Screenshot 20260423 140814

ഇന്ന് ചേരുന്ന നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ സംബന്ധിച്ച് ഏകകണ്ഠമായ തീരുമാനം ഉണ്ടായില്ലെങ്കിൽ അന്തിമ തീരുമാനമെടുക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം പാസാക്കി. ഞായറാഴ്ചയോടെ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

‎കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിലെ തീരുമാനം വൈകിയേക്കും. മുഖ്യമന്ത്രിയും ഘടകകക്ഷി മന്ത്രിമാരും ആയിരിക്കും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. ഹൈക്കമാൻഡിന്‍റെ കർശന മേൽനോട്ടത്തിൽ ആയിരിക്കും മന്ത്രിമാരെ തീരുമാനിക്കുകയെന്നാണ് വിവരം.

‎മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള എഐസിസി നിരീക്ഷകരുടെ കൂടിക്കാഴ്ച്ച തുടരുന്നു. കെ സുധാകരൻ, വിഎം സുധീരൻ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങി പ്രമുഖ നേതാക്കളുമായി നിരീക്ഷകർ കൂടിക്കാഴ്ച്ച നടത്തി.

‎മുഖ്യമന്ത്രിപ്പോരിൽ ഘടകകക്ഷി നേതാക്കളുമായി എഐസിസി നിരീക്ഷകർ ചർച്ച നടത്തും. ഇന്ന് വൈകുന്നേരം നാലരക്കാണ് ചർച്ച നടക്കുക. ഇതിനായി ലീഗ് നേതാക്കളടക്കം തലസ്ഥാനത്തേക്ക് പുറപ്പെട്ടു.

‎മുഖ്യമന്ത്രി സ്ഥാനത്തിൽ അയയാതെ വിഡി സതീശൻ. തന്നെ പരിഗണിച്ചില്ലെങ്കിൽ മറ്റ് സ്ഥാനമാനങ്ങൾ വേണ്ടെന്ന നിലപാടിലാണ് സതീശൻ. വി എസിൻ്റെയും മോദിയുടെയും ഉദാഹരണം ചൂണ്ടിക്കാട്ടി ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സതീശൻ ഇക്കാര്യം വ്യക്തമാക്കിയത്.

‎വിഡി സതീശന്‍റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനത്തിനാണ് ജനം വോട്ട് ചെയ്തതെന്നും മുഖ്യമന്ത്രിയെ തീരുമാനിക്കുമ്പോള്‍ ഇക്കാര്യം കണക്കിലെടുക്കണമെന്നും എഐസിസി നിരീക്ഷകരെ അറിയിക്കാൻ ലീഗ് നേതൃത്വത്തിന്റെ തീരുമാനം.

‎കോൺഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചയിൽ വി ഡി സതീശനെ പിന്തുണച്ചതിൽ മുസ്ലിം ലീഗിനെതിരെ മാത്യു കുഴൽനാടൻ. മുസ്ലിം ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ലെന്നും തിരിച്ചും അങ്ങനെയാകണമെന്ന് മാത്യു കുഴൽനാടൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

‎കേരളത്തിലെ കോൺഗ്രസിനെ സജീവമാക്കുന്നതിൽ വി.ഡി. സതീശൻ എന്ന പ്രതിപക്ഷ നേതാവ് വഹിക്കുന്ന പങ്കിനെ ആദരിക്കുമ്പോഴും, കെ.സി. വേണുഗോപാലിനെ തരംതാഴ്ത്താൻ ശ്രമിക്കുന്ന സൈബർ പ്രവണതകൾ തിരുത്തപ്പെടേണ്ടതാണെന്ന് മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ എംപി വിൻസന്റ്.

‎വി ഡി സതീശൻ എന്ന നേതാവിനെ അല്ലാതെ രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ ഞങ്ങൾക്കാവില്ലെന്ന് നടൻ സിദ്ദിഖ്. ഒരു സാമുദായിക നേതാക്കളുടെയും തിണ്ണ നിരങ്ങാത്ത, ഒരു നിലപാടെടുത്താൽ അതിൽ ഉറച്ചു നിൽക്കുന്ന, ഒരേ ഒരു നേതാവാണ് സതീശനെന്നും സിദ്ദിഖ് പറയുന്നു.

