യു.എസ് ഉപരോധം നീങ്ങിയിട്ടും ഇറാന്റെ കോടിക്കണക്കിന് ബാരല്‍ എണ്ണ കടലില്‍ കപ്പലുകളിലായി കെട്ടിക്കിടക്കുന്നു. ജൂലൈ ഒന്നിലെ കണക്കനുസരിച്ച് 5.8 കോടിയിലധികം ബാരല്‍ ഇറാനിയന്‍ ക്രൂഡ് ഓയിലാണ് കെട്ടിക്കിടക്കുന്നത്. ഇതില്‍ 90 ശതമാനത്തിലധികം എണ്ണയും വാങ്ങാന്‍ ആരും മുന്നോട്ടു വന്നിട്ടില്ല. എണ്ണക്കപ്പലുകള്‍ ലക്ഷ്യബോധമില്ലാതെ യാത്ര ചെയ്യുകയാണ്. ഓഗസ്റ്റ് പകുതി വരെയേ ഇറാനു വിപണി കണ്ടെത്താന്‍ സമയമുള്ളൂ. ഈ സമയത്തിനുള്ളില്‍ എണ്ണ വിറ്റഴിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇറാന് വലിയ വരുമാന നഷ്ടമുണ്ടാക്കും. ഇറാന്റെ എണ്ണ കൂടുതലായി വാങ്ങിയിരുന്നത് ചൈനയാണ്. ഇപ്പോഴും ചൈന എണ്ണ വാങ്ങല്‍ തുടരുന്നുണ്ടെങ്കിലും ഡിമാന്‍ഡ് കുറഞ്ഞു. ഇറാന്‍ തങ്ങളുടെ എണ്ണയ്ക്ക് ആകര്‍ഷകമായ വിലക്കിഴിവ് പ്രഖ്യാപിക്കുകയാണെങ്കില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഡിമാന്‍ഡ് പെട്ടെന്ന് ഉയര്‍ന്നേക്കാം. ലാഭം ലക്ഷ്യമിട്ട് പല റിഫൈനറികളും നിലവിലുള്ള കരാറുകള്‍ മാറ്റിനിര്‍ത്തി കുറഞ്ഞ വിലയിലുള്ള ഇറാനിയന്‍ ക്രൂഡ് വാങ്ങാന്‍ താല്‍പ്പര്യം കാണിച്ചേക്കുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.
വാങ്ങാന്‍ ആളില്ലാതെ ഇറാന്റെ കോടിക്കണക്കിന് ബാരല്‍ എണ്ണ
