥിരീകരണവും വേണമെന്നാണ് ആവശ്യം.

 

ബാങ്കുകളെ കബളിപ്പിച്ച് മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ മലപ്പുറത്ത് പ്രതി അറസ്റ്റിലായി. ഏമങ്ങാട് സ്വദേശി കറുത്തേടത്ത് അസ്കറിനെയാണ് (49) വണ്ടൂർ പോലീസ് പിടികൂടിയത്.

 

തൃശൂർ പാറളത്ത് അവിശ്വാസം പാസായതോടെ ബിജെപിക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടമായി. കോൺഗ്രസിനെ എൽഡിഎഫ് പിന്തുണച്ചതോടെയാണ് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്.

 

ഇന്ത്യയും ജപ്പാനും തമ്മിലുള്ള പ്രതിരോധ സഹകരണത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് ജാപ്പനീസ് വ്യോമസേനയുടെ ആദ്യ സംഘം ഇന്ത്യയിലെത്തി. ‘വീർ ഗാർഡിയൻ 2026’ എന്ന് പേരിട്ടിരിക്കുന്ന സംയുക്ത വ്യോമാഭ്യാസത്തിൽ പങ്കെടുക്കാനാണ് സംഘം എത്തിയിരിക്കുന്നത്. സെപ്തംബര്‍ 22 വരെയാണ് ഇന്ത്യൻ വ്യോമസേനയുമായി ചേർന്നുള്ള ഈ പ്രഥമ അഭ്യാസം നടക്കുക.

 

വൈദ്യുതി വകുപ്പിൽ ഗുരുതര വീഴ്ചയെന്ന് മുൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി.കെഎസ്ഇബിയിൽ മാനേജ്‌മെന്റും മന്ത്രിയുടെ ഓഫീസും റെഗുലേറ്ററി കമ്മീഷനും തമ്മിൽ ഒരു ഏകോപനവുമില്ലെന്നാണ് മുൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി പ്രതികരിച്ചത്.

 

സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി ഇന്നു മുതൽ മഴയെത്തിയേക്കും. ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ നാല് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

 

ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷികളായ കോൺഗ്രസും നാഷണൽ കോൺഫറൻസും തമ്മിൽ വന്ദേമാതരം ആലാപനച്ചൊല്ലി പോര് രൂക്ഷമാകുന്നു. ജമ്മു കശ്മീർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനിടെ ദേശീയ ഗീതം മുഴുവനായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദമാണ് ഇരുപാർട്ടികളും തമ്മിലുള്ള വാഗ്വാദത്തിലേക്ക് വഴിതുറന്നിരിക്കുന്നത്.

 

തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യ്ക്ക് രൂക്ഷ മറുപടിയുമായി ഡിഎംകെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ. തന്നെ അവഹേളിച്ചാലും ചരിത്രം തിരുത്താനാകില്ലെന്ന് സ്റ്റാലിൻ മറുപടി നൽകി. ജയിലിലെ മർദനത്തിൽ തന്റെ താടിയെല്ല് പൊട്ടിയെന്ന് പറഞ്ഞ സ്റ്റാലിൻ, താടിയിൽ തട്ടി തന്നെ കളിയാക്കിയത് ‘കറക്റ്റ്’ ആണെന്നും പറഞ്ഞു.

 

ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ഭിന്നത തുടരുന്നു. പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം കടുക്കുന്നത് സംയുക്ത പ്രഖ്യാപനത്തെയും ബാധിക്കുന്നു. യുഎഇക്കും സൗദിക്കും ഇറാനും ഇടയിൽ ആണ് പ്രധാന തർക്കം. പശ്ചിമേഷ്യൻ സംഘർഷത്തെ കുറിച്ചുള്ള പ്രസ്താവനയിലെ നിലപാടിനെ ചൊല്ലിയാണ് തർക്കം.

 

അമേരിക്കയിൽ ഇടക്കാല തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായതിനിടെ വോട്ടർമാരെ കയ്യിലെടുക്കാൻ വമ്പൻ വാഗ്ദാനവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് വിജയം നേടാനായാൽ, രാജ്യത്തെ പ്രായപൂർത്തിയായ ഓരോ പൗരനും 5000 ഡോളർ (ഏകദേശം നാല് ലക്ഷത്തിലധികം ഇന്ത്യൻ രൂപ) വീതം നൽകുമെന്ന് ട്രംപിന്റെ പ്രഖ്യാപനം.

 

പശ്ചിമേഷ്യയിൽ സാഹചര്യം സങ്കീർണമാകുന്നതിനിടെ ഇറാൻ്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ യുഎസിന് ഒന്നിലധികം സൈനിക വിമാനങ്ങൾ നഷ്ടമായതായി റിപ്പോർട്ട്. ജോർദാനിലെ അൽ അസ്രക്കിലുള്ള യുഎസിൻ്റെ വ്യോമസേനാ താവളത്തിന് നേരെ നടത്തിയ ആക്രമണത്തിലാണ് സൈനിക വിമാനങ്ങൾക്ക് കേടുപാട് സംഭവിച്ചതെന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള സിബിഎസ് ന്യൂസിൻ്റെ റിപ്പോർട്ട്.

 

അണുവായുധ നിർമ്മാണം തടയുന്നതിനുള്ള രാജ്യാന്തര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വൻ വീഴ്ച വരുത്തിയ ഇറാനെതിരെ നടപടി വേണമെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (ഐഎഎഇഎ) ഐക്യരാഷ്ട്രസഭയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. ആണവപരിശോധനകളോട് പൂർണ്ണമായും നിസ്സഹകരിക്കുന്ന ഇറാന്റെ നയത്തിനെതിരെ നയതന്ത്രതലത്തിൽ കടുത്ത അമർഷമാണ് ഉയർന്നുവരുന്നത്.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *