വേനല്‍ക്കാലത്ത് അമീബിക് മസ്തിഷ്‌ക ജ്വരം വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. ശുദ്ധമല്ലാത്ത വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. നിശ്ചലവും ശുദ്ധീകരിക്കാത്തതുമായ ജലാശയങ്ങളില്‍ ചാടുന്നത്, മുങ്ങുന്നത് എന്നിവ ഒഴിവാക്കുക. നീന്തുമ്പോള്‍ അല്ലെങ്കില്‍ മുങ്ങേണ്ടി വരുന്ന സാഹചര്യങ്ങളില്‍, നോസ് ക്ലിപ്പ് ഉപയോഗിക്കുക, അല്ലെങ്കില്‍ മൂക്ക് വിരലുകളാല്‍ മൂടുക. സ്പ്രിങ്കളറുകള്‍, ഹോസുകള്‍ എന്നിവയില്‍ നിന്നും വെള്ളം മൂക്കിനുള്ളില്‍ പതിക്കുന്ന സാഹചര്യം ഒഴിവാക്കുക എന്നിവയെല്ലാം ഇതിനുള്ള പ്രതിരോധ മാര്‍ഗങ്ങളാണ്. വെള്ളത്തില്‍ കാണുന്ന സൂക്ഷ്മ ജീവികളായ അക്കാന്തമീബ, നെഗ്ലേറിയ ഫൗളേറി എന്നിവ മൂലമാണ് അമീബിക് മസ്തിഷ്‌ക ജ്വരം ഉണ്ടാകുന്നത്. ചൂടേറിയ തടാകങ്ങള്‍, കുളങ്ങള്‍, മലിനമായ നീന്തല്‍ കുളങ്ങള്‍ എന്നിവയില്‍ ഇത് കണ്ടുവരാന്‍ സാധ്യതയുണ്ട്. ഈ അമീബ മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിച്ച് മസ്തിഷ്‌കത്തെ ബാധിക്കുന്നു. രോഗ പ്രതിരോധ ശേഷി കുറഞ്ഞ ആള്‍ക്കാര്‍ക്ക് ദേഹത്തുള്ള മുറിവുകളിലൂടെയും അക്കാന്തമീബ നാഡീ വ്യൂഹത്തേയും മസ്തിഷ്‌കത്തേയും ബാധിക്കുവാനുള്ള സാധ്യതയുണ്ട്. തീവ്രമായ പനി, പെട്ടെന്നുള്ള ജ്വരം, തലവേദന, ഛര്‍ദി, കഴുത്തുവേദന, ബോധക്ഷയം, വെളിച്ചം കാണുമ്പോള്‍ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍.
വേനല്‍ക്കാലത്ത് അമീബിക് മസ്തിഷ്‌ക ജ്വരത്തിന് സാധ്യത