‎നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ തിരുത്തൽ നിർദേശങ്ങളുമായി സിപിഎമ്മിന്‍റെ രണ്ടാം നിര നേതൃത്വം. പാർട്ടി അണികളെ കേട്ടു മാത്രമെ മുന്നോട്ട് പോകാനാകു എന്ന് സംസ്ഥാന സെക്രട്ടേറിയേറ്റിലെ യുവനിര വ്യക്തമാക്കി.

‎തെരഞ്ഞെടുപ്പിന് പിന്നാലെ വർക്കല ഇടവയിൽ സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം രൂക്ഷമായി. ഫ്ലക്സ് ബോർഡുകളും കൊടിമരങ്ങളും നശിപ്പിച്ചതിനെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഇരുവിഭാഗത്തെയും നിരവധി പേർക്ക് പരിക്കേറ്റു. സംഭവത്തിൽ അയിരൂർ പോലീസ് ഇരുവിഭാഗങ്ങൾക്കെതിരെയും കേസെടുത്തു.

‎തെരഞ്ഞെടുപ്പിലെ വിജയാഹ്ലാദത്തിന്റെ പേരിൽ ആടിന്റെ തലയറുത്ത് പ്രദർശിപ്പിച്ച മുസ്‌ലിം ലീഗ് പ്രവർത്തകർക്കെതിരെ കെടി ജലീൽ. തലയെടുക്കാൻ ധൈര്യമുള്ളവർക്ക് മുമ്പോട്ടു വരാം അവസാന ശ്വാസം വരെയും പൊരുതുമെന്ന് കെടി ജലീൽ പറഞ്ഞു.

‎നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ശേഷം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ‘പിഎം ശ്രീ’ പദ്ധതി നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കും. പദ്ധതി അംഗീകരിക്കുന്നതിനായി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കത്തയക്കും.

‎രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവല്ല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസെടുത്ത് നാലുമാസം ആവുമ്പോഴാണ് എസ്ഐടി കുറ്റപത്രം സമർപ്പിക്കുന്നത്.

‎ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകി.. എറണാകുളം ജില്ല വിട്ട് പുറത്ത് പോകാൻ അനുവദിക്കണമെന്നാണ് ആവശ്യം.

‎ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായി മക്കയിലെത്തുന്ന ഇന്ത്യൻ സംഘത്തിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കി ഇന്ത്യൻ ഹജ്ജ് മിഷൻ. ഇന്ത്യൻ കോൺസൽ ജനറലിന്റെ നേതൃത്വത്തിൽ ഹറമൈൻ റെയിൽവേ സ്റ്റേഷനിലും താമസ കെട്ടിടങ്ങളിലും പരിശോധന നടത്തി, തീർത്ഥാടകർക്ക് സുഗമമായ അനുഭവം ഉറപ്പാക്കി.

‎ഇടുക്കി പൂപ്പാറയിൽ പന്നിയാർ പുഴ കയ്യേറി നിർമ്മിച്ച ക്ഷേത്രവും, പള്ളിയും പൊളിക്കുന്നു. 88 കെട്ടിടങ്ങളാണ് പൊളിച്ചു നീക്കേണ്ടത്. സംഘർഷ സാധ്യത കണക്കിലെടുത്ത് ശാന്തൻപാറ പോലിസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

‎ഓപ്പറേഷൻ സിന്ദൂരിൻ്റെ ഒന്നാം വാർഷികത്തിൽ സൈനികരെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യൻ സൈന്യം സമാനതകളില്ലാത്ത ധൈര്യവും കൃത്യതയും ദൃഢനിശ്ചയവും പ്രകടിപ്പിച്ചുവെന്ന് മോദി പറഞ്ഞു.

‎തമിഴ്നാട്ടിൽ ടിവികെ ഭൂരിപക്ഷം തെളിയിച്ചില്ലെങ്കിൽ എഐഎഡിഎംകെ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുമെന്ന് റിപ്പോർട്ട്. എടപ്പാടിയെ മുഖ്യമന്ത്രി ആക്കിയുള്ള ഫോർമുലയാണ് പരിഗണനയിലുള്ളത്.

‎തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ തമിഴക വെട്രി കഴകത്തിന് (ടി.വി.കെ) സർക്കാർ രൂപീകരിക്കാൻ അവസരം നൽകണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടു.

‎തന്റെ മന്ത്രിസ്ഥാനം വെറുമൊരു ‘ലോലിപോപ്പ്’ മാത്രമായിരുന്നുവെന്നും സീനിയര്‍ കായിക മന്ത്രി അരൂപ് ബിശ്വാസ് തന്നെ നിരന്തരം അപമാനിക്കുകയും പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുകയും ചെയ്തുവെന്നും തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരാജയത്തിന് പിന്നാലെ പാര്‍ട്ടി വിട്ട മുന്‍ ക്രിക്കറ്റ് താരവും കായിക മന്ത്രിയുമായ മനോജ് തിവാരി.

‎മമത ബാനർജിയുടെ വിശ്വസ്തരായ ഉന്നത ഉദ്യോഗസ്ഥർ രാജിവെച്ചു. മുൻ ചീഫ് സെക്രട്ടറിമാരായ ആലാപൻ ബന്ദോപാധ്യായ, എച്ച്.കെ. ദ്വിവേദി എന്നിവരാണ് മുഖ്യ ഉപദേശക സ്ഥാനങ്ങൾ രാജിവെച്ചത്.

‎തമിഴ്നാട്ടിൽ ടിവികെ സർക്കാർ രൂപീകരിക്കട്ടെ എന്ന് എം കെ സ്റ്റാലിൻ. ഞങ്ങൾ കാത്തിരിക്കുമെന്നും 6 മാസം എല്ലാം നിരീക്ഷിക്കും, ഭരണഘടനാപ്രതിസന്ധിയോ ഉടൻ മറ്റൊരു തെരഞ്ഞെടുപ്പോ ഡിഎംകെ ആഗ്രഹിക്കുന്നില്ല. സ്റ്റാലിൻ സർക്കാർ തുടങ്ങിയ പദ്ധതികൾ തുടരണമെന്നും സ്റ്റാലിൻ പ്രതികരിച്ചു.

‎കോൺഗ്രസ് മുസ്ലീം ലീഗായെന്ന അസമിലെ എഐയുഡിഎഫ് നേതാവ് ബദറുദീൻ അജ്മലിന്റെ പ്രസ്താവന ആയുധമാക്കി ബിജെപി. ഇനി പാർലമെന്റിൽ മുസ്ലീം ലീഗിനെ മുഖ്യ പ്രതിപക്ഷമായി നേരിടുമെന്ന് കിരൺ റിജിജു പറഞ്ഞു.

‎തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സംഘർഷങ്ങൾക്കിടെ ബഷീർഹാട്ടിൽ ബിജെപി പ്രവർത്തകനായ രോഹിത് റോയിക്ക് വെടിയേറ്റു. പാർട്ടി പതാക ഉയർത്തുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നും തൃണമൂൽ കോൺഗ്രസാണ് പിന്നിലെന്നും ബിജെപി ആരോപിച്ചു.

‎സിറിയയിലെ തീവ്രവാദ ക്യാംപുകളിൽ വർഷങ്ങളായി കഴിഞ്ഞിരുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ കുടുംബാംഗങ്ങളായ വനിതകളും കുട്ടികളും തിരികെ ഓസ്‌ട്രേലിയയിലേക്ക് യാത്രതിരിച്ചു. നാല് സ്ത്രീകളും ഒമ്പത് കുട്ടികളുമടങ്ങുന്ന 13 അംഗ സംഘമാണ് സിറിയയിലെ റോജ് ക്യാമ്പിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയത്.

‎തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് നേതാവ് ഖലിൽ അൽ-ഹയ്യയുടെ മകൻ അസം അൽ-ഹയ്യക്ക് ഗുരുതരമായി പരിക്കേറ്റു. ഈ ആക്രമണത്തിൽ മറ്റ് അഞ്ച് പേർ കൊല്ലപ്പെട്ടതായും ഹമാസ് അറിയിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *